ക്രൂരന്മാരിൽ ക്രൂരൻ, ആദ്യകൊലപാതകം 18 -ാം വയസ്സിൽ, 48 ഇരകൾ, 11 പേരെക്കൂടി കൊന്നെന്ന് ‘ചെസ്സ്ബോർഡ് കില്ലർ’

‘ചെസ്സ്‍ബോർഡ് കില്ലർ’ എന്ന് അറിയപ്പെടുന്ന റഷ്യൻ സീരിയൽ കില്ലറാണ് അലക്സാണ്ടർ പിച്ചുഷ്കിൻ. 48 കൊലപാതകങ്ങളാണ് ഇയാൾ ചെയ്തതായി സ്ഥിരീകരിക്കപ്പെട്ടത്. പിന്നാലെ, 2007 -ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ് ഇയാൾ. ഇപ്പോഴിതാ, അത് മാത്രമല്ല മറ്റ് 11 കൊലപാതകങ്ങൾ കൂടി താൻ നടത്തിയിട്ടുണ്ട് എന്ന് കുറ്റസമ്മതം നടത്താന്‍ അലക്സാണ്ടർ പിച്ചുഷ്കിൻ തയ്യാറാവുകയാണത്രെ. 

1992 മുതൽ 2006 വരെ 18 വർഷമായി റഷ്യയിലെ ആർട്ടിക് നോർത്തേൺ റീജിയനിലെ പോളാർ ഔൾ ജയിലിൽ കഴിയുകയാണ് 50 -കാരനായ പിച്ചുഷ്കിൻ. എന്നാൽ, തനിക്ക് ശിക്ഷ കിട്ടാൻ കാരണമായ ഈ കൊലപാതകങ്ങൾ മാത്രമല്ല, അതിനേക്കാൾ കൂടുതൽ കൊലപാതകങ്ങൾ താൻ ചെയ്തിട്ടുണ്ട് എന്നാണ് ഇയാൾ ഇപ്പോൾ സമ്മതിക്കാന്‍ തയ്യാറായിരിക്കുന്നത്. നേരത്തെ തന്നെ അധികൃതർക്ക് ഇക്കാര്യത്തിൽ സംശയങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ, 11 കൊലപാതകങ്ങൾ കൂടി താൻ ചെയ്തുവെന്ന് പിച്ചുഷ്കിൻ സമ്മതിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

തെക്കൻ മോസ്കോയിലെ ബിറ്റ്സെവ്സ്കി പാർക്കിന് ചുറ്റുമുള്ള പ്രായമായവരെയും മദ്യപാനികളെയും വീടില്ലാത്തവരെയുമാണ് ഇയാൾ കൊല്ലാനായി തെരഞ്ഞെടുത്തത്. 1992 -ൽ, ആദ്യത്തെ കൊലപാതകം നടത്തുമ്പോൾ ഇയാൾക്ക് വെറും 18 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ, പിച്ചുഷ്കിന് 33 വയസ്സായിരുന്നു. ഒരു സൂപ്പർമാർക്കറ്റിലായിരുന്നു ജോലി. പലപ്പോഴും ബിറ്റ്സെവ്സ്കി പാർക്കിലോ വീട്ടിലോ ചെസ്സ് കളിച്ചായിരുന്നു ഇയാൾ സമയം ചെലവഴിച്ചിരുന്നത്. 

റഷ്യൻ മാധ്യമങ്ങളാണ് ഇയാൾക്ക് ‘ചെസ്സ്ബോർഡ് കില്ലർ’ എന്ന് പേര് നൽകിയത്. 64 സ്ക്വയർ ചെസ്സ്ബോർഡിന്റെ ഓരോ സ്ക്വയറിലും ഇയാൾ ഇരകളെ അടയാളപ്പെടുത്തി വച്ചിരുന്നു എന്ന് ഡിറ്റക്ടീവുകൾക്ക് മുന്നിൽ സമ്മതിച്ചതിനെത്തുടർന്നാണ് ഇയാൾക്ക് മാധ്യമങ്ങൾ ഈ പേര് നൽകിയത്. 

താൻ 63 പേരെ കൊന്നുവെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ, പ്രോസിക്യൂട്ടർമാർക്ക് അതിൽ 48 എണ്ണം മാത്രമേ സ്ഥിരീകരിക്കാനായുള്ളൂ. കൂടാതെ 3 കൊലപാതക ശ്രമങ്ങൾക്കും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin