പ്രസവം ഒരു ചെറിയ കാര്യമല്ല, എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു തന്നെയാകണം? വിദഗ്ധ എഴുതുന്നു
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ചതിന്‍റെ ആഘാതത്തിലാണ് നാട്. മലപ്പുറം ജില്ലയിൽ വീട്ടിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കണക്കിലെടുത്ത് ക്യാമ്പയിനുമായി ജില്ലാ ആരോഗ്യ വകുപ്പ്. ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴിന് വിവിധ പരിപാടികൾ നടത്താനാണ് ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നത്. ഈ വർഷം മാത്രം മലപ്പുറം ജില്ലയിൽ മാത്രം 155 പേർ വീട്ടിൽ പ്രസവിച്ചുവെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. 2020ൽ 199, 2021ൽ 257, 2022ൽ 258, 2023ൽ 266, 2024ൽ 253 പ്രസവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു തന്നെയാകണം, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയക്ടറായ ഡോ. വി മീനാക്ഷി ഏഴുതുന്നു…
പ്രസവം ഏത് സമയത്തും അതിസങ്കീർണമായേക്കാം. അത് യഥാസമയം കൈകാര്യം ചെയ്യാനുള്ള സൗകര്യം ഉറപ്പുവരുത്തണം. പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കണം. ഏകദേശം 50 വർഷങ്ങൾക്കു മുമ്പ് വരെ ആശുപത്രി സൗകര്യങ്ങൾ കുറവായിരുന്ന കാലത്തെ പ്രസവം നടക്കുക പലപ്പോഴും വീടുകളിൽ ആയിരുന്നു. പ്രസവത്തെ തുടർന്ന് അമ്മ, കുഞ്ഞ് എന്നിവർ മരിക്കുന്നത് സാധാരണ സംഭവമായിരുന്നു. മാതൃമരണം, ശിശുമരണം എന്നിവ അക്കാലങ്ങളിൽ പലമടങ്ങായിരുന്നു. ഇതിനെ തുടർന്നാണ് ആളുകൾ പ്രസവത്തിന് ആശുപത്രികൾ തന്നെ തിരഞ്ഞെടുക്കാൻ തുടങ്ങിയത്. 1951ൽ ഇന്ത്യയിൽ ഒരു ലക്ഷം സ്ത്രീകൾ പ്രസവിക്കുമ്പോൾ ആയിരം പേർ മരണമടഞ്ഞിരുന്നു എന്നാണ് മുദലിയാർ കമ്മിറ്റി റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ അത് 97 ആണ്. കേരളത്തിൽ ഇത് 19 ആണ് (എസ് ആർ. എസ് -2018-19)
മുൻപൊക്കെ സിനിമകളിൽ പ്രസവം അത് വീട്ടിലായാലും ആശുപത്രിയിലായാലും കുടുംബത്തിലെ എല്ലാവർക്കും സംഘർഷഭരിതമായ രംഗമായാണ് ചിത്രീകരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ വൈദ്യശാസ്ത്രത്തിന്റെ വളർച്ചയോടെ സംഘർഷഭരിതമായ പ്രസവ രംഗങ്ങൾ ശുഭമുഹൂർത്തങ്ങൾ ആയി മാറിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ സിനിമകളിൽ പോലും പ്രസവസമയത്ത് കുഞ്ഞോ അമ്മയോ മരിക്കുന്നത് നാം കാണാറില്ല.
അപകടങ്ങൾ കുറഞ്ഞപ്പോൾ പ്രസവം തീരെ ലളിതമാണെന്നും ആശുപത്രിയിൽ പോകേണ്ട കാര്യമൊന്നുമില്ല എന്നൊരു തോന്നൽ വളരെ ന്യൂനപക്ഷം ആളുകൾക്കെങ്കിലും തോന്നിത്തുടങ്ങുന്ന പ്രതിലോമകരമായ അവസ്ഥ ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പക്ഷേ ഇത് അപകടകരമാണെന്ന് പറയാതിരിക്കാൻ വയ്യ. പ്രസവിക്കുമ്പോൾ സംഭവിക്കാവുന്ന അപകടങ്ങൾ ശരിയായി കൈകാര്യം ചെയ്യാൻ വൈദ്യശാസ്ത്രത്തിനും നമ്മുടെ ആശുപത്രി സംവിധാനങ്ങൾക്കും കഴിയുന്നു എന്നതുകൊണ്ടാണ് നമുക്ക് പലപ്പോഴും ഇത് അത്ര ലളിതമായ ഒരു കാര്യമായി തോന്നുന്നത്. യഥാർത്ഥത്തിൽ ശരിയായ സംവിധാനങ്ങൾ ഇല്ലെങ്കിൽ മുമ്പുള്ള അപകടങ്ങൾ ഇപ്പോഴും സംഭവിക്കാവുന്നതേയുള്ളൂ.
