ഹാട്രിക്ക് അടിക്കാന്‍ ബേസില്‍: ‘മരണമാസ്സ്’ ഏപ്രിൽ 10ന് തീയേറ്ററുകളിൽ

കൊച്ചി: ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മിനിമം ഗ്യാരന്റി സിനിമകൾ ഉറപ്പ് നൽകുന്ന നായകനായ ബേസിലിന്റെ ‘മരണമാസ്സ്’ ഹൈപ്പിനനുസരിച്ചു ഉയരുമെന്നാണ് പ്രേക്ഷകപ്രവചനം. മമ്മൂട്ടി ചിത്രമായ ബസൂക്ക, നസ്ലിൻ ചിത്രമായ ആലപ്പുഴ ജിംഘാന എന്നിവക്ക് ഒപ്പമാകും ചിത്രം ഇറങ്ങുക. ഇരു ചിത്രങ്ങൾക്കും പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് ഉള്ളതിനാൽ ഈ ക്ലാഷിനെ വളരെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കികാണുന്നത്.

ബേസിൽ ജോസഫിന്റെ ട്രേഡ് മാർക്ക് കോമഡി ഘടകങ്ങൾ അടങ്ങിയ സിനിമ തന്നെയാകും മരണമാസ് എന്ന സൂചനയോടെയാണ് സസ്പെൻസും ആക്ഷനും അടങ്ങിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ സിവിക് സെൻസ് എന്ന പ്രൊമോ വീഡിയോയും ഫ്ലിപ്പ് സോങ്ങും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറക്കിയിരുന്നു. പോസ്റ്ററിലെ ബേസിലിന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു.

വിജയത്തിന്റെ ചവിട്ടുപടികളിലേക്ക് കുതിച്ചു കയറുന്ന ബേസിൽ ജോസഫ് മലയാളത്തിലെ ഏറ്റവും വിപണനമൂല്യമുളള നായകന്‍മാരില്‍ ഒരാളായി ഉയര്‍ന്നു നിൽക്കുന്ന സാഹചര്യത്തിൽ, പൊന്മാൻ എന്ന സിനിമക്ക് ശേഷം ബേസിലിന്റെതായി പുറത്തു വരുന്ന ചിത്രം കൂടിയാണ് മരണമാസ്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിപ്പോൾ കോളിവുഡ് എൻട്രി നടത്തിയിരിക്കുയാണ്.

പൊന്മാൻ, ഗുരുവായൂരമ്പലനടയിൽ, സൂക്ഷ്മദർശിനി, ജയ ജയ ജയ ജയ ഹേ, നുണക്കുഴി, ഫാലിമി , ജാൻ ഇ മാൻ തുടങ്ങിയ ബേസിൽ ജോസഫ് അഭിനയിച്ച സിനിമകൾ ഹിറ്റായിരുന്നു. ചെറിയ വേഷങ്ങളിൽ അഭിനയിച്ച് നായകനിരയിലേക്കുയർന്നപ്പോൾ അഭിനയിച്ച സിനിമകളെല്ലാം ഒന്നിനുപിറകെ ഒന്നായി ഹിറ്റടിച്ച ബേസിലിന്റെ മറ്റു സിനിമകൾ പോലെ തന്നെ മരണമാസും ഹിറ്റാകും എന്ന വിശ്വാസമാണ് ബേസിൽ എന്ന നടൻ പ്രേക്ഷകർക്ക് നൽകുന്ന മിനിമം ഗ്യാരന്റി.

ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഹാസ്യത്തില്‍ ചാലിച്ച കുടുംബകഥ, ചിരിപ്പിക്കാൻ ഒരുകൂട്ടം താരങ്ങൾ; ‘കോലാഹലം’ പുതിയ പോസ്റ്റർ

ഇതൊരു കൊച്ചുപടം ആ സൈഡിലൂടെ ഇറങ്ങട്ടെ: ഇഡ്‍ലി കടൈയുടെ കാര്യത്തില്‍ തീരുമാനം എടുത്ത് ധനുഷ് !
 

By admin