സഞ്ജു സാംസണ്‍ ക്യാപ്റ്റനായി തിരിച്ചെത്തുന്ന മത്സരം; രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ

മൊഹാലി: ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ശ്രേയസ് അയ്യരുടെ പഞ്ചാബ് ഇറങ്ങുന്നത്. ക്യാപ്റ്റനായി സഞ്ജു സാംസണ്‍ തിരിച്ചെത്തുന്ന ആവേശത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു വിക്കറ്റിന് പിന്നില്‍ നായകനായെത്തുമ്പോള്‍ രാജസ്ഥാന്‍ ടീമില്‍ മാറ്റമുറപ്പ്. ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാണ് രാജസ്ഥാന്റെ പ്രതിസന്ധി.

സഞ്ജുവും യസശ്വീ ജയ്‌സ്വാളും നല്‍കുന്ന തുടക്കം നിര്‍ണായകം. ധ്രുവ് ജുറല്‍, വാനിന്ദു ഹസരംഗ, ജ്രോഫ്ര ആര്‍ച്ചര്‍ തുടങ്ങിയവരും പ്രതീക്ഷയ്‌ക്കൊത്തുയരണം. പവര്‍പ്ലേയില്‍ ഓപ്പണര്‍മാരെ നഷ്ടമാവുന്നുണ്ടെങ്കിലും മധ്യനിരയുടെ കരുത്തിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. ശ്രേയസും ഒമാര്‍സായിയും സ്റ്റോയിനിസുമെല്ലാം വേഗത്തില്‍ റണ്ണടിക്കുന്നവര്‍. മാക്‌സ്‌വെല്‍കൂടി തകര്‍ത്തടിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും. അര്‍ഷ്ദീപും മാര്‍കോ യാന്‍സനും യുസ്‌വേന്ദ്ര ചഹലിനൊപ്പം പന്തെറിയാന്‍ ആവശ്യത്തിലേറെ ഓള്‍റൗണ്ടര്‍മാരുണ്ട് പഞ്ചാബ് നിരയില്‍. ഇരുടീമും ഏറ്റുമുട്ടുന്ന ഇരുപത്തിയൊപതാമത്തെ മത്സരം. രാജസ്ഥാന്‍ പതിനാറിലും പഞ്ചാബ് പന്ത്രണ്ടിലും ജയിച്ചു. കഴിഞ്ഞ സീസണില്‍ ഇരുടീമിനും ഓരോ ജയം വീതം.

സഞ്ജുവിനെ പൂട്ടാന്‍ വജ്രായുധം

സഞ്ജുവിനെ പൂട്ടാന്‍ പഞ്ചാബ് ടീമില്‍ ശ്രേയസിന് ഒരു വജ്രായുധമുണ്ട്. സഞ്ജുവിന്റെ സുഹൃത്തും മുന്‍ ടീം അംഗവുമായ ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ഒരുമിച്ച് കളിച്ചുള്ള പരിചയവും നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകളും ചഹലിന് അനുകൂലമാണ്. അതിനാല്‍ തന്നെ നാളത്തെ കളിയില്‍ ചഹല്‍ പവര്‍ പ്ലേയില്‍ പന്തെറിയാനുള്ള സാധ്യതയും കൂടുതലാണ്. ഐപിഎല്ലിലെ കണക്കുകള്‍ പരിശോധിച്ചാല്‍ സഞ്ജുവിനെതിരെ ചഹല്‍ 51 പന്തുകള്‍ എറിഞ്ഞിട്ടുണ്ട്. വെറും 52 റണ്‍സ് മാത്രമാണ് സഞ്ജുവിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. അതില്‍ 23 പന്തുകളില്‍ സഞ്ജുവിന് റണ്‍സ് നേടാനായിട്ടുമില്ല. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 103ഉം. 

ഐപിഎല്ലില്‍ 5 തവണ സഞ്ജുവിനെ പുറത്താക്കിയ താരമാണ് ചഹല്‍. 2020ല്‍ മാത്രം രണ്ട് തവണ സഞ്ജു ചഹലിന് മുന്നില്‍ അടിയറവ് പറഞ്ഞു. 2015, 16, 19 സീസണുകളില്‍ ഓരോ തവണയും സഞ്ജുവിനെ ചഹല്‍ പുറത്താക്കി.

By admin