ചണ്ഡീഗഡ്: ഹെറോയിനുമായി പിടിക്കപ്പെട്ടതിന് പിരിച്ചുവിട്ട വനിതാ കോൺസ്റ്റബിൾ അമൻദീപ് കൗര്‍ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. ഞായറാഴ്ച രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. രണ്ട് ദിവസത്തെ പൊലീസ് റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് അമൻദീപിനെ ഡ്യൂട്ടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. മയക്കുമരുന്ന്, സ്വത്ത് ഇടപാടുകൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഈ അന്വേഷണങ്ങൾ പൂർത്തിയാക്കാൻ പ്രതിയെ കസ്റ്റഡിയിൽ ആവശ്യമാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
സീനിയർ കോൺസ്റ്റബിൾ അമൻദീപ് കൗറിനെ ഏപ്രിൽ രണ്ടിന് വൈകുന്നേരമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശം നിന്ന് 17.71 ഗ്രാം ഹെറോയിൻ പൊലീസ് കണ്ടെടുത്തു. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ പേര് പറഞ്ഞ് പൊലീസിനെ സ്വാധീനിക്കാനും പ്രതി ശ്രമിച്ചതായി പറയപ്പെടുന്നു. അമൻദീപിനെ കുറിച്ചുള്ള തുടരന്വേഷണത്തിൽ അറിയപ്പെടുന്ന വ്യക്തികൾ സമ്മാനമായി നൽകിയതാണെന്ന് അവർ അവകാശപ്പെടുന്ന ചില സ്വത്തുക്കളുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി റിപ്പോർട്ടുണ്ട്.
പ്രതി കൂടുതൽ മയക്കുമരുന്ന് ഇടപാടുകൾ നിഷേധിച്ചിട്ടും, മയക്കുമരുന്ന് ഇടപാടുകളുടെ വഴി ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വിലകൂടിയ വാച്ചുകൾ, കണ്ണടകൾ, മറ്റ് ആക്സസറികൾ എന്നിവ പൊലീസിന് ലഭിച്ചതായും റിപ്പോർട്ടുണ്ട്. പൊലീസിൽ നിന്ന് രക്ഷപ്പെട്ട കൂട്ടാളി ബൽവിന്ദർ സിങ്ങിനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പൊലീസ് വേഷത്തിലുള്ള റീലുകളുമായി സോഷ്യല്‍ മീഡിയയില്‍ വൈറൽ താരമായ അമൻദീപിനെ ചുറ്റിപ്പറ്റി വിവാദങ്ങൾക്കും പഞ്ഞമില്ലായിരുന്നു.