പ്രസവത്തോട് അനുബന്ധിച്ച അപകട സാധ്യതകൾ എന്തെല്ലാം
1. അമിത രക്‌തസ്രാവം
പ്രസവസമയത്ത് അമിത രക്തസ്രാവം ആർക്കൊക്കെ ഉണ്ടാകാം എന്നതിന് ചില സൂചകങ്ങൾ ഉണ്ടെങ്കിൽ പോലും ആ അപകടം എപ്പോൾ ആർക്കൊക്കെ സംഭവിക്കാം എന്ന് പൂർണമായും പ്രവചിക്കാൻ കഴിയില്ല. മാതൃ മരണങ്ങളുടെ കാരണങ്ങളിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് അമിത രക്തസ്രാവം,അമിത രക്തസമ്മർദ്ദം, അണുബാധ തുടങ്ങിയവയാണ്. ഇവ തടയാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ് നിയന്ത്രിക്കുകയും ചെയ്യുകയാണ് സാധാരണ ഒരു ആശുപത്രി ലേബർ റൂമിൽ പരിശീലനം സിദ്ധിച്ച ഡോക്ടർമാരും നഴ്സുമാരും ചെയ്യുന്നത്. അണുവിമുക്തമായ ഉപകരണങ്ങളും മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള മുൻകരുതലും ഒരുക്കിയാണ് പ്രസവ മുറികളിൽ ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.
പ്രസവശേഷം സാധാരണയായി ഹോർമോൺ പ്രവർത്തനത്തിൽ ഗർഭപാത്രം ചുരുങ്ങും. എന്നാൽ ചില സ്ത്രീകൾക്ക് ഇത് ചുരുങ്ങാതെ വന്നാൽ അമിതമായി രക്തം പുറത്തുവരുന്ന പ്രശ്നം ഉണ്ടാകും. അപ്പോൾ കൃത്യസമയത്ത് ശരിയായ ചികിത്സ കിട്ടാതെ വന്നാൽ അമിതമായ രക്തസ്രാവം ഉണ്ടാവുകയും മരണകാരണമാവുകയും ചെയ്യാം. ഇതുകൂടാതെ അമിതമായ വിളർച്ച ഒന്നിലധികം കുഞ്ഞുങ്ങളെ ഗർഭം ധരിക്കുക എന്നീ അവസ്ഥകൾ ഉള്ളവർക്കും പ്രസവസമയത്ത് അമിത രക്തസ്രാവം ഉണ്ടാകാം.
കുഞ്ഞു പിറന്നതിനുശേഷം മറുപിള്ള (പ്ലാസന്റ) പുറത്തു വരുന്നതിനു മുമ്പുള്ള സമയത്ത് അമിത രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത മനസ്സിലാക്കി മരുന്നു നൽകുന്നതാണ് ലേബർ റൂമുകളിൽ ജീവൻ രക്ഷാപ്രവർത്തനമായി മാറുന്നത്. ഗർഭപാത്രം ചുരുങ്ങാനുള്ള മരുന്നാണ് നൽകുന്നത്. ഇത് ലഭ്യമായി തുടങ്ങിയതിൽ പിന്നെയാണ് മാതൃമരണങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞത്. വീട്ടിൽ പ്രസവിക്കുന്ന ഒരു സ്ത്രീക്ക് അവിടെ ഈ മരുന്ന് നൽകാൻ കഴിയില്ല. മരുന്നിന്‍റെ ഡോസ് കൊടുക്കുന്ന രീതിയൊക്കെ ഒരു ഡോക്ടർക്കേ നിശ്ചയിക്കാൻ കഴിയൂ.
ഗർഭകാലത്ത് മറ്റു സങ്കീർണ്ണതകൾ ഒന്നും കണ്ടെത്താൻ കഴിയാത്തവരിലും പ്രസവാനന്തരം അമിത രക്തസ്രാവം ഉണ്ടാകാം. എന്നാൽ ഇത് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കാത്തതും ആണ്. ഇത് യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ നൽകുന്നതിന് പരിശീലനം സിദ്ധിച്ച ഒരു ഡോക്ടർക്ക് മാത്രമേ കഴിയൂ.
