ആർബിഐ നാളെ യോഗം ചേരും; വായ്പ നിരക്ക് കുറച്ചേക്കും, പ്രതീക്ഷയോടെ സാധാരണക്കാർ

ദില്ലി: പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ പണനയ യോഗം നാളെ ആരംഭിക്കും. കഴിഞ്ഞ മാസങ്ങളിൽ പണപ്പെരുപ്പത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ റിസർവ് ബാങ്ക് വായ്പ നിരക്ക് കുറച്ചേക്കുമെന്നുള്ള പ്രതീക്ഷയിലാണ് വായ്പ് എടുത്തവർ. നിരക്കുകളിൽ 25 ബേസിസ് പോയിന്റ് കുറവ് ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രവചനങ്ങൾ. 

ഒരു സാമ്പത്തിക വർഷത്തിൽ ആറ് ദ്വൈമാസ യോഗങ്ങളാണ് ആർബിഐ നടത്തുക. പലിശ നിരക്കുകൾ, പണ വിതരണം, പണപ്പെരുപ്പ അവലോകനം തുടങ്ങിയ കാര്യങ്ങൾ ധനനയ കമ്മിറ്റി ചർച്ച ചെയ്യുന്നു. മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവസാന യോ​ഗം നടന്നത് ഫെബ്രുവരിയിലാണ്. ആർ‌ബി‌ഐയുടെ പുതിയ ​ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മീറ്റിം​ഗായിരുന്നു അത്. അഞ്ച് വർഷത്തിന് ശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ചത് കഴിഞ്ഞ യോ​ഗത്തിലായിരുന്നു. 25 ബേസിസ് പോയിൻ്റ് കുറച്ചുകൊണ്ട് റിപ്പോ നിരക്ക് 6.25% ആക്കി. 

2025-26 സാമ്പത്തിക വർഷത്തിലെ ധനനയ യോഗങ്ങളുടെ തീയതികൾ

2025 ഏപ്രിൽ 7, 8, 9 തീയതികളിൽ
2025 ജൂൺ 4, 5, 6 തീയതികളിൽ
2025 ഓഗസ്റ്റ് 5, 6, 7 തീയതികളിൽ
2025 സെപ്റ്റംബർ 29, 30, ഒക്ടോബർ 1 തീയതികളിൽ
2025 ഡിസംബർ 3, 4, 5 തീയതികളിൽ
2026 ഫെബ്രുവരി 4, 5, 6 തീയതികൾ

എന്താണ് എംപിസി കമ്മിറ്റി?

രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച മുന്നിൽ കണ്ടുകൊണ്ട് പണനയങ്ങൾ രൂപീകരിക്കുന്നതിനും പലിശനിരക്കുകൾ നിശ്ചയിക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ള  ആറ് അംഗ സമിതിയാണ് ആർ‌ബി‌ഐയുടെ എംപിസി. നിക്ഷേപം, വായ്പ നിരക്കുകളെ സ്വാധീനിക്കുന്ന റിപ്പോ നിരക്ക് തീരുമാനിക്കാൻ എംപിസി രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരുന്നു.

By admin