വിജയം നൂറുമേനി! അമേരിക്കയിലെ പിഎച്ച്ഡി വേണ്ടെന്ന് വെച്ച് സച്ചിൻ; ബോട്ടിൽ ടെക്നോളജിയിൽ ഹൈടെക് കൂൺ കൃഷി

കാസർകോട്: ഹൈടെക് കൂണ്‍ കൃഷിയില്‍ വിജയം കൊയ്യുകയാണ് കാഞ്ഞങ്ങാട് സ്വദേശി സച്ചിന്‍ പൈ. അമേരിക്കയില്‍ പിഎച്ച്‍‍‍ഡി ചെയ്യാനുള്ള തീരുമാനം ഒഴിവാക്കിയാണ് ഈ യുവാവ് കൂണ്‍ കര്‍ഷകനായി മാറിയത്. അന്തരീക്ഷം നിയന്ത്രിക്കാവുന്ന ഗ്രോ റൂമുകള്‍, കൃത്യമായ ഈര്‍പ്പവും താപനിലയും നിലനിര്‍ത്താന്‍ പാഡ് സിസ്റ്റം.  കാഞ്ഞങ്ങാട് എടത്തോടുള്ള സച്ചിന്‍ ജി പൈയുടെ ഹൈടെക് കൂണ്‍ കൃഷിയാണിത്. 

ബോട്ടില്‍ ടെക്നോളജി ഉപയോഗിച്ചാണ് കൂണ്‍ വളര്‍ത്തുന്നത്. രാസവസ്തു സാന്നിധ്യമില്ലാത്ത ജൈവ കൂണ്‍ കൃഷി എന്നതും ഇതിന്റെ സവിശേഷതയാണ്. അറക്കപ്പൊടിയാണ് പ്രാഥമിക വളര്‍ച്ചാ മാധ്യമം. കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സച്ചിന്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ജോലി ചെയ്യുന്നതിനിടെയാണ് കൂണ്‍ കൃഷി തുടങ്ങിയത്. 

ലോക്ഡൗണ്‍ കാലത്തെ പരീക്ഷണത്തില്‍ നിന്ന് പിന്നീട് പൂര്‍ണ്ണതോതില്‍ കൂണ്‍ കൃഷിയിലേക്ക് മാറുകയായിരുന്നു. കൂണുകള്‍ ഉണക്കി സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. വിത്തുകളും ഇവിടെ തന്നെ തയ്യാറാക്കുന്നു. ശരിയായ സാങ്കേതിക വിദ്യയും കൃഷിയില്‍ അഭിനിവേശവും ഉണ്ടെങ്കില്‍ എന്തും സാധ്യമാണെന്നാണ് ഈ യുവ കര്‍ഷകന്‍ പറയുന്നത്.

By admin