ഇതാണ് നായകൻ! പഞ്ചാബിനെ പൂട്ടിയ സഞ്ജു ബ്രില്യൻസുകള്‍
പഞ്ചാബ് കിങ്സ് എന്ന് കേട്ടിട്ടുണ്ടോ, പഴയ കിങ്സ് ഇലവൻ പഞ്ചാബല്ല, പഞ്ചാബ് കിങ്സ്. എതിരാളികളെ വിഴുങ്ങാൻ റിക്കി പോണ്ടിങ്ങും ശ്രേയസ് അയ്യരും ചേര്‍ന്നൊരു പടയെ ഒരുക്കി. രണ്ട് മത്സരം കഴിഞ്ഞു, മുന്നില്‍ വന്നവരെയെല്ലാം അവര്‍ അനായാസം കീഴടക്കി. പിന്നത്തെ മത്സരത്തില്‍ അവര്‍ നിലംപരിശായി. ചെയ്തത് ആരെന്ന് അന്വേഷിച്ചവര്‍ക്ക് ഒരു ഉത്തരം മാത്രം, സഞ്ജു, സഞ്ജു സാംസണ്‍.
206 റണ്‍സ് ചെയ്സ് ചെയ്യാൻ പഞ്ചാബ് കിങ്സ് ഇറങ്ങുകയാണ്, മുലൻപൂരില്‍. പേപ്പറിലും കളത്തിലും പോയിന്റ് പട്ടികയിലും ഒരുപോലെ ശക്തര്‍. മറുവശത്ത് എഴുതിത്തള്ളിയൊരു കൂട്ടമായിരുന്നു. പക്ഷേ, മൈതാനത്ത് തന്റെ പടയാളികളെ എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ഒരു പടനായകൻ അവര്‍ക്കുണ്ടായിരുന്നു. ചെസ് ബോര്‍ഡില്‍ കരുക്കള്‍ നീക്കുന്ന സൂക്ഷ്മതയോടെ അയാള്‍ കളിമെനഞ്ഞു.
പ്രിയാൻഷിനെ ക്ലുലെസാക്കി ആര്‍ച്ചറിന്റെ സീം. പിന്നാലെ ശ്രേയസിന്റെ കൗണ്ടര്‍ അറ്റാക്ക്, ട്രീറ്റ്. ആ ബാറ്റില്‍ ഒടുവില്‍ അര്‍ച്ചര്‍ തന്നെ ജയിക്കുന്നു. ജോഫ്ര ഈസ് ബാക്ക്. തന്റെ പ്രധാന അസ്ത്രത്തിന്റെ മൂര്‍ച്ച തിരിച്ചുകിട്ടിയതിന്റെ പ്രസന്നത സഞ്ജുവില്‍ കണ്ടു. ക്രീസില്‍ പ്രഭ്‌സിമ്രനും സ്റ്റോയിനിസും. സീസണിലാദ്യമായി പഞ്ചാബ് പരീക്ഷിക്കപ്പെടുന്നു.
പരീക്ഷയ്ക്ക് പഠിച്ചൊരുങ്ങി വന്ന വിദ്യാർഥിയെ പോലെയായിരുന്നു പിന്നീട് സഞ്ജുവിന്റെ നീക്കങ്ങള്‍. സ്റ്റോയിനിസിന് പലപ്പോഴും ഉത്തരമില്ലാത പോയ ചോദ്യമായ സന്ദീപ് ശർമയെ കൊണ്ടുവരുന്നു. സന്ദീപിന് അനുയോജ്യമായ വിക്കറ്റില്‍ ഫലം കണ്ടെത്താൻ വേണ്ടി വന്നത് മൂന്ന് പന്തുകള്‍ മാത്രം. സഞ്ജുവിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. ഐപിഎല്ലില്‍ മൂന്നാം തവണയും സ്റ്റോയിനിസ് സന്ദീപിന് മുന്നില്‍ കീഴടങ്ങി.
നാലാം ഓവറില്‍ തീക്ഷണ. വധേരയുടെ വിക്കറ്റ് ഓള്‍മോസ്റ്റ് ലഭിച്ചു. പവർപ്ലേയ്ക്ക് ശേഷവും ഹസരങ്ക വന്നില്ല. പകരം കുമാര്‍ കാർത്തികേയ, വീണത് പ്രഭ്‌സിമ്രൻ. ആദ്യ ഏഴ് ഓവറില്‍ സഞ്ജു പരീക്ഷിച്ചത് അഞ്ച് ബൗളര്‍മാരെയാണ്. പഞ്ചാബ് ബാറ്റര്‍മാര്‍ക്ക് ആരെ ലക്ഷ്യം വെക്കണമെന്നൊരു ക്ലൂ പോലും നല്‍കാതെ പഴുതടച്ചുള്ള നീക്കങ്ങള്‍.
