പ്രവേശനമില്ലാത്ത ദ്വീപ്, അനധികൃതമായി കടന്ന് ഗോത്രവിഭാഗക്കാരെ കാണാൻ യുവാവ്, തേങ്ങയും കോളയും നൽകി, അറസ്റ്റ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംരക്ഷിത വിഭാഗത്തിൽ പെട്ട ഗോത്രജനതയുണ്ട്. അങ്ങോട്ടുള്ള പ്രവേശനം മിക്കവാറും കർശനമായി നിരോധിച്ചിരിക്കും. അതിന് പലവിധ കാരണങ്ങളുണ്ട്. ഭൂമിയിൽ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ ഗോത്രവിഭാഗങ്ങളെ സംരക്ഷിക്കുകയടക്കം അതിൽ പെടുന്നു. മാത്രമല്ല, ചില വിഭാഗക്കാർ മറ്റ് ജനവിഭാഗങ്ങളുമായി ഇടപെടാൻ ആഗ്രഹിക്കാത്തവരാണ്. ഏതായാലും ആൻഡമാനിലെ നോർത്ത് സെന്റിനൽ ദ്വീപ് ഇതുപോലെ ഒരു സംരക്ഷിത ഇടമാണ്. ഇവിടേക്ക് പ്രവേശിച്ച ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരിക്കയാണ് ഇപ്പോൾ.
24 -കാരനായ യുഎസ് പൗരൻ മൈഖൈലോ വിക്ടോറോവിച്ച് പോളിയാക്കോവിനെയാണ് നോർത്ത് സെന്റിനൽ ദ്വീപിലേക്ക് പ്രവേശിച്ചതിന് അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ആൻഡമാൻ പൊലീസ് ഡയറക്ടർ ജനറൽ ഹർഗോബിന്ദർ സിംഗ് ധാലിവാൾ ‘ത്രിൽ സീക്കർ’ എന്നാണ് ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന് മുമ്പും പലതവണ ഇയാൾ ദ്വീപിലെ സെന്റിനലീസ് ഗോത്രവുമായി ബന്ധപ്പെടാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.
ദ്വീപിനെയും ഗോത്രത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായിരുന്നത്രെ ഇയാളുടെ ശ്രമം. നിയമവിരുദ്ധമായി ദ്വീപിലേക്ക് പ്രവേശിക്കാൻ വേണ്ടി ബോട്ടും ഔട്ട്ബോർഡ് മോട്ടോറും ഇയാൾ തയ്യാറാക്കിയിരുന്നു എന്ന് ഡിജിപി ധലിവാൾ എഎൻഐയോട് പറഞ്ഞു.
മാർച്ച് 29 -നാണ് പോളിയാക്കോവ് തന്റെ ബോട്ടിൽ നോർത്ത് സെന്റിനൽ ദ്വീപിലേക്ക് പുറപ്പെട്ടത്. ദ്വീപിന്റെ സമീപത്ത് എത്തിയ ശേഷം ഗോത്രത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി വിസിൽ മുഴക്കിക്കൊണ്ട് ഇയാൾ തീരത്ത് ഒരു മണിക്കൂർ ചെലവഴിച്ചത്രെ.
തുടർന്ന് ഇയാൾ ബോട്ടിൽ നിന്നിറങ്ങി ഏകദേശം അഞ്ച് മിനിറ്റ് കരയിൽ ചെലവഴിച്ചു. ഗോത്രവിഭാഗക്കാരെ ആകർഷിക്കാനായി ഒരു തേങ്ങയും ഒരു ടിൻ കോളയും നൽകി. കൂടാതെ, ഇവിടെ നിന്നും മണൽ സാമ്പിളുകൾ ശേഖരിക്കുകയും വീഡിയോ എടുക്കുകയും ചെയ്തു. തുടർന്ന് വൈകുന്നേരം 7 മണിയോടെയാണ് ഇയാൾ കുർമ ദേര ബീച്ചിലേക്ക് മടങ്ങിയത്. ആ സമയത്ത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് ഇയാളെ കണ്ടത്. പിന്നീട്, അധികൃതരെ വിവരം അറിയിച്ചു. ദിവസങ്ങൾക്ക് ശേഷം ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടു.
