ചിരട്ടയില്‍ ചോറും കറികളും, കാറ്റൊന്നു വന്നാല്‍ അടരുന്ന വാകപ്പൂക്കള്‍, ചുറ്റിലും ഞാവല്‍ പഴങ്ങള്‍!  

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.

ബാല്യം എന്നും സുഖമുള്ള ഓര്‍മ്മയാണ്. കാലങ്ങള്‍ പിന്നിട്ട് ജീവിതത്തിന്റെ പടവുകള്‍ ഓരോന്നു കയറി പല വേഷങ്ങളിലേക്ക് പകര്‍ച്ചകള്‍ നടത്തിയെങ്കിലും നിറമൊട്ടും മങ്ങാതെ കിടപ്പുണ്ട് ബാല്യത്തിന്റെ ഓര്‍മ്മകള്‍. ആ ഓര്‍മ്മകളില്‍ അവധിക്കാലമാണ് ഏറെയും.

ആ ഓര്‍മ്മകള്‍ക്ക് പോലും ഒരു ഗന്ധമുണ്ട്. ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സ് ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങും. കാലം അത്രമേല്‍ മനോഹരമായി മനസ്സിന്റെ ഏടുകളില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട് ആ ദിനങ്ങളെ. പിന്നീടൊരിയ്ക്കലും അനുഭവിച്ചിട്ടില്ലാത്തൊരു കുളിരുണ്ട് അതിന്. പ്യൂപ്പയില്‍ നിന്നും ചിത്രശലഭം വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി പറന്നുയരും പോലെ പുസ്തകങ്ങളുടെ ഇടയില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെട്ട് സന്തോഷത്തിന്റെയും വിസ്മയങ്ങളുടെയും നിറഭാവമായി തീരുകയായിരുന്നു ഓരോ അവധിക്കാലവും. 

പരീക്ഷയുടെ അവസാന ദിവസം ഓര്‍ക്കുന്നു. പരീക്ഷ ഹാളില്‍ നിന്നിറങ്ങി വീട്ടിലെത്തുമ്പോള്‍ അമ്മ കാത്തിരിപ്പുണ്ടാവും. ചോദ്യക്കടലാസ് നോക്കി, എഴുതിയ ഉത്തരങ്ങളെക്കുറിച്ച് അമ്മ ചോദിയ്ക്കും. ഉത്തരക്കടലാസില്‍ എഴുതിയതൊക്കെ അവിടെ തന്നെ മറന്നു വച്ച മനസ്സുമായി അമ്മയ്ക്ക് മുന്‍പില്‍ നിന്ന് എല്ലാം എഴുതിയിട്ടുണ്ടെന്നു ഉറപ്പു നല്‍കും. അന്നേരം, പിന്നീടങ്ങോട്ടുള്ള നീണ്ട അവധിക്കാലത്തെക്കുറിച്ച് എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങള്‍ കാണുകയായിരിക്കും ഞാന്‍. 

വെള്ളമണല്‍ വിരിച്ച മുറ്റമുള്ളൊരു വീട്. കിഴക്കേ മുറ്റത്ത് കാലപ്പഴക്കം വിളിച്ചറിയിയ്ക്കുന്നൊരു വാകമരം. കൂട്ടത്തില്‍ ഞാവല്‍ മരവും മാവുകളും. വീടിന്റെ വിശാലമായ മുറ്റത്ത് അവിടിവിടെയായി മാവുകള്‍. പടിഞ്ഞാറേ മുറ്റത്ത് അല്പം പ്രൗഢിയില്‍ ചില്ലകള്‍ വിരിച്ചു നിന്ന പൊക്കമേറിയ നാട്ടുമാവ്. 

അവധിക്കാലത്തിന്റെ ആദ്യപുലരി പറഞ്ഞറിയ്ക്കാതെ വയ്യ. സമയത്തെ മുറുകെ പിടിച്ച്, സഞ്ചിയ്ക്കുള്ളില്‍ ഭദ്രമാക്കി വച്ച പുസ്തകങ്ങളുമായി, അമ്മ വിളമ്പി വച്ച പ്രാതലിന്റെ രുചി നാവില്‍ നിന്നും വലിച്ചെറിഞ്ഞ് സ്‌കൂളിലേക്ക് ഓടേണ്ടതില്ല എന്നത് തന്നെ ആശ്വാസമായിരുന്നു.

