ക്യാപ്റ്റനായി തിരിച്ചെത്തി, ചരിത്രം കുറിച്ച് സഞ്ജു സാംസൺ; മറികടന്നത് ഷെയ്ൺ വോണിന്റെ റെക്കോര്‍ഡ്

പഞ്ചാബിനെതിരായ മത്സരത്തിലെ ജയത്തോടെ ചരിത്രം കുറിച്ച് മലയാളി താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിന് കൂടുതൽ വിജയങ്ങൾ സമ്മാനിച്ച നായകനെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. 55 മത്സരങ്ങളിൽ നയിച്ച് 31 ജയമുള്ള സാക്ഷാൽ ഷെയ്ൻ വോണിന്റെ റെക്കോർഡാണ് സഞ്ജു മറികടന്നത്. സഞ്ജു 62 മത്സരങ്ങളിൽ രാജസ്ഥാൻ ക്യാപ്റ്റനായപ്പോൾ 32 തവണ ടീം ജയിച്ചു. 

പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസ് 50 റൺസിന്റെ മിന്നും ജയമാണ് സ്വന്തമാക്കിയത്. 206 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സഞ്ജു എത്തിയതോടെ പഞ്ചാബിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും വമ്പൻ പോരാട്ട വീര്യമാണ് രാജസ്ഥാൻ പുറത്തെടുത്തത്. പഞ്ചാബിലെ ചണ്ഡീഗഢ് സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ടീം സ്കോർ 200 കടക്കുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. 

രാജസ്ഥാന് മിന്നു തുടക്കമാണ് ഓപ്പണർമാരായ സഞ്ജുവും ജയ്സ്വാളും നൽകിയത്. 26 പന്തിൽ 38 റൺസെടുത്താണ് സഞ്ജു മടങ്ങിയത്. 6 ബൗണ്ടറിയടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഈ സീസണിലെ 4 മത്സരങ്ങളിൽ നിന്ന് 137 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. എന്നാൽ, സഞ്ജു മടങ്ങിയെങ്കിലും ജയ്സ്വാൾ വിട്ടുകൊടുത്തില്ല. ഫോം എവിടെയെന്ന് ചോദിച്ചവർക്ക് മുന്നിലേക്ക് ക്ലാസിക് അർധ സെഞ്ച്വറി നേടിയാണ് ജയ്സ്വാൾ മറുപടി നൽകിയത്. 25 പന്തിൽ 43 റൺസുമായി റിയാൻ പരാഗും തകർത്തടിച്ചതോടെ പഞ്ചാബിന്റെ ലക്ഷ്യം 206. 

മറുപടി നൽകാൻ ഇറങ്ങിയ പഞ്ചാബിനെ ഞെട്ടിച്ചാണ് ജോഫ്ര ആർച്ചർ തുടങ്ങിയത്. ആദ്യ പന്തിൽ തന്നെ പ്രിയൻഷ് ആര്യ ഗോൾഡൻ ഡക്ക്. പിന്നീട് വന്ന ശ്രേയസ് അയ്യർ രണ്ട് തവണ ആർച്ചറെ ബൗണ്ടറി കടത്തിയെങ്കിലും വൈകാതെ തന്നെ മുട്ടുമടക്കി. 43 റൺസിന് 4 വിക്കറ്റ് നഷ്ടമായ പഞ്ചാബിനെ നെഹാൽ വദേരയും ഗ്ലെൻ മാക്സ്‍വെല്ലും ചേർന്ന് തോളിലേറ്റി. 66 റൺസുമായി നെഹാൽ വദേര തകർത്താടിയപ്പോൾ പഞ്ചാബ് പ്രതീക്ഷ വീണ്ടെടുത്തു. ഒടുവിൽ 88 റൺസ് കൂട്ടുകെട്ട് സഞ്ജുവിന്റെ സ്പിൻ കെണിയിൽ പൊളിഞ്ഞു. പിന്നീട് വന്നവർക്കൊന്നും രാജസ്ഥാന്റെ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മൂന്ന് വിക്കറ്റുമായി ജോഫ്ര ആർച്ചർ കളം നിറഞ്ഞപ്പോൾ പഞ്ചാബിന് സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

READ MORE: വിജയ് ശങ്കറിന്റെ മെല്ലെപ്പോക്ക്, ഫിനിഷിംഗില്ലാതെ ധോണി; ഡൽഹിയ്ക്ക് മുന്നിൽ തകര്‍ന്ന് തരിപ്പണമായി ചെന്നൈ

By admin