2. ദീർഘമായ പ്രസവം
എല്ലാ പരിശോധന ഫലങ്ങളും നോർമൽ ആണെങ്കിലും ചില സ്ത്രീകൾക്ക് പെട്ടെന്ന് പ്രസവം തടസ്സപ്പെടാൻ സാധ്യതയുണ്ട്. നല്ല ശ്രദ്ധ പുലർത്തിയാൽ മാത്രമേ ഇത് തിരിച്ചറിയാൻ കഴിയൂ. മണിക്കൂറുകൾ നീളുന്ന പ്രസവ സമയത്ത് കുഞ്ഞു പുറത്തേക്ക് വരുന്ന ഇടുപ്പെല്ലിലൂടെയുള്ള സഞ്ചാര പാതയിൽ തടസ്സം വരുന്നതാണ് ഈ സ്ഥിതി. കുഞ്ഞിന്റെ വലിപ്പ കൂടുതൽ കൊണ്ട് സഞ്ചാര പാതയുടെ വ്യാപ്തി കുറവുകൊണ്ടോ സഞ്ചാരപാതയിൽ ശരിയായ ദിശയിലല്ലാതെ കുഞ്ഞു പ്രവേശിക്കുന്നത് കൊണ്ടുമൊക്കെ ഇത് സംഭവിക്കാം. പരിചയസമ്പന്നനായ ഒരു ഡോക്ടർക്ക് മാത്രമേ ഇത് കൃത്യസമയത്ത് കണ്ടെത്തി സിസേറിയൻ ഉൾപ്പെടെ അടിയന്തര ചികിത്സ നൽകാൻ കഴിയൂ.
എന്നാൽ ഇത് വകവയ്ക്കാതെ പ്രസവ വേദനയുണ്ടായാൽ സ്വയം പ്രസവിക്കും പുഷ് ചെയ്താൽ മതി എന്ന് കരുതിയാൽ ചിലപ്പോൾ ഗർഭപാത്രം തന്നെ പിളർന്നുപോകും. ഈ അവസ്ഥയിൽ അമ്മയും കുഞ്ഞും മരിക്കാൻ സാധ്യത ഏറെയാണ്
കുഞ്ഞ് ഏറെനേരം അമ്മയുടെ ഗർഭപാത്രത്തിൽ കുടുങ്ങി ക്കിടക്കുന്നത് മനസ്സിലാക്കാതിരുന്നാൽ ഓക്സിജൻ തലച്ചോറിൽ എത്തുന്നത് കുറഞ്ഞു ഹൈപോക്സിയ ഉണ്ടാകാം. ഈ അവസ്ഥയിൽ കുഞ്ഞിനെ ജീവനോടെ കിട്ടിയാലും തലച്ചോറിന്റെ പ്രവർത്തനക്ഷമത കുറഞ്ഞു ബുദ്ധിമാന്ദ്യം സംഭവിക്കാനും സെറിബ്രൽ പാഴ്സി പോലുള്ളവ ഉണ്ടാകാനും സാധ്യതയുണ്ട് ഇത് ഒഴിവാക്കാൻ പ്രസവം ആശുപത്രിയിലാക്കുന്നതാണ് ഉത്തമം.
3. രക്‌താതിമർദ്ദം
പ്രസവത്തിന് മുമ്പ് രക്തസമ്മർദ്ദം വളരെ സാധാരണമായിരുന്നവരിൽ പോലും പ്രസവസമയത്തും അതിനുശേഷം അസാധാരണമായി രക്തസമ്മർദ്ദം കൂടുന്ന അവസ്ഥ വരാം. ഇതിന്റെ പ്രത്യാഘാതമായി അപസ്മാരം ഉൾപ്പെടെ ഉണ്ടാകാറുണ്ട്. അപൂർവമായി ആണെങ്കിലും പ്രസവത്തോട് അനുബന്ധിച്ചു ഉണ്ടാകാവുന്ന തലച്ചോറിലെ രക്തസ്രാവം, അപസ്മാരം എന്നിവ മാതൃ മരണത്തിന് കാരണമാകാം.
