മദ്യപിച്ചിരുന്നില്ല, കഞ്ചാവ് ഉപയോഗിച്ചിരുന്നു; 20 ദിവസത്തിനു ശേഷം വഡോദര പ്രതികളുടെ രക്തസാമ്പിൾ റിപ്പോർട്ട്

വഡോദര: കഴിഞ്ഞ മാസം വഡോദരയിൽ നടന്ന അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പ്രതിയായ രക്ഷിത് ചൗരസ്യ മയക്കുമരുന്ന് ഉപയോഗിച്ചാണ് വാഹനമോടിച്ചതെന്ന് പൊലീസ്. ഗാന്ധിനഗറിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് രക്തസാമ്പിളിന്റെ (എഫ്എസ്എൽ) പ്രാഥമിക റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. സംഭവ സമയത്ത് സഹയാത്രികരായ പ്രാൻഷു ചൗഹാൻ, സുരേഷ് ഭർവാദ് എന്നിവരും ഈ സമയത്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞു. രാജ്യത്തെയാകെ ഞെട്ടിച്ച അപകടം നടന്ന് ഏകദേശം 20 ദിവസങ്ങൾക്ക് ശേഷമാണ് മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നിട്ടുള്ളത്. 

1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം മൂന്ന് പ്രതികൾക്കെതിരെയും പൊലീസ് കേസെടുത്തു. രക്ഷിത് മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിനാൽ 1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിലെ സെക്ഷൻ 185 ഉം ചുമത്തിയിട്ടുണ്ട്. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന 1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിലെ സെക്ഷൻ 185 ചൗരസ്യയ്‌ക്കെതിരെ ചുമത്തി. നിലവിൽ രക്ഷിത് വഡോദര സെൻട്രൽ ജയിലിലാണ്. ചൗഹാൻ അറസ്റ്റിലാണ്. മൂന്നാമത്തെ പ്രതി നിലവിൽ ഒളിവിൽ തുടരുകയാണ്. 

മാർച്ച് 13 ന് ആണ് സംഭവമുണ്ടായത്. പ്രതികൾ സഞ്ചരിച്ച ഫോക്‌സ്‌വാഗൺ വിർടസ് സെഡാൻ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് ഹേമാലി പട്ടേൽ എന്ന സ്ത്രീ മരിക്കുകയും 7 പരിക്കേൽക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യയ്ക്ക് കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

മദ്യപിച്ച് നിലതെറ്റി യുവാവ്, വാവിട്ട് കരഞ്ഞ് പിഞ്ചുകുഞ്ഞ്, നാട്ടുകാരുടെ സംശയത്തിൽ പൊളിഞ്ഞത് തട്ടിക്കൊണ്ടുപോവൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin