ബെംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വിസമ്മതിച്ചെന്ന് റിപ്പോർട്ട്. ദില്ലിയിൽ രണ്ട് ദിവസത്തെ സന്ദർശനം കഴിഞ്ഞെത്തിയ ശിവകുമാർ, മുഖ്യമന്ത്രി സ്ഥാനം നൽകില്ലെങ്കിൽ പാർട്ടി സ്ഥാനം ഉപേക്ഷിക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചതായി പറയുന്നു. പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ പിന്തുണയും അദ്ദേഹം ഉറപ്പാക്കി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ജില്ലാ, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് സംസ്ഥാന നേതൃത്വത്തിൽ മാറ്റം ഉണ്ടാകില്ലെന്ന് സമ്മർദ്ദം ചെലുത്തുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയെയും അദ്ദേഹത്തിന്റെ വിശ്വസ്തരെയും ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
കെപിസിസി സ്ഥാനം നിലനിർത്തണമെന്ന ശിവകുമാറിന്റെ ആവശ്യം മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്ന് വിശ്വസിക്കുന്നു. പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കുന്നത് പാർട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ സ്വാധീനത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹത്തിന്റെ അനുയായികൾ കരുതുന്നു.
കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം സ്വന്തമാക്കാൻ രണ്ട് ഉന്നത നേതാക്കളായ സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ മത്സരം നിലനിൽക്കുന്നു. കെപിസിസി അധ്യക്ഷ സ്ഥാനം ശിവകുമാർ നിലനിർത്തിയത് അധികാര സമവാക്യങ്ങൾ സന്തുലിതമാക്കാനുള്ള നീക്കമായാണ് കാണുന്നതെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധൻ വിശ്വാസ് ഷെട്ടി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സഹകരണ മന്ത്രി കെഎൻ രാജണ്ണ ഉൾപ്പെടെ സിദ്ധരാമയ്യയുമായി അടുപ്പമുള്ള മന്ത്രിമാരുടെ സംഘം, ഒരാൾക്ക് ഒരു ചുമതല എന്ന നയം നടപ്പാക്കണമെന്നും ശിവകുമാറിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹണിട്രാപ്പ് വിവാദത്തെത്തുടർന്ന് ഈ നീക്കത്തിന് തിരിച്ചടി നേരിട്ടു. കെപിസിസി ഉന്നത പദവിയിലേക്ക് ഉയർന്നുവന്നിട്ടുള്ള പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി, നേതൃമാറ്റത്തിനായി പരസ്യമായി സമ്മർദം ചെലുത്തിയിരുന്നു.