കൊച്ചി: കൊച്ചിയിൽ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ ടാർഗറ്റ് എത്താത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കുന്ന ദൃശ്യം പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. അഞ്ച് വർഷം മുൻപ് ഇത്തരം വാർത്ത ചൈനയിൽ നിന്നും വന്നിരുന്നു. ഇത് കേരളത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സംഭവിക്കുമെന്ന് അതും തന്‍റെ ഗ്രാമത്തിൽ സംഭവിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു.
ബാഗ് നിറയെ വിൽപ്പന സാധനങ്ങളുമായി വീട്ടിൽ എത്താറുള്ള ചെറുപ്പക്കാരെപ്പറ്റി മുരളി തുമ്മാരുകുടി കുറിച്ചു. ‘എന്തെങ്കിലും എടുക്കണം സാർ’ എന്ന് നിർബന്ധിക്കും. പരിശീലനമാണ്, കഷ്ടപ്പാടാണ്, ടാർഗറ്റ് മീറ്റ് ചെയ്യേണ്ട ദിവസമാണ് എന്നിങ്ങനെ പറയും. പലപ്പോഴും ആവശ്യമില്ലെങ്കിലും വാങ്ങിപ്പോകും. സെയിൽസ് ടാർഗറ്റ് മീറ്റ് ചെയ്യാത്തവരെ മനുഷ്യത്യ രഹിതമായി കൈകാര്യം ചെയ്യുന്ന വാർത്ത വന്നത് തന്‍റെ ഗ്രാമത്തിൽ നിന്നാണെന്ന് മുരളി തുമ്മാരുകുടി കുറിച്ചു.
റോഡിൽ വണ്ടിയോടിക്കുമ്പോൾ പോലും കച്ചറ കാണിച്ചാൽ നാട്ടുകാർ ഉടനടി ഇടപെടുന്ന സ്ഥലമാണ്. ഇവിടെ എങ്ങനെയാണ് ആധുനിക സമൂഹത്തിന് അപമാനമായ ഇത്തരം കാര്യം സംഭവിച്ചതെന്നാണ് മുരളി തുമ്മാരുകുടിയുടെ ചോദ്യം.
കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും നമുക്ക് ആഗോളവൽക്കരണത്തിന്‍റെ നല്ല മാതൃകകൾ മതിയെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്‍റെ പൂർണരൂപം
ആഗോളവൽക്കരണം വെങ്ങോലയിൽ എത്തുമ്പോൾ
ഓരോ തവണയും നാട്ടിൽ എത്തുമ്പോൾ കാണുന്ന ഒരു കാഴ്ചയുണ്ട്.
ഒരു ബാഗ് നിറയെ വിൽപ്പന സാധനങ്ങളുമായി ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ വീട്ടിൽ വരുന്നു.
“എന്തെങ്കിലും എടുക്കണം സാർ” എന്നു പറഞ്ഞു നിർബന്ധിക്കലായി. പരിശീലനമാണ്, കഷ്ടപ്പാടാണ്, ടാർഗറ്റ് മീറ്റ് ചെയ്യേണ്ട ദിവസമാണ് എന്നിങ്ങനെ പലതുമാകും കഥ.
പലപ്പോഴും ആവശ്യമില്ലെങ്കിലും വാങ്ങിപ്പോകും.
ഇത്തവണ വന്ന പെൺകുട്ടി കരച്ചിൽ തുടങ്ങി. എത്ര പറഞ്ഞിട്ടും പോകുന്നില്ല.
എന്തായിരിക്കണം അതിന് കാരണം എന്നു ചിന്തിച്ചിരുന്നു. വ്യക്തിപരമായ സാമ്പത്തിക പ്രശ്നമായിരിക്കും എന്നാണ് ചിന്തിച്ചത്.
ഇന്നിപ്പോൾ ഈ വാർത്ത വരുന്നത് എൻറെ ഗ്രാമത്തിൽ നിന്നാണ്. സെയിൽസ് ടാർഗറ്റ് മീറ്റ് ചെയ്യാത്തവരെ മനുഷ്യത്യ രഹിതമായി കൈകാര്യം ചെയ്യുന്നു.
ആ പെൺകുട്ടിയും ടാർഗറ്റ് മീറ്റ് ചെയ്തില്ലെങ്കിൽ അക്രമിക്കുന്ന സംവിധാത്തിൻ്റെ ഇരയായിരിക്കുമോ?
അഞ്ചുവർഷം മുൻപ് ഇത്തരം വാർത്ത ചൈനയിൽ നിന്നും വന്നിരുന്നു.
ഇത് കേരളത്തിൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സംഭവിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.
അതും എൻ്റെ ഗ്രാമത്തിൽ
വിശ്വസിക്കാൻ പറ്റുന്നില്ല.
സ്വാതന്ത്ര്യ സമരസേനാനികൾ ഒക്കെ ഉണ്ടായിരുന്ന പ്രദേശമാണ്. രാഷ്ട്രീയം ഒക്കെ എല്ലാ തലത്തിലും എത്തിയിട്ടുള്ള സ്ഥലമാണ്.
റോഡിൽ വണ്ടിയോടിക്കുമ്പോൾ പോലും കച്ചറ കാണിച്ചാൽ നാട്ടുകാർ ഉട”നടി” ഇടപെടുന്ന സ്ഥലമാണ്.
ഇവിടെ എങ്ങനെയാണ് ആധുനിക സമൂഹത്തിന് അപമാനമായ ഇത്തരം കാര്യം സംഭവിച്ചത്?
കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. പക്ഷെ ഈ കാര്യം അന്വേഷിക്കണം.
കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം
നമുക്ക് ആഗോളവൽക്കരണത്തിൻ്റെ നല്ല മാതൃകകൾ മതി!