നേഹല്‍ വധേരയും ഗ്ലെൻ മാക്‌സ്‌വെല്ലും ചേര്‍ന്ന് പഞ്ചാബിനെ കരകയറ്റാനുള്ള ശ്രമം. സഞ്ജു സഹതാരങ്ങളോട് പറയുന്നു, പഞ്ചാബ് മികച്ച സംഘമാണ്, നിസാരമായി ഒന്നും കാണാനാകില്ല, വിജയം ഉറപ്പിക്കാനും.
മൂന്ന് ഓവറിന്റെ ഇടവേളയ്ക്ക് ശേഷം തീക്ഷണയെ മടക്കി എത്തിക്കുന്നു. മാക്‌സ്‌വെല്ലിനെതിരെ മികച്ച ചരിത്രമുണ്ട് തീക്ഷണയ്ക്ക്, അത് ആവര്‍ത്തിക്കുന്നു. കാരം ബോളില്‍ ഓസീസ് താരത്തിന്റെ ഇന്നിങ്സ് അവസാനിച്ചു. നാലാം തവണയാണ് ട്വന്റി 20യില്‍ മാക്‌സ്‌വെല്‍ തീക്ഷണയ്ക്ക് മുന്നില്‍ തലകുനിക്കുന്നത്.
നിര്‍ണായക നിമിഷത്തില്‍ വിക്കറ്റ് വീണാല്‍ രണ്ടാം വിക്കറ്റിന് മികച്ച നായകന്മാര്‍ ശ്രമിക്കാറുണ്ട്. വണ്‍ ബ്രിങ്സ് ടു. ഇന്ത്യയ്ക്കായി പലപ്പോഴും രോഹിത് ഇതിനായി ഉപയോഗിക്കുന്ന ബുംറയെയാണ്. ഇവിടെ സഞ്ജു തന്റെ വിശ്വസ്തൻ ഹസരങ്കയിലേക്കാണ് വിരല്‍ ചൂണ്ടിയത്. സഞ്ജുവിന്റെ വിശ്വാസം കാത്തു ലങ്കൻ താരം. വധേര പുറത്ത്. അവിടെയായിരുന്നു മത്സരം സമ്പൂര്‍ണമായും രാജസ്ഥാൻ വരുതിയിലാക്കിയത്.
ഇവിടെമാത്രമല്ല സഞ്ജുവിന്റെ തന്ത്രങ്ങള്‍ വിജയിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തു, അതും പരിചിതമില്ലാത്ത വിക്കറ്റില്‍, ഐപിഎല്ലില്‍ ഇതുവരെ 200 പിറക്കാത്ത മൈതാനത്ത് സഞ്ജുവും സംഘവും അത് സാധ്യമാക്കി. 180 പ്രതീക്ഷിച്ച ശ്രേയസിന് 205 കൊടുത്തു.
ബാറ്റിങ്ങില്‍ തനതുശൈലി വെടിഞ്ഞ് റെസ്പോണ്‍സിബിളായിരുന്നു സഞ്ജു. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ, മോശം പന്തുകളെ മാത്രം ശിക്ഷിച്ചുള്ള ബാറ്റിങ്. ജയ്സ്വാളിനൊപ്പം സഞ്ജു നല്‍കിയ തുടക്കമായിരുന്നു രാജസ്ഥാന്റെ അടിത്തറ.ജയ്സ്വാളിന്റെ അര്‍ദ്ധ സെഞ്ചുറിയും പരാഗിന്റെ പ്രകടനവും ജൂറല്‍ വരെ നീണ്ട ഓരോരുത്തരുടേയും ക്യാമിയോകളും വിസ്മരിക്കുന്നില്ല.
കൂട്ടിന് ജോസേട്ടനില്ല, പവര്‍പ്ലേയില്‍ ബോള്‍ട്ടില്ല. അശ്വിനും ചഹലിനും പകരമാകുമോ ശ്രീലങ്കൻ ദ്വയമെന്ന് ചോദ്യമുയര്‍ന്നു. എല്ലാത്തിനുമുള്ള ഉത്തരം സഞ്ജു നല്‍കിയിരിക്കുന്നു. രാജസ്ഥാനെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയത്തിലേക്ക് നയിച്ച നായകനായാണ് സഞ്ജു കളം വിട്ടത്. പ്രതീക്ഷ വെക്കാത്തൊരു ടീമില്‍ ആരാധകര്‍ പ്രതീക്ഷവെച്ചു തുടങ്ങിയിരിക്കുന്നു…