15 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം, അപൂർവ നേട്ടം തൊട്ട് ഡല്‍ഹി; ഒപ്പം ആ കടമ്പയും കടന്നു
ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ തട്ടകത്തില്‍ ആധികാരികമായി തകര്‍ത്ത് വിജയക്കുതിപ്പ് തുടർന്നിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 25 റണ്‍സിന്റെ ജയത്തോടെ പോയിന്റ് പട്ടികയുടെ തലപ്പത്ത് എത്താനും ഡല്‍ഹിക്ക് സാധിച്ചു. ജയത്തോടൊപ്പം ചില നാഴികക്കല്ലുകളും പിന്നിടാൻ അക്സർ പട്ടേലിനും സംഘത്തിനുമായി. 2009ന് ശേഷം ആദ്യമായണ് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിക്കുന്നത്.
ഇതിനോടപ്പം തന്നെ ചെന്നൈയുടെ മൈതാനത്ത് നേരിടുന്ന തുടർ തോല്‍വികള്‍ക്കും അവസാനം കാണാൻ ഡല്‍ഹിക്ക് സാധിച്ചു. 2010ന് ശേഷം ആദ്യമായാണ് ചെപ്പോക്കില്‍ ഡല്‍ഹി ചെന്നൈയെ പരാജയപ്പെടുത്തുന്നത്. നേരത്തെ സമാനമായൊരു കടമ്പ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മറികടന്നിരുന്നു. പ്രഥമ ഐപിഎല്‍ സീസണിന് ശേഷം ആദ്യമായി ചെന്നൈയെ ചെപ്പോക്കില്‍ മറികടക്കാൻ ബെംഗളൂരുവിനും കഴിഞ്ഞിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സ് നേടിയത്. കെ എല്‍ രാഹുലിന്റെ അര്‍ദ്ധ സെഞ്ചുറി ഇന്നിങ്സായിരുന്നു ഡല്‍ഹിക്ക് കരുത്തേകിയത്. 77 റണ്‍സാണ് വലം കയ്യൻ ബാറ്റർ നേടിയത്. 33 റണ്‍സെടുത്ത അഭിഷേക് പോറലും 24 റണ്‍സുമായി ട്രിസ്റ്റൻ സ്റ്റബ്സും രാഹുലിന് മികച്ച പിന്തുണ നല്‍കി. രണ്ട് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദാണ് ചെന്നൈക്കിയ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങില്‍ ഒരു ഘട്ടത്തിലും ചെന്നൈക്ക് ആധിപത്യം പുലർത്താൻ കഴിഞ്ഞിരുന്നില്ല. പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ മൂന്ന് മുൻനിര ബാറ്റർമാരെയും നഷ്ടമായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ വിജയ് ശങ്കറിന്റെ (69) പ്രകടനമാണ് തോല്‍വി ഭാരം കുറയ്ക്കാൻ ചെന്നൈയെ സഹായിച്ചത്. എം എസ് ധോണി 30 റണ്‍സുമായും ക്രീസില്‍ നിലകൊണ്ടു.
സീസണിലെ ചെന്നൈയുടെ മൂന്നാം തോല്‍വിയാണിത്. ഇതോടെ എട്ടാം സ്ഥാനത്തേക്ക് ചെന്നൈ പിന്തള്ളപ്പെട്ടു.