4. കുഞ്ഞിന്‍റെ ഹൃദയമിടിപ്പ്, വ്യതിയാനങ്ങൾ
പ്രസവം മുന്നേറുമ്പോൾ കൃത്യമായി ഇടവേളകളിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നോക്കുന്നത് വളരെ പ്രധാനമാണ്. ഇലക്ട്രോണിക് ഫീറ്റൽ മോണിറ്ററിംഗ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. പ്രശ്ന സാധ്യതയുള്ള കുഞ്ഞുങ്ങളിൽ തുടർച്ചയായ പരിശോധന ആവശ്യമാണ്. കുഞ്ഞിന്റെ ഹൃദയമിടിപ്പ് അമിതമായി കുറഞ്ഞു വരികയാണെങ്കിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ രക്ഷിക്കേണ്ടതായി വരും.
5. അണുബാധ
പ്രസവത്തോട് അനുബന്ധിച്ച് അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാൻ സാധ്യതയുള്ള അണുബാധ തടയുന്നത് വളരെ പ്രധാനമാണ്. അതിനായി പ്രസവമുറിയും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമായാണ് സൂക്ഷിച്ചിരിക്കുന്നത്. അമ്മയ്ക്കോ കുഞ്ഞിനു അണുബാധയുണ്ടായാൽ യഥാസമയം ഫലപ്രദമായ ചികിത്സ നൽകാൻ സാധിച്ചില്ലെങ്കിൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയും മരണം വരെ സംഭവിക്കാനും കാരണമാകുന്നു. ആശുപത്രികളിൽ അണു ബാധ കൈകാര്യം ചെയ്യാൻ ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ വീട്ടിൽ പ്രസവിക്കുന്ന സാഹചര്യത്തിൽ ഇത്തരം സങ്കീർണതകൾ ഒഴിവാക്കാൻ പലപ്പോഴും സാധിക്കാതെ വരും.
സർക്കാർ ആശുപത്രികൾ
ഗർഭകാല പരിചരണവും അനുബന്ധ ചികിത്സയും അമ്മയ്ക്കും കുഞ്ഞിനും തികച്ചും സൗജന്യമായാണ് സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുന്നത്. ഇതിനുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലാ സർക്കാർ ആശുപത്രികളിലെയും പ്രസവ മുറി, ഓപ്പറേഷൻ തിയേറ്റർ എന്നിവയിൽ ഒരുക്കിയിട്ടുണ്ട്. ഇവ പ്രയോജനപ്പെടുത്തിയാൽ അമ്മയ്ക്കും കുഞ്ഞിനും മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താനും കേരളത്തിലെ ശിശുമരണ നിരക്കും മാതൃ മരണ നിരക്കും പരമാവധി കുറയ്ക്കാനും നമുക്ക് സാധിക്കുന്നതാണ്.
നിലവിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാതൃ മരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഇത് നമുക്ക് പ്രാപ്യമായത് ഗുണമേന്മയേറിയ ഗർഭകാലവും പ്രസവ ശുശ്രൂഷയും പ്രസവാനന്തര പരിചരണവും സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ഒരുപോലെ ലഭ്യമായതിനാലാണ്. കേരളത്തിൽ നടക്കുന്ന പ്രസവങ്ങളിൽ 99 ശതമാനത്തിലധികവും ആശുപത്രികളിൽ തന്നെയാണ് നടക്കുന്നത് എന്നതും കേരളത്തിലെ മാതൃ മരണ നിരക്കും ശിശുമരണ നിരക്കും കുറക്കുന്നതിന് ഏറെ സഹായകരമായിട്ടുണ്ട്.
പ്രസവത്തോട് അനുബന്ധിച്ച് ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന സങ്കീർണതകളായ അമിത രക്തസ്രാവം രക്താതി മർദ്ദം, അണുബാധ,കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം, തുടങ്ങിയവ യഥാസമയം കണ്ടെത്തി അവ തടയാനും അവിചാരിതമായി അപകടങ്ങൾ സംഭവിച്ചാൽ കൃത്യമായ ചികിത്സ നൽകി അമ്മയുടെയും കുഞ്ഞിന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാനും പ്രസവം ആശുപത്രികളിൽ തന്നെ നടക്കുന്നു എന്ന് ഉറപ്പിക്കേണ്ടതുണ്ട്. സർക്കാർ സംവിധാനങ്ങളും സാങ്കേതികവിദ്യകളും പരമാവധി പ്രയോജനപ്പെടുത്തി ജന്മം നൽകുന്ന വേളയിൽ തന്നെ ഒരു ജീവനും പൊലിയാതെ നോക്കാൻ നമുക്കേവർക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാം കുഞ്ഞോമന ജനിക്കുന്നത് ഏറ്റവും സുരക്ഷിതമായ സാഹചര്യങ്ങളിൽ ആണ് എന്ന് ഉറപ്പിക്കാം.