മണാലിയിലേക്കൊരു ട്രിപ്പ്, പക്ഷേ കയ്യില്‍ പണമില്ല; കടക്കാരനെ തോക്കുകാട്ടി വിരട്ടി കവര്‍ച്ച, പ്രതികള്‍ പിടിയിൽ
ദില്ലി: മണാലിയിലേക്ക് ട്രിപ്പ് പോകാന്‍ കടയുടമയെ കൊള്ളയടിച്ച സംഘം പിടിയില്‍. ദില്ലിയിലെ സുല്‍ത്താന്‍ പൂരിയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷിക്കാന്‍ വേണ്ടിയാണ് ആറംഗ സംഘം തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. സംഘത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരും വികാസ് (18), ഹര്‍ഷ് (18), സൗരവ് (18), ഹിമേഷ് (19) എന്നീ യുവാക്കളുമാണ് ഉണ്ടായിരുന്നത്. ഇവര്‍ മംഗോള്‍പൂരി സ്വദേശികളാണ്.
വെള്ളിയാഴ്ചയാണ് കടയുടമ പരാതിയുമായി സുല്‍ത്താന്‍ പുരിയിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിയില്‍ പറയുന്നതനുസരിച്ച് 7-8 യുവാക്കള്‍ കടയിലേക്ക് അതിക്രമിച്ച് കയറുകയും തോക്കുകാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയുമായിരുന്നു എന്നാണ്. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തു. കടയുടമയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും തോക്കും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കേസിലെ പ്രതികളിലൊരാളായ വികാസ് കൊലപാതക കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Read More: മാട്രിമോണി സൈറ്റിൽ പരിചയപ്പെട്ട റിട്ട.കേണലിനെതിരെ കയ്യേറ്റം; യുവതിക്കെതിരെ പരാതി നല്‍കി കേണൽ