പിന്നീടങ്ങോട്ട് ചിന്തകളാണ്. കയ്യില്‍ ചൂരലുമായി നില്‍ക്കുന്ന അധ്യാപന്റെ ചോദ്യങ്ങളെകുറിച്ചല്ല, മറിച്ച് കളിച്ചു തീര്‍ക്കേണ്ട കളികളെ കുറിച്ച്. തണല്‍ വിരിച്ചു നിന്ന മരത്തിന്റെ ചുവട്ടില്‍ പല ആകൃതിയിലുള്ള ചിരട്ടകള്‍ക്കുള്ളില്‍ ചോറും കറികളും ഇടം തേടും. കാറ്റൊന്നു വരുമ്പോള്‍ അടര്‍ന്നു വീഴുന്ന വാകപ്പൂക്കള്‍ മുറ്റം നിറയെ. അതേ കാറ്റ് അടര്‍ത്തിയിട്ട ഞാവല്‍ പഴങ്ങള്‍ ചുറ്റിലും. 

അവധിക്കാലം പങ്കിട്ടത് തനിച്ചല്ലെന്നത് തന്നെ അതിന്റെ ഊഷ്മളത കൂട്ടുന്നു. കൂട്ടിന് ചേട്ടനും അയല്‍ വീടുകളിലെ കൂട്ടുകാരും. വീടിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിടാത്ത ആ അവധിക്കാലങ്ങള്‍ അയല്‍ വീടുകളിലും ഇടങ്ങള്‍ തേടും. ഭക്ഷണം കഴിയ്ക്കുവാന്‍ മാത്രം വീട്ടിലേക്ക് എത്തിയിരുന്ന അതിഥികളായിരുന്നു ഞങ്ങള്‍. സന്ധ്യമയങ്ങുമ്പോള്‍ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തും പോലെ ശകാരവുമായി അമ്മ എത്തുമ്പോഴാണ് കളികളുടെ ലോകത്ത് നിന്നും ഞങ്ങള്‍ മടങ്ങുക. 

അവധിക്കാലം അവസാനിക്കുമ്പോള്‍ ഓര്‍മ്മകള്‍ മനസ്സില്‍ നിറയും. സ്‌കൂളിലേക്ക് മടങ്ങുമ്പോള്‍ അവധിക്കാല സ്മരണകള്‍ മനസ്സില്‍ തുടിക്കും. പക്ഷേ, അവ ഇപ്പോഴും ഒരു കഥപോലെയാണ്. ഓരോ വര്‍ഷവും, ഓരോ അവധിയും മടങ്ങുക അനവധി ഓര്‍മകളുടെ ശേഖരം ശേഷിച്ചാണ്. കുട്ടിക്കാലത്തിന്റെ അജ്ഞാത ചിത്രങ്ങള്‍ പോലെ അവ എവിടെയോ മനസ്സിന്റെ കോണുകളില്‍ ഒളിച്ചിരിക്കുന്നു.

മാമ്പഴം നുണഞ്ഞും, പറങ്കിമാവിന്റെ പഴങ്ങള്‍ കഴിച്ചും ചിലവഴിച്ച അവധിക്കാലങ്ങള്‍ തന്ന സുഖവും സന്തോഷവും പിന്നീട് ഒരു അനുഭവങ്ങള്‍ക്കും തരാനായില്ല എന്നത് തന്നെയാണ് കാലങ്ങള്‍ക്കിപ്പുറം ഓര്‍ത്തെടുക്കുമ്പോഴും മധുരം കിനിയുന്ന സുഖമുള്ള ഓര്‍മ്മയായി അതിനെ മാറ്റുന്നത്. 

അവധിക്കാല ഓര്‍മ്മകള്‍ വായിക്കാം

By admin