അമ്മയെ വൃദ്ധസദനത്തിലാക്കണം; ഭാര്യയുടെ ആവശ്യം എതിര്‍ത്തപ്പോള്‍ മര്‍ദനം, കൊല്ലുമെന്ന് ഭീഷണി, വീഡിയോ വൈറൽ
ഭോപ്പാല്‍: അമ്മയെ വൃദ്ധസദനത്തിലാക്കണം എന്ന ഭാര്യയുടെ ആവശ്യം നിരസിച്ച യുവാവിനും അമ്മയ്ക്കുമെതിരെ മര്‍ദനം. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. മരുമകളും ബന്ധുക്കളും ചേര്‍ന്ന് അമ്മായി അമ്മയേയും മകനേയും മര്‍ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. കാര്‍ സ്പെയര്‍ ബിസിനസുകാരനായ വിശാലിനും 70 കാരിയായ അമ്മ സരളയ്ക്കുമാണ് മര്‍ദനമേറ്റത്. മര്‍ദനത്തെ തുടര്‍ന്ന് വിശാല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
ഏപ്രില്‍ ഒന്നിനാണ് അമ്മയെ വൃദ്ധസദനത്തിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശാലും ഭാര്യയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാകുന്നത്. ഇതിനിടയില്‍ ഭാര്യ നിലീകയുടെ പിതാവ് വിശാലിനെ മര്‍ദിച്ചു. വിശാല്‍ പ്രതിരോധിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലായ സിസിടിവി വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഒരു സംഘം ആളുകള്‍ വീടിനകത്തേക്ക് കയറി വിശാലിനെയും അമ്മ സരളയേയും മര്‍ദിക്കുകയായിരുന്നു. നിലീക സരളയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വളരെ ചെറിയ പ്രശ്നം നിലീകയും ബന്ധുക്കളും ചേര്‍ന്ന് വഷളാക്കുകയായിരുന്നു എന്ന് സരള പറയുന്നു. വീടിനകത്തെ മര്‍ദനത്തിന് ശേഷം നിലീകയുടെ ബന്ധുക്കള്‍ വിശാലിനെ വീടിന് പുറത്തേക്ക് വലിച്ചിഴച്ചും. തുടര്‍ന്ന് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ വെച്ച് വിശാലിനെയും അമ്മയേയും കൊലപ്പെടുത്തുമെന്ന് നിലീകയുടെ സഹോദരന്‍ ഭീഷണി മുഴക്കി. ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി വിശാല്‍ പറഞ്ഞു. അവര്‍ ഗുണ്ടകളെ വിളിച്ചു വരുത്തി. അവളുടെ സഹോദരനും അച്ഛനും ഞങ്ങളെ മര്‍ദിച്ചു. ഇവര്‍ക്ക് എങ്ങനെയാണ് ഒരു സ്ത്രീയെ മര്‍ദിക്കാന്‍ സാധിക്കുന്നത് ? ഇപ്പോള്‍ എന്നേയും എന്‍റെ മകനേയും കൊന്നുകളയുമെന്നാണ് അവര്‍ ഭീഷണിപ്പെടുത്തുന്നത് എന്ന് 70 കാരിയായ സരള പ്രതികരിച്ചു.
വിശാലിന്‍റെ പരാതിയെ തുടര്‍ന്ന് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Read More:മാട്രിമോണി സൈറ്റിൽ പരിചയപ്പെട്ട റിട്ട.കേണലിനെതിരെ കയ്യേറ്റം; യുവതിക്കെതിരെ പരാതി നല്‍കി കേണൽ