പ്രതാപത്തിലേക്ക് കുതിച്ചെത്തി ബിഎസ്എന്‍എല്‍; ആറ് മാസത്തിനിടെ 55 ലക്ഷം പുതിയ വരിക്കാര്‍

ദില്ലി: പൊതുമേഖലാ ടെലികോം ഓപ്പറേറ്റര്‍മാരായ ബി‌എസ്‌എൻ‌എൽ തങ്ങളുടെ നെറ്റ്‌വർക്ക് നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അടുത്തകാലത്തായി കമ്പനി താങ്ങാനാവുന്ന വിലയുള്ള പ്ലാനുകളും മറ്റും തുടർച്ചയായി അവതരിപ്പിക്കുന്നു. ഇക്കാരണങ്ങളാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ബി‌എസ്‌എൻ‌എൽ ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ നേടി.

സ്വകാര്യ കമ്പനികൾ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റീചാർജ് പ്ലാനുകളുടെ വിലകൾ വർധിപ്പിച്ചതോടെ, ബി‌എസ്‌എൻ‌എൽ ഒരു തിരിച്ചുവരവിന്‍റെ പാതയിലാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ആറ് മാസത്തിനിടെ ബി‌എസ്‌എൻ‌എൽ 5.5 ദശലക്ഷം പുതിയ ഉപഭോക്താക്കളെ നേടിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പാർലമെന്‍റില്‍ വ്യക്തമാക്കി. ബിഎസ്എന്‍എല്ലിന്‍റെ തിരിച്ചുവരവിന് തെളിവാകുകയാണ് ഈ പ്രഖ്യാപനം. ബി‌എസ്‌എൻ‌എല്ലിനെ ലാഭത്തിലേക്ക് നയിക്കാനും അതിന്‍റെ വരിക്കാരുടെ എണ്ണം വർധിപ്പിക്കാനുമുള്ള സർക്കാരിന്‍റെ തുടർച്ചയായ ശ്രമങ്ങളെ ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയിൽ ഊന്നിപ്പറഞ്ഞു. 2024 ജൂൺ മുതൽ 2025 ഫെബ്രുവരി വരെ കമ്പനിയുടെ വരിക്കാരുടെ എണ്ണം 85.5 ദശലക്ഷത്തിൽ നിന്ന് 91 ദശലക്ഷമായി വർധിച്ചതായി അദേഹം അഭിപ്രായപ്പെട്ടു.

ഏപ്രില്‍ ഉപഭോക്തൃ സേവന മാസം 

മെച്ചപ്പെട്ട ഉപഭോക്തൃ ബന്ധങ്ങൾക്കുള്ള പ്രതിബദ്ധത കണക്കിലെടുത്ത്, ബി‌എസ്‌എൻ‌എൽ ഏപ്രിൽ മാസത്തെ ‘ഉപഭോക്തൃ സേവന മാസ’മായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ഉപഭോക്തൃ ഫീഡ്‌ബാക്ക് ശേഖരിച്ച് സേവന നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.  എല്ലാ ബി‌എസ്‌എൻ‌എൽ സർക്കിളുകളും യൂണിറ്റുകളും ഈ സംരംഭത്തിൽ സജീവമായി പങ്കെടുക്കും.

‘കസ്റ്റമർ സർവീസ് മാസം’ ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം മൊബൈൽ നെറ്റ്‌വർക്കിന്റെ ഗുണനിലവാരം ഉയർത്തുകയും ബ്രോഡ്‌ബാൻഡ് സേവനങ്ങളിൽ കൂടുതൽ താൽപ്പര്യം വളർത്തുകയും ചെയ്യുക എന്നതാണ്. ഈ മാസം മുഴുവൻ, കമ്പനി വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഫീഡ്‌ബാക്ക് ശേഖരിക്കും. ഈ ഫീഡ്ബാക്കുകൾ ബി‌എസ്‌എൻ‌എൽ ചെയർമാൻ അവലോകനം ചെയ്യും.

4ജി വിന്യാസം പുരോഗമിക്കുന്നു 

ബി‌എസ്‌എൻ‌എൽ തങ്ങളുടെ നെറ്റ്‌വർക്ക് ശൃംഖല വർദ്ധിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. 2025 ജൂണോടെ 104,000 പുതിയ 4ജി ടവറുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്, ഇതിൽ 80,000 എണ്ണം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. 4ജി പദ്ധതി അന്തിമമായിക്കഴിഞ്ഞാൽ ബി‌എസ്‌എൻ‌എൽ 5ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ബി‌എസ്‌എൻ‌എല്ലിന്‍റെ 4ജി ടവറുകൾ  5ജിയിലേക്ക് എളുപ്പത്തിൽ അപ്‌ഗ്രേഡ് ചെയ്യാൻ തക്കവിധത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 5ജി കണക്റ്റിവിറ്റി പുറത്തിറക്കാൻ ബിഎസ്എൻഎൽ ഒരുങ്ങുകയാണ്, പൂനെ, കോയമ്പത്തൂർ, കാൺപൂർ, വിജയവാഡ, കൊല്ലം എന്നിവ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ ഇതിനകം പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

Read more: ബിഎസ്എന്‍എല്‍ 5ജി ഓരോ നഗരങ്ങളിലായി എത്തുന്നു; 61000 കോടി രൂപയുടെ സ്പെക്ട്രം അനുവദിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin