ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനൊരുങ്ങുകയാണ്. ആദ്യ മത്സരത്തിൽ മികച്ച വിജയം നേടിയ സൺറൈസേഴ്സ് പിന്നീട് അടതെറ്റി വീഴുന്ന കാഴ്ചയാണ് കാണാനായത്. 286 എന്ന കൂറ്റൻ സ്കോറോടെ സീസൺ ആരംഭിച്ച സൺറൈസേഴ്സിന് പിന്നീട് കളിച്ച 3 മത്സരങ്ങളിലും 200 കടക്കാനായില്ല. 190, 163, 120 എന്നിങ്ങനെയായിരുന്നു പിന്നീടുള്ള മത്സരങ്ങളിലെ ടീം സ്കോര്‍. ഈ മൂന്ന് കളികളിലും ടീം പരാജയപ്പെടുകയും ചെയ്തു.
ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാൻ ശേഷിയുള്ള ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവരുൾപ്പെടുന്ന ബാറ്റിംഗ് നിരയ്ക്ക് സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തതാണ് സൺറൈസേഴ്സിന് തലവേദനയാകുന്നത്. ‘ട്രാവിഷേക്’ സഖ്യം നൽകുന്ന മികച്ച ഓപ്പണിംഗിലാണ് ടീം കണ്ണുവെയ്ക്കുന്നത്. അതേസമയം, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നയിക്കുന്ന ബൗളിംഗ് യൂണിറ്റും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. മുഹമ്മദ് ഷമി യഥാര്‍ത്ഥ ഫോമിലേയ്ക്ക് എത്തിയിട്ടില്ല. ഹര്‍ഷൽ പട്ടേലിന് റൺസ് പിടിച്ചുനിര്‍ത്താന്‍ കഴിയുന്നുമില്ല. ഇന്നത്തെ മത്സരത്തിൽ ജയിക്കാനായില്ലെങ്കിൽ ടൂര്‍ണമെന്‍റിലെ മുന്നോട്ടുള്ള യാത്ര സൺറൈസേഴ്സിന് ഏറെ കടുപ്പമുള്ളതായി മാറും.
മറുഭാഗത്ത്, സായ് സുദര്‍ശൻ, ശുഭ്മാന്‍ ഗിൽ, ജോസ് ബട്ലര്‍, ഷെര്‍ഫേൻ റൂഥര്‍ഫോര്‍ഡ് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയ്ക്ക് ഏത് വലിയ ബൗളിംഗ് നിരയെയും വെല്ലുവിളിക്കാൻ കഴിയും. ഓപ്പണര്‍ സായ് സുദര്‍ശന്‍റെ തകര്‍പ്പൻ ഫോമും സ്ഥിരതയാര്‍ന്ന പ്രകടനവും ഗുജറാത്തിന് ആശ്വാസം നൽകുന്നു. ബൗളിംഗ് യൂണിറ്റിൽ റാഷിദ് ഖാന്‍ ഫോമിലേയ്ക്ക് എത്തിയിട്ടില്ലെന്നത് ഒഴിച്ചാൽ മറ്റ് വലിയ പ്രശ്നങ്ങളില്ല. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
സാധ്യതാ ടീം
സൺറൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സിമർജീത് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷാമി.
ഇംപാക്റ്റ് പ്ലെയർ – സീഷാൻ അൻസാരി, ആദം സാംപ.
ഗുജറാത്ത് ടൈറ്റൻസ്: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, രവിശ്രീനിവാസൻ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ്മ
ഇംപാക്റ്റ് പ്ലെയർ – ഷെർഫാൻ റൂഥർഫോർഡ് / വാഷിംഗ്ടൺ സുന്ദർ.
READ MORE: ബുമ്ര റിട്ടേൺസ്! മുംബൈ ഇനി ഡബിൾ സ്ട്രോംഗ്; ടീമിനൊപ്പം ചേര്‍ന്ന് സ്റ്റാര്‍ പേസര്‍