വളരെ ശക്തമായ നിയമങ്ങളിലൂടെ ഗോത്രവിഭാഗക്കാരുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലേക്ക് പോകുന്നത് നിരോധിച്ചിരിക്കുകയാണ്. രോഗങ്ങളിൽ നിന്നും മറ്റും ഗോത്രവിഭാഗക്കാരുടെ സംരക്ഷണം മുൻനിർത്തിയാണ് ഇത്. മാത്രമല്ല, നേരത്തെ ഈ ദ്വീപിലേക്ക് പ്രവേശിച്ച ഒരു യുഎസ് മിഷണറി കൊല്ലപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ആരാണ് മധുമാല? സെന്‍റിനല്‍സുമായി അടുത്ത് ഇടപഴകിയ വനിത
എന്നാല്‍, സെന്‍റിനല്‍സുമായി അടുത്ത് ഇടപഴകിയ ഒരു വനിതയുണ്ട്. ആന്ത്രപോളജിസ്റ്റും ഗവേഷകയുമായ മധുമാല ചതോപാധ്യായ. ആദ്യമായും അവസാനമായും സെന്‍റിനല്‍സുമായി സൗഹൃദ ഇടപെടല്‍ നടത്തിയ ടീമിലെ അംഗവും ഏക വനിതയുമായിരുന്നു മധുമാല.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവർ സെന്‍റിനല്‍ ദ്വീപ് സന്ദര്‍ശിച്ചത്. ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭാഗമായി. ആദ്യം അവിടെ എത്തിയ ഉടനെ അവര്‍ക്ക് തേങ്ങയും കായയും കൈമാറുകയായിരുന്നു. അവരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ തന്നെ മണിക്കൂറുകളെടുത്തു. അതിന് ഒരുപാട് ഒരുപാട് ക്ഷമ ആവശ്യമാണ് എന്നാണ് മധുമാല പറയുന്നത്.
സെന്‍റിനല്‍സ് പൊലീസിനെയോ മറ്റാരെയെങ്കിലുമോ അങ്ങോട്ട് കടത്തിവിടുമെന്ന് തോന്നുന്നില്ല. അവര്‍ ദേഷ്യത്തിലാണ്. അവര്‍ ആദ്യം തന്നെ അറ്റാക്ക് ചെയ്യില്ല. അവര്‍ വാണിങ്ങ് കൊടുക്കും. ആംഗ്യത്തിലൂടെയും മുഖഭാവത്തിലൂടെയും ഒക്കെ, പിന്നെ അമ്പും വില്ലും കാണിക്കും.
മധുമാല നോര്‍ത്ത് സെന്‍റിനല്‍ ദ്വീപില്‍
സെന്‍റിനല്‍സ് അടക്കമുള്ള പല ഗോത്രവിഭാഗങ്ങളും പ്രകൃതിശക്തിയെ ആരാധിക്കുന്നവരാണ്. അവര്‍ അങ്ങനെ ആരാധിക്കുന്നത് അവരുടെ കൂടെ നിന്നപ്പോള്‍ ഞാന്‍ കണ്ടതാണ്. അവര്‍ ആകാശത്തിനോടും, ജലത്തിനോടും, ഭൂമിയോടുമാണ് പ്രാര്‍ത്ഥിക്കുന്നത്. അവര്‍ പ്രാര്‍ത്ഥിക്കുന്നത് അവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്ന പ്രകൃതിയെ ആണ്.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ച സമയത്ത് ആന്‍ഡമാനിലെ പത്ത് ഗോത്രവിഭാഗക്കാരെ സമീപിച്ചിരുന്നു. അന്ന് 3000 ആയിരുന്നു ഇവരുടെ ജനസംഖ്യ. ബ്രിട്ടീഷുകാര്‍ അവിടെ കോളനി ഉണ്ടാക്കാന്‍ ശ്രമിച്ചു. 1859 ല്‍ ബ്രിട്ടീഷുകാരെ കോളനിയിലുള്ളവര്‍ അക്രമിച്ചു. രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ പോരാട്ടം നടന്നു. ഒന്ന്, അമ്പും വില്ലുമായി ഗോത്രവര്‍ക്കാര്‍, മറുവശത്ത് തോക്കുകള്‍. അന്ന്, ഗോത്രവര്‍ഗക്കാരില്‍ പലരും കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ അവരുടെ ഇടത്തേക്ക് മടങ്ങി. പലരും വസൂരി അടക്കമുള്ള രോഗങ്ങള്‍ ബാധിച്ചു മരിച്ചു. സ്ത്രീകളെ ബ്രിട്ടീഷുകാര്‍ ചൂഷണം ചെയ്തു. പലരും കൊല്ലപ്പെട്ടു. അങ്ങനെ അവരുടെ ജനസംഖ്യ കുറഞ്ഞു.
ഇങ്ങനെ ജനസംഖ്യ കുറയുന്നത് കൊണ്ടാണ് ഇന്ത്യന്‍ ഗവണ്‍മെന്‍റ് അങ്ങോട്ടുള്ള പ്രവേശനം നിരോധിച്ചത്. അവരുടെ ജനസംഖ്യ കുറഞ്ഞു വരികയാണ്. ആ ഗോത്രവര്‍ഗം തന്നെ ഇല്ലാതായേക്കാം. ഇന്ത്യക്കാരാണെങ്കില്‍ പോലും സര്‍ക്കാരിന്‍റെ പ്രത്യേക അനുമതിയോടെ മാത്രമേ ദ്വീപിലേക്ക് പ്രവേശിക്കാനാകൂ. നിങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണെങ്കിലും നിങ്ങളുടെ മക്കള്‍ വിദേശത്താണ് ജനിച്ചതെങ്കില്‍ അവര്‍ക്ക് അങ്ങോട്ട് പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ല. നിങ്ങള്‍ ജോലി ചെയ്യുന്നത് ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ആണെന്നിരിക്കട്ടെ ഏത് പോസ്റ്റില്‍, എവിടെയാണോ ഗവണ്‍മെന്‍റ് നിര്‍ദേശിക്കുന്നത് അവിടെ മാത്രമേ പോകാന്‍ അനുമതിയുള്ളു.
പ്രകൃതിക്ഷോഭങ്ങളോ മറ്റോ വരുമ്പോള്‍ അല്ലാതെ ഒരുതരത്തിലും അവരെ ബന്ധപ്പെടാറില്ല. 2004 ല്‍ സുനാമി വന്നപ്പോള്‍ ഗവണ്‍മെന്‍റ് അവിടെ പരിശോധന നടത്തിയിരുന്നു.
സെന്‍റിനല്‍സ് അടക്കമുള്ള ഗോത്രവര്‍ഗക്കാര്‍ക്ക് നമ്മുടെ മതത്തിന്‍റെ ആവശ്യമില്ല. അവര്‍ക്ക് പ്രകൃതിയെ അറിയാം. അവര്‍ക്ക് അത് മാത്രമാണ് ആവശ്യവും. ഉദാഹരണത്തിന് ഞാന്‍ ജറാവാ ഗോത്രവര്‍ക്കാരുടെ കൂടെ ആയിരുന്നപ്പോള്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവരെന്നോട് പറഞ്ഞു ഇപ്പോള്‍ പോകേണ്ട മഴ പെയ്യുമെന്ന്. അത് വളരെ തെളിച്ചമുള്ള ദിവസമായിരുന്നു. പക്ഷെ, അവര്‍ പറഞ്ഞ് അര മണിക്കൂറിനുള്ളില്‍ മഴ പെയ്തു. അത്രയും അവര്‍ക്ക് പ്രകൃതിയെക്കുറിച്ച് അറിയാം.
ആന്‍ഡമാനിലേക്ക് ഒരിക്കല്‍ കൂടി പോകാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ പോകും. അവസാനമായി ഞാന്‍ പോയത് 1999 -ലാണ്. മനേക ഗാന്ധിയാണ് അനുമതി തന്നത്. അന്ന് എന്നെ കണ്ടപ്പോള്‍ ജറാവകള്‍ തിരിച്ചറിഞ്ഞു. അവരെന്നെ ‘മിലലേ’ എന്ന് വിളിച്ചു. അതിന് അര്‍ത്ഥം ‘സുഹൃത്ത്’ എന്നായിരുന്നു. അവര്‍ക്ക് എപ്പോഴും ഓര്‍മ്മയുണ്ട്.
(അമേരിക്കൻ മിഷനറി കൊല്ലപ്പെട്ട സമയത്ത് ദ പ്രിന്‍റിനു വേണ്ടി മധുമാല, നീരാ മജുംദാറുമായി സംസാരിച്ചതില്‍ നിന്ന്.)