ധോണി ഐപിഎല്‍ മതിയാക്കുന്നു? സജീവമായി വിരമിക്കല്‍ ചർച്ച, മറുപടിയുമായി സ്റ്റീഫൻ ഫ്ലെമിങ്
എം എസ് ധോണിയുടെ ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ അഭ്യൂഹങ്ങളോട് പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാലെയായിരുന്നു ഫ്ലെമിങ്ങിന്റെ പ്രതികരണം. മത്സരം കാണാൻ ധോണിയുടെ മാതാപിതാക്കളും കുടുംബവും എത്തിയിരുന്നു. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ വിരമിക്കല്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.
ധോണിയുടെ വിരമിക്കല്‍ ഇല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫ്ലെമിങ് മറുപടി വാക്കുകള്‍ ആരംഭിച്ചത്. ഇല്ല, ധോണിയുടെ കരിയറിന് അവസാനമിടേണ്ട ചുമതല എനിക്കല്ല. അതിനെക്കുറിച്ച് എനിക്കറിയില്ല. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാൻ ഇപ്പോഴും ആസ്വദിക്കുന്നു. കരുത്തോടെയാണ് ധോണി മുന്നോട്ടുപോകുന്നത്. ഇത്തരം കാര്യങ്ങള്‍ ഞാൻ ചോദിക്കാറില്ല. നിങ്ങളാണ് ഇതെല്ലാം ഉയര്‍ത്തിക്കൊണ്ടുവരുന്നത്, ഫ്ലെമിങ് വ്യക്തമാക്കി.
ഡല്‍ഹിക്കെതിരെ ധോണിക്ക് തിളങ്ങാനായിരുന്നില്ല. 26 പന്തില്‍ നിന്ന് 30 റണ്‍സായിരുന്നു താരത്തിന് നേടാനായത്. ധോണിക്ക് പുറമെ ചെന്നൈയുടെ മുൻനിരയും മധ്യനിരയും തിളങ്ങാതെ പോയി. മത്സരശേഷം ഡല്‍ഹി ബൗളര്‍മാരെ അഭിനന്ദിക്കുകയാണ് ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്വാദ് ചെയ്തത്. മധ്യഓവറുകളില്‍ മത്സരം അനുകൂലമാക്കി മാറ്റാനാകാതെ പോയെന്നും റുതുരാജ് പറഞ്ഞു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സ് നേടിയത്. കെ എല്‍ രാഹുലിന്റെ അര്‍ദ്ധ സെഞ്ചുറി ഇന്നിങ്സായിരുന്നു ഡല്‍ഹിക്ക് കരുത്തേകിയത്. 77 റണ്‍സാണ് വലം കയ്യൻ ബാറ്റർ നേടിയത്. 33 റണ്‍സെടുത്ത അഭിഷേക് പോറലും 24 റണ്‍സുമായി ട്രിസ്റ്റൻ സ്റ്റബ്സും രാഹുലിന് മികച്ച പിന്തുണ നല്‍കി. രണ്ട് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദാണ് ചെന്നൈക്കിയ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങില്‍ ഒരു ഘട്ടത്തിലും ചെന്നൈക്ക് ആധിപത്യം പുലർത്താൻ കഴിഞ്ഞിരുന്നില്ല. പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ മൂന്ന് മുൻനിര ബാറ്റർമാരെയും നഷ്ടമായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ വിജയ് ശങ്കറിന്റെ (69) പ്രകടനമാണ് തോല്‍വി ഭാരം കുറയ്ക്കാൻ ചെന്നൈയെ സഹായിച്ചത്. എം എസ് ധോണി 30 റണ്‍സുമായും ക്രീസില്‍ നിലകൊണ്ടു.
സീസണിലെ ചെന്നൈയുടെ മൂന്നാം തോല്‍വിയാണിത്. ഇതോടെ എട്ടാം സ്ഥാനത്തേക്ക് ചെന്നൈ പിന്തള്ളപ്പെട്ടു.