പാടാം പാടാമെന്ന് പറഞ്ഞ് തള്ളിക്കൊണ്ടുപോയി, ആരെങ്കിലും പ്രശ്നമുണ്ടാക്കുമോയെന്ന് പേടിച്ചെന്ന് കെ ജി മാർക്കോസ്

കൊച്ചി: കൊല്ലത്ത് ഉത്സവത്തോടനുബന്ധിച്ച് ക്രിസ്ത്യൻ ഭക്തി ഗാനം പാടിയത് ആളുകൾ നിർബന്ധിച്ചതു കൊണ്ടാണെന്ന് ഗായകൻ കെ ജി മാർക്കോസ്. മനുഷ്യ മനസുകളിൽ വിഷമില്ലാതാകുന്നത് കലാകാരനെന്ന നിലയിൽ സംതൃപ്തി നൽകുന്നു. നിലവിലെ സാഹചര്യത്തിൽ ഗാനമേളയിൽ ആളുകൾ പാട്ടുകൾ ആവശ്യപ്പെടുമ്പോൾ ആലോചിച്ച് മാത്രമേ പാടാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ഗാനങ്ങളിലെ ചില വാക്കുകളുടെ പേരിൽ അത് പാടരുതെന്ന് വിലക്കിയ അനുഭവവും ഉണ്ടായിട്ടുണ്ടെന്ന് മാർക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം’ എന്ന പാട്ട് കേൾക്കാത്ത മലയാളികളുണ്ടാവില്ല. രണ്ടായിരത്തിലാണ് ഈ പാട്ട് താൻ ആദ്യം പാടിയതെന്ന് കെ ജി മാർക്കോസ് പറഞ്ഞു. കൊല്ലത്ത് ഉത്സവത്തിനിടെ ഈ പാട്ട് പാടാനുണ്ടായ സാഹചര്യം മാർക്കോസ് വിശദീകരിച്ചു- 

“കൊല്ലത്തെ കിഴക്കേ കല്ലട ചിറ്റുമല ശ്രീദുർഗാ ദേവി ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ അര മണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ ഈ പാട്ട് പാടണമെന്ന് സദസ്സിൽ നിന്ന് ആവശ്യമുയർന്നു. പാടാം പാടാം എന്ന് പറഞ്ഞ് മറ്റ് പാട്ടുകൾ പാടിക്കൊണ്ടിരുന്നു. എന്നിട്ടും സമ്മതിക്കുന്നില്ല. രണ്ട് വശത്തു നിന്നും ഇസ്രയേലിൻ നാഥൻ പാടൂ എന്ന് പറഞ്ഞു വിളിയാണ്. അപ്പോഴും പേടിയായിരുന്നു. തുടങ്ങിക്കഴിഞ്ഞ് ആരെങ്കിലും പ്രശ്നമുണ്ടാക്കിയാലോ എന്ന്. പാടാം പാടാമെന്ന് പറഞ്ഞ് രണ്ടര മണിക്കൂർ തള്ളിക്കൊണ്ടുപോയി. രാത്രി 10 മണി ആവാറായപ്പോഴേക്കും ആളുകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവസാന മണിക്കൂറിൽ പാടിയത്. 10.01 ന് ഞാൻ അവസാനിപ്പിച്ചു. അതുകഴിഞ്ഞ് അഭിനന്ദിക്കാനും ഫോട്ടോയെടുക്കാനും ആളുകളുടെ ഒഴുക്കായിരുന്നു. അത്രയ്ക്ക് സ്നേഹമായിരുന്നു.”

കൊല്ലത്ത് തന്നെ കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗായകൻ അലോഷി കാണികളുടെ ആവശ്യപ്രകാരം വിപ്ലവഗാനം പാടിയത് വിവാദമായിരുന്നു. ഇക്കാര്യം ചോദിച്ചപ്പോൾ, ഇപ്പോൾ പരിപാടികൾക്ക് പോകുമ്പോൾ കണികൾ ആവശ്യപ്പെടുന്ന ചില പാട്ടുകൾ പാടിയാൽ പ്രശ്നമാകുമോ എന്ന ചിന്ത വരാറുണ്ടെന്ന് മാർക്കോസ് പറഞ്ഞു. മനുഷ്യർ അങ്ങനെയൊക്കെ വേർതിരിച്ച് ചിന്തിക്കാൻ തുടങ്ങി ഇപ്പോൾ. മുൻപൊരു ക്ഷേത്രത്തിൽ പാടാൻ പോയപ്പോഴുള്ള അനുഭവം മാർക്കോസ് പങ്കുവച്ചു- “കുറച്ചു പേർ ഞാൻ പാടുന്നതിന് എതിരായിരുന്നു.  പക്ഷേ കൂടുതൽ പേരും എന്‍റെ പരിപാടി വേണം എന്ന അഭിപ്രായക്കാരായിരുന്നു. ഭാരവാഹികൾ പറഞ്ഞത് ചേട്ടാ മറ്റ് പാട്ടുകളൊന്നും പാടേണ്ട എന്നാണ്. ‘വേളാങ്കണ്ണിപ്പള്ളിയിലെ കന്നിത്തിരുനാള്’ എന്ന വരി പാടുമ്പോൾ ചിലർ പ്രശ്നമുണ്ടാക്കാൻ നിൽക്കുകയാണെന്ന് അവർ പറഞ്ഞു. ആ പാട്ട് ഞാനവിടെ പാടിയില്ല.”

ഇസ്രയേലിൻ നാഥനായി… കൊല്ലത്തെ ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടി ഗായകൻ മാർകോസ്;കൈയ്യടിച്ച് സ്വീകരിച്ച് ജനം

By admin