മൂന്നാം ഏകദിനത്തിലും തോല്‍വി, പരിഹസിച്ച ആരാധകരെ ആക്രമിച്ച് പാക് താരം ഖുഷ്ദില്‍ ഷാ, വീഡിയോ

പാകിസ്ഥാൻ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം നാടകീയ സംഭവങ്ങള്‍. ബെ ഓവലില്‍ നടന്ന മൂന്നാം മത്സരത്തിന് പിന്നാലെ പാകിസ്ഥാൻ താരങ്ങളും ആരാധകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. പാക് താരം ഖുഷ്ദില്‍ ഷായാണ് ആരാധകര്‍ക്ക് നേരെ തിരഞ്ഞത്. മൂന്നാം ഏകദിനവും ആധികാരികമായി കിവീസ് സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. 

ന്യൂസിലൻഡ് പര്യടനത്തിലെ തോല്‍വിയില്‍ ഖുഷ്ദിലിനെ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകര്‍ പരിഹസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് താരത്തെ ചൊടിപ്പിക്കുകയും ആരാധകര്‍ക്ക് അടുത്തേക്ക് പാഞ്ഞടുക്കുകയും ചെയ്തു. സപ്പോര്‍ട്ട് സ്റ്റാഫിന്റെ കൃത്യമായ ഇടപെടല്‍ അനിഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കാൻ സഹായിച്ചു.

നേരത്തെ അഞ്ച് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പര 1-4 ന് പാകിസ്ഥാന് നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഏകദിന പരമ്പരയിലും നാണക്കേടുണ്ടായത്. 

സംഭവത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവന പുറത്തിറക്കി. താരങ്ങള്‍ക്ക് നേരെ അധിക്ഷേപവാക്കുകള്‍ ആരാധകര്‍ ചൊരിഞ്ഞതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം. അഫ്ഗാനിസ്ഥാൻ ആരാധകരെ പ്രതിക്കൂട്ടിലാക്കിയാണ് ബോര്‍ഡിന്റെ പ്രസ്താവന.

“വിദേശകാണികള്‍ പാകിസ്ഥാൻ താരങ്ങള്‍ക്ക് നേരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ സംഭവത്തില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോ‍ര്‍ഡ് അപലപിക്കുന്നു. മത്സരത്തിന്റെ സമയത്ത് മൈതാനത്തുണ്ടായിരുന്ന താരങ്ങള്‍ക്ക് നേരെയാണ് മോശം പദപ്രയോഗങ്ങള്‍ കാണികള്‍ ഉപയോഗിച്ചത്. പാകിസ്ഥാൻ വിരുദ്ധ പ്രസ്താവനകള്‍ ഉയര്‍ന്നപ്പോഴാണ് ഖുഷ്ദില്‍ ഷാ പ്രതികരിച്ചത്. ഇതിന് ശേഷം അഫ്ഗാനിസ്ഥാൻ ആരാധകര്‍ പാഷ്തൊ ഭാഷയില്‍ അധിക്ഷേപിച്ചു. പാകിസ്ഥാൻ ടീമിന്റെ പരാതിയെത്തുടര്‍ന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇടപെടുകയും സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ചെയ്തു,” പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു.

By admin