ബംഗളൂരു-കൊല്ലം ബസ്, ആരും സംശയിക്കില്ലെന്ന് കരുതി! പക്ഷേ പണിപാളി, രഹസ്യ വിവരത്തിൽ പൊലീസ് കാത്തിരുന്നു, പിടികൂടി
ആലപ്പുഴ: ബംഗളൂരുവിൽ നിന്ന് ബസിൽ കടത്തുകയായിരുന്ന 107 ഗ്രാം എം ഡി എം എ ചേർത്തല പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശി സുഭാഷിനെ അറസ്റ്റു ചെയ്തു. ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യാത്ര എന്ന ബസിൽ നിന്നാണ് ലഹരിമരുന്ന് പിടി കൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് രാവിലെ എട്ടരയോടെ ചേർത്തല റെയിൽവെ സ്റ്റേഷനുമുന്നിൽ ദേശീയ പാതയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അലുമിനിയം ഫോയിൽ കവറിൽ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ജീൻസിന്റെ പോക്കറ്റിലാണ് എം ഡി എം എ സൂക്ഷിച്ചിരുന്നത്. ബംഗളൂരുവിൽ സ്ഥിര താമസക്കാരനായ ഇയാൾ സ്ഥിരമായി ലഹരി മരുന്ന് കടത്തുന്ന ആളാണെന്ന് സൂചനയുണ്ട്. കരുനാഗപ്പള്ളിയിലേക്കാണ് ഇയാൾ ടിക്കറ്റെടുത്തിരുന്നത്.
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മകൻ കഞ്ചാവ് കേസിൽ പ്രതിയായതിന്‍റെ പേരിൽ വീട്ടിലുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു എന്നതാണ്. കേസിന്‍റെ അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ പരാതിക്കാരിയായ വട്ടപ്പാറ സ്വദേശിനിക്ക് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാമെന്നും കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ ഉത്തരവിൽ പറഞ്ഞു. 2023 ജൂലൈ 15 ന് വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും വീട്ടിൽ അതിക്രമിച്ച് കയറി പരാതിക്കാരിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് മനുഷ്യാവകാശ കമ്മീഷനിൽ ലഭിച്ച പരാതി. റൂറൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ മകനെതിരെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ക്രൈം 1057/23 കേസ് രജിസ്റ്റർ ചെയ്തതായും മകന് കഞ്ചാവ് കച്ചവടവുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിൽ നിയമപ്രകാരം പരിശോധന നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പരാതിക്കാരിയെ മർദിച്ചത് സംബന്ധിച്ച പരാമർശമൊന്നും റിപ്പോർട്ടിലില്ല. ഇതോടെയാണ് പരാതിക്കാരിയുടെ മകൻ പ്രതിയായ കേസ് നിയമപരമായ മാർഗത്തിലൂടെ പരിഹാരം കാണണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ നിർദേശിച്ചത്.