മുലപ്പാലിൽ നിന്നും സോപ്പുകളുമായി യുവതി, വിവിധ ഗുണങ്ങളെന്ന് വിശദീകരണം
മുലപ്പാൽ എടുത്തുവെച്ചാൽ അതിന്റെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞാൽ എന്ത് ചെയ്യും? അത് കളയും അല്ലേ? എന്നാൽ, ലിയോ ജൂഡ് സോപ്പ് കമ്പനിയുടെ ഉടമയായ ടെയ്‌ലർ റോബിൻസൺ അതിൽ നിന്നും വിവിധ ഉത്പ്പന്നങ്ങൾ ഉണ്ടാക്കുകയാണ്. ഇത്തരം മുലപ്പാൽ ഉപയോഗിച്ച് സോപ്പുകൾ മുതൽ പ്രകൃതിദത്തമായ വിവിധ ബാത്തിംഗ് പ്രൊഡക്ടുകളാണ് ഇവർ വിൽക്കുന്നത്.
നവജാത ശിശുക്കൾക്ക് നൽകുന്ന ഏറ്റവും നല്ല ഭക്ഷണമായിട്ടാണ് മുലപ്പാൽ കണക്കാക്കപ്പെടുന്നത്. എന്നാൽ, ഇതിൽ നിന്നും എക്സിമ, സോറിയാസിസ്, ക്രാഡിൽ ക്യാപ്സ് തുടങ്ങിയ ചർമ്മപ്രശ്നങ്ങളെ ചെറുക്കുന്ന വിവിധ ഉത്പ്പന്നങ്ങൾ നിർമ്മിക്കുകയാണ് താൻ ചെയ്യുന്നത് എന്നാണ് ടെയ്‌ലർ റോബിൻസൺ പറയുന്നത്.
ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ ടെയ്ലർ ഇതേ കുറിച്ച് വിശദീകരിക്കുന്നത് കാണാം. ഒപ്പം എങ്ങനെയാണ് ഈ മുലപ്പാൽ വിവിധ ഉത്പ്പന്നങ്ങളായി മാറുന്നത് എന്നും വീഡിയോയിൽ കാണുന്നുണ്ട്.
തന്റെ ഈ പ്രൊഡക്ടുകൾ ആളുകളിൽ വിവിധ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നുണ്ട് എന്നാണ് അവൾ പറയുന്നത്. ആളുകൾ സമയം കഴിഞ്ഞ മുലപ്പാൽ തങ്ങൾക്ക് അയക്കുകയാണ് ചെയ്യുന്നത്. അതിൽ നിന്നും സോപ്പുകൾ ഉണ്ടാക്കിയെടുക്കുകയാണ് തന്റെ കമ്പനി ചെയ്യുന്നത് എന്നും ടെയ്ലർ പറയുന്നു.
ഈ പാലിന്റെ ഏറ്റവും മികച്ച പുനരുപയോഗമാണ് ഇത്. മുലപ്പാലിൽ നിന്നും കിട്ടുന്ന ഗുണങ്ങൾ തന്റെ ഈ ഉത്പ്പന്നങ്ങളിൽ നിന്നും ലഭിക്കുന്നു എന്നും ടെയ്ലർ പറയുന്നു. ഇത് കാണുമ്പോൾ ചിലർക്ക് വെറുപ്പും അറപ്പും തോന്നാറുണ്ട്. എന്നാൽ, മറ്റ് ചിലർക്ക് അമ്പരപ്പും അത്ഭുതവുമാണ് തോന്നാറുള്ളത് എന്നും ടെയ്ലർ തുറന്ന് സമ്മതിക്കുന്നു.
നിരവധിപ്പേരാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ചിലർക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് ചിലർ ചോദിക്കുന്നത് ഇതിന് എന്താണ് കുഴപ്പം എന്നാണ്.