‘ഞങ്ങള്‍ക്ക് വലിയ ഹിറ്റുകള്‍ വേണമായിരുന്നു’; തിലകിന്റെ റിട്ടയേര്‍ഡ് ഔട്ടിനെ കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ

ലക്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്നലെ മൂന്നാം തോല്‍വിയാണ് നേരിട്ടത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. സൂര്യകുമാര്‍ യാദവ് (43 പന്തില്‍ 67), നമന്‍ ധിര്‍ (24 പന്തില്‍ 46) എന്നിവരാണ് മുംബൈ ഇന്നിംഗ്‌സില്‍ തിളങ്ങിയത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവിനെ മിച്ചല്‍ മാര്‍ഷ് (31 പന്തില്‍ 60), എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 53) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാര്‍ദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഇപ്പോള്‍ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. അദ്ദേഹത്തിന്റെ വാക്കുകള്‍… ”തോല്‍വിയില്‍ നിരാശയുണ്ട്. സത്യം പറഞ്ഞാല്‍, 10-15 റണ്‍സ് ഞങ്ങള്‍ കൂടുതല്‍ വിട്ടുകൊടുത്തു. എന്റെ ബൗളിംഗ് ഞാന്‍ എപ്പോഴും ആസ്വദിച്ചിട്ടുണ്ട്. വിക്കറ്റുകള്‍ക്ക് പിന്നാലെ ഞാന്‍ പോവാറില്ല. ഡോട്ട് ബോളുകള്‍ എറിയാനും ബാറ്റ്സ്മാന്മാരെ റിസ്‌ക് എടുക്കാന്‍ നിര്‍ബന്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഒരു ബാറ്റിംഗ് യൂണിറ്റ് എന്ന നിലയില്‍ ഞങ്ങള്‍ക്ക് വീഴ്ച പറ്റി. തോല്‍വിയില്‍ ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പൂര്‍ണ്ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.” ഹാര്‍ദിക് പറഞ്ഞു. 

തിലകിന്റെ റിട്ടയേര്‍ഡ് ഔട്ടിനെ കുറിച്ച് ഹാര്‍ദിക് പറഞ്ഞതിങ്ങനെ… ”ഞങ്ങള്‍ക്ക് ചില ഹിറ്റുകള്‍ ആവശ്യമായിരുന്നു. ക്രിക്കറ്റില്‍, ഇത്തരം സാഹചര്യങ്ങളുണ്ടാവും. നമ്മള്‍ ശ്രമിക്കും, പക്ഷേ അത് ഫലത്തില്‍ കാണുന്നില്ല. ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുക. മികച്ച തീരുമാനങ്ങള്‍ എടുക്കുക. കുറച്ച് ആക്രമണോത്സുകതയോടെ അനായാസമായി ക്രിക്കറ്റ് കളിക്കുക. ഇത് ഒരു നീണ്ട ടൂര്‍ണമെന്റായതിനാല്‍, രണ്ട് വിജയങ്ങള്‍ നേടിയാല്‍ വീണ്ടും താളത്തിലേക്ക് എത്താം.” ഹാര്‍ദിക് വ്യക്തമാക്കി.

മത്സരത്തിന്റെ പത്തൊന്‍പതാം ഓവറിനിടെ തിലക് വര്‍മ റിട്ടയേര്‍ഡ് ഔട്ടാവാന്‍ തീരുമാനിക്കുകയായിരുന്നു. കോച്ച് മഹേല ജയവര്‍ധനെ താരത്തെ തിരിച്ചുവിളിക്കുകയായിരുന്നു. സ്വയം ഔട്ടായ തിലക് വര്‍മക്ക് പകരം ക്രീസിലേക്ക് വന്നത് മിച്ചല്‍ സാന്റ്നര്‍. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അവസാന ഓവറില്‍ ജയിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ലക്ഷ്യത്തില്‍ എത്തിയില്ല.

By admin