ഇവിടുത്തെ കാറ്റിലുമുണ്ട് ഏലക്കയുടെ നേര്‍ത്ത സുഗന്ധം; പഴമയുടെ രുചിയും മണവും പേറുന്ന ഗ്രാമം – വണ്ടൻമേട്
കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് വണ്ടൻമേട്. ഉയർന്ന നിലവാരമുള്ള ഏലത്തിന് പേരുകേട്ട തിരക്കേറിയ വ്യാപാര കേന്ദ്രം കൂടിയാണിത്. ലോകമെമ്പാടുമുള്ള സന്ദർശകരെയും വ്യാപാരികളെയും ഒരുപോലെ ആകർഷിക്കുന്ന പ്രകൃതി ഭംഗിയും ഏലത്തോട്ടങ്ങളുമാണ് വണ്ടൻമേടിനെ സ്പെഷ്യലാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഏലം ലേല കേന്ദ്രമാണ് ഈ മനോഹരമായ പ്രദേശം. ഇവിടെയാണ് ഏറ്റവും മികച്ച സുഗന്ധദ്രവ്യങ്ങൾ വ്യാപാരം ചെയ്യപ്പെടുന്നത്.
വണ്ടൻമേട്ടിലേയ്ക്കുള്ള യാത്രയിൽ ഏലത്തോട്ടങ്ങൾ തന്നെയാണ് പ്രധാന ആകർഷണം. ശാന്തമായ പ്രകൃതിദൃശ്യങ്ങളാൽ ചുറ്റപ്പെട്ട തോട്ടങ്ങൾ കണ്ണിന് കുളിർമയേകും. ഇവിടെ നിറഞ്ഞുനിൽക്കുന്ന ഏലത്തിന്റെ സുഗന്ധവും തണുപ്പ് നിറഞ്ഞ കാലാവസ്ഥയും സന്ദർശകർക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. വാണിജ്യ പ്രാധാന്യത്തിന് പുറമേ, വണ്ടൻമേടിന് ചരിത്രപരമായ സവിശേഷതകളുമുണ്ട്. ഭൂതകാലത്തിന്റെ കഥ പറയുന്ന പഴയ കെട്ടിടങ്ങൾ ഇവിടെ കാണാം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ആദ്യത്തെ പോസ്റ്റ് ഓഫീസുകളിൽ ഒന്നായ അഞ്ചൽ ഓഫീസ് ഈ പ്രദേശത്തിന്റെ കൊളോണിയൽ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നു. കുമളി-മൂന്നാർ സംസ്ഥാന പാതയുടെ നിർമ്മാണത്തിന് മുമ്പ്, ‘അഞ്ചൽ വഴി’ എന്നറിയപ്പെട്ടിരുന്ന ഈ പോസ്റ്റ് ഓഫീസിലേക്കുള്ള റോഡ് തടികൾ നീക്കുന്നതിനുള്ള പ്രധാന പാതയായിരുന്നു.
മദ്രാസ് പ്രസിഡൻസിയുമായും തിരുവിതാംകൂർ രാജ്യവുമായുള്ള ബന്ധം കാരണം വണ്ടൻമേടിന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. ഇവിടുത്തെ വില്ലേജ് ഓഫീസ് ഒരു കാലത്ത് തിരുവിതാംകൂർ രാജാക്കന്മാരുടെ ഭരണ കാര്യാലയമായിരുന്നു എന്നതിന്റെ രേഖകൾ ലഭിച്ചിട്ടുണ്ട്. ഏലം തോട്ടങ്ങളുടെ ഭരണ കാര്യാലയങ്ങളായി ഉപയോഗിച്ചിരുന്ന സെറ്റിൽമെന്റ് രജിസ്റ്ററുകളും മറ്റ് കെട്ടിടങ്ങളും ഈ പ്രദേശത്തിന്റെ ചരിത്രം ഇന്നും ഉയർത്തിക്കാട്ടുന്നു.
READ MORE: അഡ്വഞ്ചർ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത് വർക്കല; അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതൽ