ഇന്ന് രാമ നവമി, അയോധ്യ ക്ഷേത്രത്തിൽ സൂര്യ തിലക് ചടങ്ങും ഇന്ന് നടക്കും
അയോധ്യ: ഉത്തരേന്ത്യയിൽ ഇന്ന് രാമ നവമി ആഘോഷം. ശോഭയാത്രകൾ അടക്കം വിപുലമായ പരിപാടികളാണ് ആഘോഷത്തോട് അനുബന്ധിച്ച് നടക്കുക. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളിൽ പ്രതിഷ്ഠയുടെ നെറ്റിയിൽ സൂര്യ രശ്മി പതിക്കുന്ന സൂര്യ അഭിഷേക് അഥവാ സൂര്യ തിലക് ചടങ്ങും ഇന്ന് നടക്കും. ശ്രീരാമന്റെ പിറവിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകളിൽ പ്രധാനപ്പെട്ടതാണ് സൂര്യ തിലക്.
ഹൈ ക്വാളിറ്റി കണ്ണാടികളുടേയും ലെൻസുകളുടേയും സഹായത്തോടെയാണ് സൂര്യ രശ്മികൾ പ്രതിഷ്ഠയുടെ നെറ്റിയിൽ പതിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഈ ചടങ്ങിന് ദൃക്സാക്ഷിയാവാനായി ലക്ഷക്കണക്കിന് വിശ്വാസികളാണ് രാമക്ഷേത്രത്തിലേക്ക് എത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാവും ചടങ്ങ്. രാവിലെ 9.30 തന്നെ സൂര്യതിലക് അനുബന്ധിയായ ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കും.
ശാസ്ത്രീയ, എഞ്ചിനീയറിംഗ് നേട്ടമായാണ് സൂര്യ തിലക് സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. ഒപ്‌റ്റോമെക്കാനിക്കൽ സിസ്റ്റത്തിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ സംയോജിപ്പിച്ചാണ് സൂര്യകിരണം പ്രതിഷ്ഠയുടെ നെറ്റിയിൽ പതിപ്പിക്കുക. നാല് കണ്ണാടികളും നാല് ലെൻസുകളും ടിൽറ്റ് മെക്കാനിസത്തിലും പൈപ്പിംഗ് സിസ്റ്റത്തിലും അടിസ്ഥാനമാക്കിയാണ് ചടങ്ങ് പൂർത്തിയാവുക.
അതേസമയം രാമനവമി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ഉത്തരേന്ത്യ. അക്രമ സംഭവങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം മുൻനിർത്തി വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ത്സാർഖണ്ടിലും, ഉത്തർപ്രദേശിലും, പശ്ചിമ ബംഗാളിലും കൂടുതൽ ഉദ്യോഗസ്ഥരെ സുരക്ഷസേനയുടെ ഭാഗമായി വിന്യസിച്ചു. വഖഫ് നിയമഭേദഗതി നിലവിൽ വന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കനത്ത സുരക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം