കാലിഫോര്ണിയ: അടുത്തിടെ ചൊവ്വയിൽ നിന്ന് ഒരു അമ്പരപ്പിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പെർസെവറൻസ് മാർസ് റോവർ പകർത്തിയ ചൊവ്വയുടെ ഈ ചിത്രത്തിൽ കണ്ട ചിലന്തി മുട്ടകളോട് സാമ്യമുള്ള ചില വസ്തുക്കളാണ് ലോകത്തെ അമ്പരപ്പിച്ചത്. ചൊവ്വയിലെ പാറയുടെ ഈ ചിത്രങ്ങളിൽ കണ്ട മില്ലിമീറ്റർ വലിപ്പമുള്ള ഗോളങ്ങൾ ആയിരുന്നു ഈ നിഗൂഢമായ വസ്തു. പലരും അതിനെ ചിലന്തിമുട്ടയെന്നും മറ്റും വിളിച്ചു. ജെസെറോ ഗർത്തത്തിന്റെ അരികിലുള്ള വിച്ച് ഹേസൽ കുന്നിന്റെ ചരിവിലാണ് പെർസെവറൻസ് റോവർ ഈ വിചിത്രമായ ഫോട്ടോ പകർത്തിയ പാറയുള്ളത്. ഇവിടെ ഇളം ചുവപ്പ് നിറത്തിലുള്ള മണൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ ഈ ചിലന്തി മുട്ടകളുടെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നാസ.
മില്ലിമീറ്റർ വലിപ്പമുള്ള ഇരുണ്ട തവിട്ടുനിറത്തിലുള്ള ഗോളാകൃതിയിലുള്ള ഘടന കണ്ടെത്തിയ സ്ഥലത്തിന് സെന്റ് പോൾസ് ബേ എന്നാണ് നാസ പേരിട്ടിരിക്കുന്നത്. ഈ ഭാഗത്ത് മുമ്പ് എന്തോ പ്രതിഭാസം സംഭവിച്ചിട്ടുണ്ടെന്നും അങ്ങനെ പാറ അതിന്റെ സ്ഥാനത്ത് നിന്ന് മാറിയിരിക്കാം എന്നുമാണ് നാസ പറയുന്നത്. ചൊവ്വയിൽ ഒരു ഉൽക്കാശില പതിച്ചപ്പോൾ പാറ രൂപപ്പെട്ടതായിരിക്കാം എന്നും നാസ പറയുന്നു. പിന്നീട് പാറ ബാഷ്പീകരിക്കപ്പെടുകയും ഫോട്ടോയിൽ കാണുന്ന തരത്തിൽ ചെറിയ കണികകളായി ഘനീഭവിക്കുകയും ചെയ്തിരിക്കാം എന്നും നാസ പറയുന്നു. ഉൽക്കാ പതനങ്ങൾ ചൊവ്വയിലെ വസ്തുക്കളെ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് എങ്ങനെ മാറ്റുന്നു എന്നതിന് തെളിവാണ് ഈ ചിത്രങ്ങൾ എന്നും നാസ പറയുന്നു.
വിച്ച് ഹേസൽ കുന്നിൽ നിന്ന് പാറ താഴേക്ക് ഉരുണ്ടുവന്നതായിരിക്കാമെന്നും നാസ പറയുന്നു. ശാസ്ത്രജ്ഞർ കണ്ടെത്തിയ കുന്നിലെ ഇരുണ്ട പാളികളിൽ ഒന്നിൽ നിന്നായിരിക്കാം ഇത് ഉത്ഭവിച്ചത്. വിച്ച് ഹേസൽ കുന്നിനെ സൂക്ഷ്മമായി പരിശോധിച്ചാൽ, ആ ഇരുണ്ട പാളികൾ എന്ത് വസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് മനസിലാക്കാൻ കഴിയും. സെന്റ് പോൾസ് ബേയിലെ ഘടനകളുമായി അവ സാമ്യമുള്ളതാണെങ്കിൽ, അത് ഒരു അഗ്നിപർവ്വത പാളിയുടെയോ, ഒരു പഴയ ഉൽക്കാശിലയുടെ പതനത്തിന്റെയോ, അല്ലെങ്കിൽ ജലത്തിന്റെ സാന്നിധ്യത്തിന്റെയോ സൂചനയായിരിക്കാം എന്നും ഗവേഷകർ പറയുന്നു.
ഇത് സംബന്ധിച്ച് പഠനങ്ങൾ നടക്കുകയാണ്. അതുകൊണ്ടുതന്നെ നിരവധി പുതിയ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. സെന്റ് പോൾ ബേയിലെ ഈ കണ്ടെത്തൽ ചൊവ്വയിൽ കാലാകാലങ്ങളിൽ എങ്ങനെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് സൂചനകൾ നൽകിയിട്ടുണ്ട്. പാറകളുടെ രൂപീകരണവും ജലത്തിന്റെ സാന്നിധ്യവും മുൻകാലങ്ങളിൽ ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോ എന്ന് നിർണ്ണയിക്കാൻ സഹായിക്കും. വിച്ച് ഹേസൽ ഹില്ലിൽ എപ്പോഴെങ്കിലും ഭൂഗർഭജലം ഉണ്ടായിരുന്നെങ്കിൽ പെർസെവറൻസ് ശേഖരിക്കുന്ന ചില പാറ സാമ്പിളുകളിൽ ജീവന്റെ തെളിവുകൾ അടങ്ങിയിരിക്കാനും സാധ്യതയുണ്ട്. ചൊവ്വ സാമ്പിൾ റിട്ടേൺ ദൗത്യത്തിൽ ഈ പാറയുടെ ഉൾപ്പെടെയുള്ള സാമ്പിളുകൾ കൂടുതൽ പഠനത്തിനായി ഭൂമിയിലേക്ക് കൊണ്ടുവരും.