ഐഎസ്എല്ലിൽ ‘രണ്ടിൽ ഒന്ന്’ ഇന്നറിയാം; സ്വന്തം തട്ടകത്തിൽ ബെംഗളൂരുവിനെതിരെ തിരിച്ചടിക്കാൻ ഗോവ

പനാജി: ഐഎസ്എല്ലിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. നിർണായകമായ രണ്ടാം പാദ സെമി ഫൈനലിൽ എഫ്സി ഗോവ ബെംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും. രാത്രി 7.30ന് ഗോവയുടെ ഫത്തോർഡാ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ പാദ സെമിയിൽ ബെംഗളൂരു എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ചിരുന്നു. 

ഗോവൻ പ്രതിരോധ നിരയിൽ സന്ദേശ് ജിങ്കന്‍റെ പിഴവിലാണ് ബെംഗളൂരു ആദ്യ ലീഡ് നേടിയത്. ആദ്യ പകുതി അവസാനിക്കാൻ വെറഉം 3 മിനിട്ടുകൾ മാത്രം ബാക്കിയുള്ളപ്പോള്‍ മെൻഡിസ് തുടങ്ങി വെച്ച നീക്കം ഗോവൻ ബോക്സിൽ തട്ടിത്തെറിച്ചു. പന്ത് തിരികെ ലഭിച്ച മെൻഡിസ് ഗോൾ മുഖത്ത് നിലയുറപ്പിച്ച വില്യംസിനെ ലക്ഷ്യമിട്ട് ക്രോസ് നൽകി. വില്യംസിലേയ്ക്ക് പന്ത് എത്തിയാലുണ്ടാകുന്ന അപകടം ഒഴിവാക്കാനായി ഉയര്‍ന്നുചാടിയ ജിങ്കന് പിഴച്ചു. പന്ത് തലയിൽ തട്ടി സ്വന്തം പോസ്റ്റിൽ വീണു. രണ്ടാം പകുതിയിൽ എഡ്ഗാര്‍ മെൻഡസ് ഗോൾ നേടിയതോടെ ആദ്യ പാദ സെമി ഫൈനലിൽ ബെംഗളൂരു എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിക്കുകയായിരുന്നു. മത്സരത്തിൽ പന്തിന് മേൽ ആധിപത്യം പുലര്‍ത്തിയെങ്കിലും അവസരങ്ങൾ മുതലാക്കാനാകാതെ പോയതാണ് ഗോവയ്ക്ക് തിരിച്ചടിയായത്. 

ഏപ്രിൽ 7 നാളെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ മോഹൻ ബഗാൻ ജാംഷഡ്പൂർ എഫ്‌സിയെ നേരിടും. ആദ്യ പാദത്തിൽ മോഹൻ ബഗാൻ ഒരു ഗോളിന് പിന്നിലാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജംഷഡ്പൂര്‍ എഫ്സിയുടെ വിജയം. സ്റ്റോപ്പേജ് സമയത്ത് ഹാവി ഹെര്‍ണാണ്ടസ് നേടിയ ഗോളിലാണ് ജംഷഡ്പൂര്‍ വിജയം ഉറപ്പിച്ചത്. ഫൈനലിലേക്ക് കടക്കാൻ രണ്ടാം പാദത്തിൽ മോഹൻ ബഗാന് വിജയം അനിവാര്യമാണ്.

READ MORE: ബുമ്ര റിട്ടേൺസ്! മുംബൈ ഇനി ഡബിൾ സ്ട്രോംഗ്; ടീമിനൊപ്പം ചേര്‍ന്ന് സ്റ്റാര്‍ പേസര്‍

By admin