ഐ ലീഗ്: ഗോകുലം കേരളയ്ക്ക് നിരാശ, ഐഎസ്എല്‍ പ്രവേശനമില്ല! ഒന്നാമത് ചര്‍ച്ചിലോ അതോ ഇന്റര്‍ കാശിയോ?
കോഴിക്കോട്: സീസണ്‍ അവസാനിച്ചിട്ടും ജേതാവിനെ കണ്ടെത്താനാകാതെ ഐ ലീഗ്. നാടകീയത നിറഞ്ഞ അവസാന മത്സരങ്ങള്‍ക്കൊടുവില്‍ ചര്‍ച്ചില്‍ ബ്രദേഴ്സാണ് ടേബിളില്‍ ഒന്നാമത്. എന്നാല്‍ കിരീടം നേടുമോ എന്നറിയാന്‍ കാത്തിരിക്കണം. ഇന്റര്‍ കാശി എഫ്‌സി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നല്‍കിയ അപ്പീല്‍ഫലം ന്നാല്‍ മാത്രമേ ചിത്രം വ്യക്തമാകൂ. അപ്പീല്‍ ഫലം അനുകൂലമായാല്‍ ഇന്റര്‍ കാശിക്ക് മൂന്നുപോയിന്റും ഒപ്പം കിരീടവും ലഭിക്കും. ഈ മാസം 28നാണ് വിധി.
സീസണിലെ അവസാന മത്സരത്തില്‍ ഇന്റര്‍ കാശി രാജസ്ഥാനെ കീഴടക്കിയപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് – റിയല്‍ കാശ്മിര്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ഇന്റര്‍ കാശി ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. റിയല്‍ കശ്മീറും ചര്‍ച്ചിലും ഓരോഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. 22 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുമായാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാമത് നില്‍ക്കുന്നത്. ഇന്റര്‍ കാശി 39 പോയന്റുമായി രണ്ടാമതാണ്.
സീസണില്‍ നാംധാരിക്കെതിരായ മത്സരത്തില്‍ ഇന്റര്‍ കാശി തോറ്റിരുന്നു. എന്നാല്‍, അയോഗ്യതയുള്ള കളിക്കാരനെ എതിരാളികള്‍ ഇറക്കി എന്നാരോപിച്ച് ഇന്റര്‍ കാശി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അപ്പീല്‍ നല്‍കുകയായിരുന്നു. വിധി അനുകൂലമായാല്‍ ഇന്റര്‍ കാശ് ഐഎസ്എല്‍ കളിക്കും.
ഗോകുലം കേരളയ്ക്ക് നിരാശ
ഐലീഗ് കിരീടം സ്വപ്നം കണ്ട ഗോകുലം കേരളയ്ക്ക് നിരാശ. ലീഗിലെ അവസാന മത്സരത്തില്‍ ഡെംപോ ഗോവയോട് തോറ്റു. കോഴിക്കോട് നടന്ന ആവേശപോരില്‍ ൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. 11 മിനിറ്റിനിടെ തന്നെ രണ്ടുഗോളുകള്‍ നേടി ഗോകുലം മുന്നിലെത്തിയിരുന്നെങ്കിലും ഡെംപോ ഗോവ മത്സരത്തിലേക്ക് തിരിച്ചുവന്നു. 3-3 എന്ന നിലയില്‍ മത്സരം സമനിലയില്‍ അവസാനിക്കാനിരിക്കേയാണ് ഡെംപോ എക്‌സ്ട്രാ ടൈമില്‍ വിജയഗോള്‍ കണ്ടെത്തിയത്. 64- മിനുട്ടില്‍ മഷൂര്‍ ഷെരീഫിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ഗോകുലത്തിന് തിരിച്ചടിയായി. 22 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.