‘എമ്പുരാനും’ സുല്ലിട്ടു! മോഹന്‍ലാല്‍ ചിത്രത്തിനും മറികടക്കാനാവാത്ത ‘മഞ്ഞുമ്മലി’ന്‍റെ ആ റെക്കോര്‍ഡുകള്‍

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ​ഗ്രോസ് കളക്ഷന്‍ ലഭിക്കുന്ന ചിത്രമായി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ മാറിയത് ഇന്നലെ ആയിരുന്നു. ഏറ്റവും വലിയ ഓപണിം​ഗുമായി യാത്ര തുടങ്ങിയതിന് പിന്നാലെയുള്ള ദിനങ്ങളില്‍ത്തന്നെ ട്രേഡ് അനലിസ്റ്റുകള്‍ ഏറെക്കുറെ പ്രവചിച്ച നേട്ടമായിരുന്നു ഇത്. 241 കോടി എന്ന മഞ്ഞുമ്മല്‍ ബോയ്സിന്‍റെ നേട്ടമാണ് വെറും 10 ദിവസം കൊണ്ട് എമ്പുരാന്‍ മറികടന്നത്. എന്നാല്‍ അപ്പോഴും എമ്പുരാന് മറികടക്കാന്‍ സാധിക്കാത്ത മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ചില റെക്കോര്‍ഡുകള്‍ ഉണ്ട്.

മഞ്ഞുമ്മല്‍ ബോയ്സിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ (ഇന്ത്യയില്‍ കേരളത്തിന് പുറത്ത് നേടിയ കളക്ഷന്‍) റെക്കോര്‍ഡ് ആണ് അതിലൊന്ന്. മഞ്ഞുമ്മല്‍ ബോയ്സ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നേടിയ കളക്ഷന്‍ 95 കോടി ആയിരുന്നു. തമിഴ്നാട്ടില്‍ നേടിയ വമ്പന്‍ ജനപ്രീതിയും കളക്ഷനുമായിരുന്നു ഇതിന് കാരണം. തമിഴ്നാട്ടില്‍ നിന്ന് മാത്രം 63 കോടിയാണ് ചിത്രം നേടിയത്. ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നിന്ന് ഇത്രയധികം കളക്ഷന്‍ നേടുന്നത് ഇത് ആദ്യമാണ്. കര്‍ണാടകത്തില്‍ നിന്ന് ചിത്രം 15 കോടിക്ക് മുകളിലും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 14 കോടിക്ക് മുകളിലും മറ്റ് ഇടങ്ങളില്‍ നിന്ന് രണ്ടര കോടിക്ക് മുകളിലും ചിത്രം നേടിയിരുന്നു. 

അതേസമയം  രണ്ട് ദിവസം മുന്‍പ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ട കണക്ക് പ്രകാരം എമ്പുരാന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ ​ഗ്രോസ് 30 കോടിയാണ് കടന്നത്. ബോക്സ് ഓഫീസിലെ ഇനിഷ്യല്‍ പുള്‍ ഏറെക്കുറെ അവസാനിച്ച സ്ഥിതിക്ക് റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷനില്‍ ചിത്രം ഇനി അധികം മുന്നേറില്ല എന്നാണ് വിലയിരുത്തല്‍. അതേസമയം ഒട്ടുമിക്ക വിദേശ മാര്‍ക്കറ്റുകളിലും ഒരു മലയാള ചിത്രം നേടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണ് എമ്പുരാന്‍ നേടിയത്.

ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; ‘ടീച്ചറമ്മ’യായി ശ്രീലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin