‘മകൻ ഗേ ആണോ എന്ന് തുറന്നു ചോദിച്ചിട്ടുണ്ട്’; മനസു തുറന്ന് മഞ്ജു പത്രോസ്

സീരിയൽ രംഗത്തും സിനിമയിലും ഒരുപോലെ മികവ് കാട്ടിയിട്ടുള്ള താരമാണ് മഞ്ജു പത്രോസ്. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി. ഇപ്പോഴിതാ മകൻ കൗമാരത്തിലേക്ക് കടന്നശേഷം തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും മകനുമായുള്ള ബന്ധത്തെക്കുറിച്ചും തുറന്നു പറയുകയാണ് മഞ്ജു ഇപ്പോൾ.  പോട്രേയൽസ് ബൈ ഗദ്ദാഫി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. മകന് ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം അവന് കൊടുത്തിട്ടുണ്ടെന്നും സെക്സ് എജ്യുക്കേഷൻ അടക്കം പല കാര്യങ്ങളെക്കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങൾ മകന് പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നും താരം പറ‍ഞ്ഞു.

ഒരു സിംഗിൾ പേരന്റായി മകനെ വളർത്തുന്നതിൽ അഭിമാനമാണെന്നും മഞ്ജു പത്രോസ് അഭിമുഖത്തിൽ പറഞ്ഞു. ഒരിടയ്ക്ക് മകൻ ഗേയാണോയെന്ന് താൻ സംശയിച്ചിരുന്നുവെന്നും മഞ്‍ജു പത്രോസ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ”അവൻ എപ്പോഴും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകും, അവനെ എപ്പോഴും ഫോൺ വിളിക്കും. ഞങ്ങൾ കേൾക്കാതെ പതുക്കെയാണ് സംസാരിക്കുക. അപ്പോ എനിക്ക് സംശയം.. ബർണാച്ചാ, നീ ഗേ ആണോ എന്ന് ഞാൻ ചോദിച്ചു. അത് തെറ്റായ അർത്ഥത്തിൽ ഒന്നും അല്ല. അറിഞ്ഞിരിക്കാനാണ്. കാരണം, ടീനേജ് പ്രായം ആയിട്ടും അവന് ഗേൾഫ്രണ്ട് ഒന്നുമില്ല. പക്ഷേ, ഞാൻ ചോദിച്ച കാര്യം അപ്പോൾ തന്നെ അവൻ കൂട്ടികാരനെ വിളിച്ചു പറ‍ഞ്ഞു”, മഞ്ജു പത്രോസ് പറഞ്ഞു.

എൽജിബിടിക്യു കമ്യൂണിറ്റിയെക്കുറിച്ചും മഞ്ജു പത്രോസ് അഭിമുഖത്തിൽ സംസാരിച്ചു.

”എൽജിബിടിക്യു കമ്യൂണിറ്റിയിൽ ഉള്ളവരെ ഒരുപാട് പേർ പരിഹസിക്കാറുണ്ട്. അങ്ങനെ പരിഹസിക്കുന്നവർക്ക് എന്ത് ഉറപ്പാണുള്ളത് നാളെ അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ അങ്ങനെയാവില്ലെന്നതിൽ?. തങ്ങളുടെ സത്വം തിരിച്ചറിയുമ്പോൾ മുതൽ ഉള്ളിൽ വെന്തുകൊണ്ടാണ് അവരുടെ ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. മോന്റെ കാര്യത്തിൽ അതുകൊണ്ട് തന്നെ എല്ലാം ഞാൻ ശ്രദ്ധിച്ചിരുന്നു. മാതാപിതാക്കൾക്കല്ലാതെ മറ്റാർക്കാണ് മക്കളെ മനസിലാക്കാൻ സാധിക്കുക?”, മഞ്ജു പത്രോസ് ചോദിക്കുന്നു.

Read More: മലയാളത്തിൽ പുതുമയാർന്ന ആക്ഷൻ ക്രൈംത്രില്ലറുമായി ആനന്ദ് കൃഷ്‍ണ രാജിന്റെ ‘കാളരാത്രി’

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin