പോക്സോ കേസിൽ ജയിലിലുള്ള യുവതിക്കുനേരെ തട്ടിപ്പ് പരാതിയും; 30പവനും 7ലക്ഷവും തട്ടി,രാഷ്ട്രീയ പ്രവർത്തകൻ്റെ പരാതി
കണ്ണൂർ: പോക്സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന യുവതിക്കെതിരെ തളിപ്പറമ്പ് സ്വദേശി തട്ടിപ്പ് പരാതിയുമായി രംഗത്ത്. കണ്ണൂർ പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് സ്വർണം ഉൾപ്പെടെ തട്ടിയെടുത്തതായാണ് പരാതി. 30 പവനും 7 ലക്ഷത്തോളം രൂപയും തട്ടിയെടുത്തന്നാണ് പരാതി. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ തളിപ്പറമ്പ് സ്വദേശി പൊലീസിൽ പരാതി നൽകി. 12 കാരിയെയും സഹോദരനെയും പീഡിപ്പിച്ചതിന് സ്നേഹയുടെ പേരിൽ പോക്സോ കേസ് നിലവിലുണ്ട്. 12 കാരിയെ പീഡിപ്പിച്ചതിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ് യുവതി. തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനായി സ്നേഹയെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
കണ്ണൂർ പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനെതിരെയാണ് പത്താം ക്ലാസുകാരനെ പീഡിപ്പിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. 12കാരിയുടെ സഹോദരനായ പത്താം ക്ലാസുകാരൻ വീട്ടുകാരോട് നടത്തിയ വെളിപ്പെടുത്തലിലാണ് പീഡനവിവരം പുറത്തറിയുന്നത്. സ്നേഹ മെർലിൻ ആൺകുട്ടിയെ നിർബന്ധിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് മൊഴി. പത്താംക്ലാസുകാരന്റെ സഹോദരിയെ പീഡിപ്പിച്ച കേസിൽ റിമാന്റിൽ കഴിയുകയാണ് സ്നേഹ. പെൺകുട്ടിയുടെ ബാഗിൽ നിന്ന് അദ്ധ്യാപിക ഫോൺ കണ്ടെടുത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലൈംഗികമായി ചൂഷണം ചെയ്തെന്ന് മനസിലായത്. സ്വർണാഭരണങ്ങളടക്കം വാങ്ങി നൽകിയായിരുന്നു പീഡനം. ചൈൽഡ് ലൈൻ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം തുറന്ന് പറഞ്ഞത്. മറ്റൊരു കുട്ടിയുടെ പരാതിയിലും സ്നേഹക്കെതിരെ കേസുണ്ട്.