ബസൂക്കയിൽ വൻ സർപ്രൈസ്, മനുഷ്യനെ കൊല്ലാത്തൊരു ത്രില്ലർ പടവും; സിദ്ധാർത്ഥ് ഭരതൻ പറയുന്നു
മലയാളികൾ കഴിഞ്ഞ കുറച്ച് വർഷമായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബസൂക്ക. മമ്മൂട്ടി സ്റ്റൈലിഷ് ഗെറ്റപ്പിലെത്തുന്ന ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. പ്രമോഷൻ മെറ്റീരിയലുകളും ഇതിന്റെ ഭാഗമായി പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ മനുഷ്യനെ കൊല്ലാത്തൊരു ത്രില്ലർ പടമാണ് ബസൂക്കയെന്ന് പറയുകയാണ് നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ. ചിത്രത്തിൽ മമ്മൂട്ടി രണ്ട് ലുക്കിലാണ് വരുന്നതെന്നും താരം വെളിപ്പെടുത്തി.
‘ബസൂക്കയ്ക്ക് ശേഷമായിരുന്നു ഭ്രമയുഗത്തിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിക്കുന്നത്. ആക്ഷൻ ത്രില്ലർ ജോണറിലുള്ള സിനിമയാണ് ബസൂക്ക. ക്യാറ്റ് ആന്റ് മൗസ് ഗെയിം ഉണ്ട്. ഒരാളെ പിടിക്കാൻ നോക്കുന്നു. അയാൾ പിടിക്കപ്പെടാതെ നോക്കുന്നു എന്നതാണ്. ബസൂക്കയിൽ മമ്മൂക്ക രണ്ട് ലുക്കിലാണ് വരുന്നത്. രണ്ട് ലുക്കും അടിപൊളിയാണ്. നല്ല ആക്ഷൻ രംഗങ്ങളുണ്ട്’, എന്ന് സിദ്ധാർത്ഥ് ഭരതൻ പറയുന്നു. ഒൺ ടു ടോക്ക് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ബസൂക്കയിൽ കൊലപാതക രംഗങ്ങൾ ഒന്നുമില്ല. അങ്ങനത്തെ സീനുകളും ഇല്ല. മനുഷ്യനെ കൊല്ലാത്തൊരു ത്രില്ലർ പടം. വയലൻസില്ലാത്ത ഒരു ത്രില്ലർ ഫിലിം. വയലൻസ് ട്രെന്റ് ആണല്ലോ ഇപ്പോൾ അതാണ് അങ്ങനെ പറയാൻ കാരണം. മനുഷ്യനെ കൊല്ലുന്നതാണ് ഇപ്പോഴിവിടെ ആളുകൾ എൻജോയ് ചെയ്യുന്നത്. പ്രേക്ഷകരുടെ കാര്യമാണ് പറയുന്നത്. അതെന്ത് കൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. കോമഡി, പ്രണയ സിനിമകൾ വരണം. പ്രേക്ഷകരുടെ വ്യൂ പോയിന്റ് മാറി’, എന്നും സിദ്ധാർത്ഥ് ഭരതൻ പറയുന്നു.
‘കാര്യങ്ങൾ മനസിലാകുന്ന മനുഷ്യനാണ് മമ്മൂക്ക. കുറച്ചൊന്ന് ഗമയിട്ട് നിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾ അടുക്കാതിരിക്കാനാകും. അഭിനേതാക്കളെ സമമായിട്ട് കാണും. മഹാനായ വ്യക്തിയാണ് അദ്ദേഹം’, എന്നും സിദ്ധാർത്ഥ് ഭരതൻ കൂട്ടിച്ചേർത്തു. അതേസമയം, ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.