വ്യോമസേന പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന പരിശീലകൻ മരിച്ചു

ദില്ലി: ആഗ്രയിൽ പാരച്യൂട്ട് പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ  വ്യോമസേനാ പരിശീലകൻ മരിച്ചു. ശനിയാഴ്ച ആഗ്രയിൽ നടന്ന “ഡെമോ ഡ്രോപ്പ്” പരിശീലന സമയത്താണ് പാരച്യൂട്ട് തകരാറിലായി  വ്യോമസേനാ പരിശീലകൻ  അപകടത്തിൽപ്പെടുന്നത്. വ്യോമസ സേനയുടെ ആകാശ് ഗംഗ സ്കൈഡൈവിംഗ് ടീമിലെ  പാരാ ജമ്പ് ഇൻസ്ട്രക്ടർ കർണാടക സ്വദേശിയായ മഞ്ജുനാഥ് ആണ് മരിച്ചത്. സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമെന്ന് വ്യോമസേന ഔദ്യോഗിക എക്സ് പേജിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പിൽ അറിയിച്ചു.

ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. വാറന്‍റ് ഓഫീസർ മഞ്ജുനാഥും ട്രെയിനികളുമടക്കം 12 പേരാണ് വ്യോമ സേന വിമാനത്തിൽ നിന്ന് ഡൈവ് ചെയ്തത്. ഇതിൽ 11 പേരും സേഫായി ലാൻറ് ചെയ്തു. മഞ്ജുനാഥിന്‍റെ പാരച്യൂട്ടിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യോമസേന ഉദ്യോഗസ്ഥന്‍റെ നഷ്ടത്തിൽ ഐഎഎഫ് അതീവ ദുഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന്‍റെ ദുഖത്തിലും വേദനയിലും പങ്കു ചേരുന്നതായും  ഐഎഎഫ് എക്‌സിൽ പോസ്റ്റ് ചെയ്തു.  

കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് രണ്ടാമത്തെ ഉദ്യോഗസ്ഥനെയാണ് നഷ്ടപ്പെടുന്നത്. ഗുജറാത്തിലെ ജാംനഗറിൽ പരിശീലനത്തിനിടെ വിമാനം തകർന്നുണ്ടായ അപകടത്തിൽ ജാഗ്വാർ യുദ്ധവിമാനത്തിന്‍റെ പൈലറ്റ് മരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം നടന്നത്.  അസാമാന്യ ധൈര്യത്തോടെ നിരവധി ജീവനുകൾ രക്ഷിച്ച ശേഷമായിരുന്നു സിദ്ധാർത്ഥിന്‍റെ മരണം. ഗുരുതരമായ സാങ്കേതിക തകരാറുകൾ കാരണം ജനസാന്ദ്രതയുള്ള പ്രദേശത്ത് തകർന്നുവീഴേണ്ട വിമാനമാണ് അദ്ദേഹം ആളില്ലാത്ത സ്ഥലത്തെത്തിച്ചത്. വിമാനം തകർന്നുവീഴുന്നതിന് തൊട്ടുമ്പ് സഹ പൈലറ്റിനെ വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇജക്ട് ചെയ്യാനും സിദ്ധാർത്ഥ് സഹായിച്ചിരുന്നു.  

റെവാരി നിവാസിയായ 28 കാരൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് സിദ്ധാർത്ഥ് യാദവ് ആണ് മരിച്ചത്. സിദ്ധാര്‍ഥ് യാദവ് അവധിക്കുശേഷം തിരികെ ജോലിക്ക് പ്രവേശിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. 2016-ല്‍ എന്‍ഡിഎ പരീക്ഷ പാസ്സായാണ് റെവാരിയിലെ ഭല്‍ഖി-മജ്ര ഗ്രാമത്തില്‍ നിന്നും സിദ്ധാര്‍ഥ് വ്യോമസേനയിലെത്തുന്നത്. രണ്ടു വര്‍ഷം മുമ്പ് ഫ്‌ളൈറ്റ് ലഫ്റ്റ്‌നന്റായി സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു. നവംബര്‍ രണ്ടിന് വിവാഹം നടക്കാനിരിക്കേയാണ് ദുരന്തം സംഭവിച്ചത്‌.

Read More :  കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനം, വീണ്ടും ട്വിസ്റ്റ്! പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തൽ

By admin