20 വർഷത്തെ കച്ചവടം അവസാനിപ്പിച്ച് ഷട്ടറിട്ടു, കടമുറി വാടകക്കെന്ന ബോർഡും വെച്ചു, അയയാതെ സിഐടിയു, വീണ്ടും ചർച്ച

പാലക്കാട്:കുളപ്പുള്ളിയിൽ സിഐടിയു ഭീഷണിയെ തുടർന്ന് സിമന്‍റ് കച്ചവടം നിർത്തിയതായി കടയുടമ ജയപ്രകാശ് അറിയിച്ചതിന് പിന്നാലെ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച. ഏപ്രിൽ എട്ടിന് ചര്‍ച്ച നടത്തുന്നതിനായി ഇരു കൂട്ടരെയും ലേബര്‍ ഓഫീസര്‍ വിളിച്ചത്. ഏപ്രിൽ എട്ടിന് ഷൊര്‍ണൂര്‍ ലേബര്‍ ഓഫീസിൽ കടയുടമയെയും സിഐടിയു പ്രതിനിധിയെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അതേസമയം, സിമന്‍റ് കച്ചവടം നിര്‍ത്തിയാലും സമരം തുടരുമെന്ന് സിഐടിയു അറിയിച്ചു. ഈ മാസം ഏഴിന് സിഐടിയു തൊഴിലാളികള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കടയ്ക്ക് മുന്നിൽ സത്യാഗ്രഹം നടത്തും.

സി ഐ ടി യു തൊഴിലാളികൾ ലോഡ് ഇറക്കാൻ അനുവദിക്കാത്തതിനാൽ 20 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായെന്നും കച്ചവടം നിര്‍ത്തുകയാണെന്നുമാണ് കടയുടമ വ്യക്തമാക്കിയത്. അതേസമയം, തൊഴിൽ നിഷേധത്തിനെതിരെയാണ് സമരമെന്നും കട പൂട്ടിയാലും പ്രതിഷേധം തുടരുമെന്നും സിഐടിയുവും നിലപാടെടുത്തു.

കഴിഞ്ഞ 20 വർഷമായി നടത്തി വന്ന സിമന്‍റ് കച്ചവടമാണ് ജയപ്രകാശ് അവസാനിപ്പിച്ചത്. സിമന്‍റ് ചാക്കുകൾ കയറ്റി ഇറക്കാൻ യന്ത്രം വെച്ചതിനെ ചൊല്ലിയാണ് സിഐടിയുമായുണ്ടായ തർക്കം ആരംഭിച്ചത്. പിന്നാലെ ഭീഷണി, ഷെഡ് കെട്ടി സമരം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായതോടെ ലോഡ് ഇറക്കാൻ പോലും ആകാത്ത സ്ഥിതിയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ഇങ്ങനെയൊരു അന്തരീക്ഷത്തിൽ അധികനാൾ തുടരാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് കട അടച്ചതെന്നാണ് ജയപ്രകാശ് പറയുന്നത്.

സിമന്‍റ് ഗോഡൗണിന് ഷട്ടറിട്ട് കടമുറി വാടകയ്ക്കെന്ന ബോർഡും വച്ചു. എന്നാൽ, ഉടമ പറയുന്നത് ശരിയല്ലെന്നും കടയുടെ പ്രവർത്തനം തടഞ്ഞിട്ടില്ലെന്നുമാണ് സിഐടിയു വാദം. കയറ്റിറക്ക് യന്ത്രം പ്രവർത്തിപ്പിക്കാൻ അഞ്ച് തൊഴിലാളികളെ വെക്കണമെന്നാണ് സിഐടിയുവിന്‍റെ ആവശ്യം. യന്ത്രം ഓപ്പറേറ്ററെ വെച്ച് പ്രവർത്തിപ്പിക്കാൻ ഹൈകോടതി ഉത്തരവ് ഉണ്ടെന്ന് കടയുടമയും ചൂണ്ടിക്കാട്ടുന്നു.

കുളപ്പുള്ളിയിൽ വീണ്ടും തൊഴിൽ തർക്കം; സിഐടിയു തൊഴിലാളികൾ മർദിച്ചെന്ന് കടയുടമ, നിഷേധിച്ച് സിഐടിയു

By admin