ജയരാമനെ ‘വീഴ്ത്തിയത്’ ആൾമറയില്ലാത്ത കിണർ; പുലര്‍ച്ചെ എഴുന്നേറ്റ് വാതിലുകള്‍ തുറന്നിടുന്നവര്‍ കരുതിയിരിക്കണം

തൃശൂര്‍: ഗുരുവായൂരില്‍ പുലര്‍ച്ചെ വീട്ടില്‍ കയറി വയോധികയെ ആക്രമിച്ച് ഒരു പവന്‍റെ വള കവര്‍ന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുറുവ സംഘത്തില്‍പ്പെട്ട തമിഴ്‌നാട് രാമനാഥപുരം സ്വദേശി ജയരാമന്‍ (28) ആണ് അറസ്റ്റിലായത്. കുറുവാ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ചാമുണ്ഡേശ്വരി റോഡില്‍ കൃഷ്ണപ്രിയയില്‍ മാധവന്‍റെ ഭാര്യ പുഷ്പലതയെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. കഴിഞ്ഞ 27ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കിഴക്കേനടയിലെ അമ്പാടി പാര്‍ക്കിംഗ് ഗ്രൗണ്ടിന് മുന്നിലെ ചായക്കട തുറക്കാനായി മാധവന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് കണ്ടാണ് പ്രതി മോഷണത്തിനെത്തിയത്.

മാധവന്‍ പുറത്തിറങ്ങിയതോടെ ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് പ്രതി അകത്തു കയറി. വാതില്‍ അടയ്ക്കാനായി പുഷ്പലത എത്തിയ സമയത്ത് മോഷ്ടാവ് ഇവരെ തള്ളിയിടുകയായിരുന്നു. എഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് ഓടിയ പുഷ്പലതയെ പിന്തുടര്‍ന്ന് വീണ്ടും തള്ളിയിട്ട് കൈയിലെ വള ബലമായി ഊരിയെടുക്കുകയായിരുന്നു. ഇവര്‍ നിലവിളിച്ചപ്പോഴേക്കും മോഷ്ടാവ് വളയുമായി ഓടി രക്ഷപ്പെട്ടു. മോഷ്ടാവിന്‍റെ നഖം തട്ടിയും വീഴ്ചയില്‍ ചുണ്ടു പൊട്ടിയും പരുക്കേറ്റ ഇവര്‍ ചികിത്സ തേടിയിരുന്നു. 

അറസ്റ്റിലായത് അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ കണ്ണി

ഗുരുവായൂരില്‍ പിടിയിലായത് അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ എണീറ്റ് വാതിലുകള്‍ തുറന്നിടുന്നവര്‍ ഇത്തരം മോഷ്ടാക്കളെ കരുതിയിരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കുറുവ സംഘത്തില്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് തേനി സ്വദേശി കരുണാനിധിയുടെ ശിഷ്യനാണ് ഗുരുവായൂരില്‍ അറസ്റ്റിലായ രാമനാഥപുരം സ്വദേശി ജയരാമനെന്നും പൊലീസ് പറഞ്ഞു.

പുലര്‍ച്ചെ മോഷണം

പത്തിലധികം വരുന്ന സംഘമായി ട്രെയിനിലാണ് ഇവര്‍ എത്തുന്നത്. പിന്നീട് പല ഭാഗങ്ങളിലേക്കും തിരിഞ്ഞു പോകും. പുലര്‍ച്ചെയാണ് ഇവര്‍ പ്രധാനമായും മോഷണത്തിന് ഇറങ്ങുന്നത്. സിസിടിവി ക്യാമറകളില്‍ പെടാതിരിക്കാനായി തല മറച്ചിരിക്കും. ചെരിപ്പോ ഫോണോ ഉപയോഗിക്കില്ല. മോഷണത്തിനു ശേഷം പ്രധാന റോഡുകളിലേക്ക് ഇവര്‍ പ്രവേശിക്കില്ല. അതുകൊണ്ടുതന്നെ ഇവരെ പിടികൂടുക പ്രയാസമാണെന്ന് പൊലീസ് പറഞ്ഞു.

തിരുവെങ്കിടം എ.യു.പി. സ്‌കൂളിന് സമീപത്തെ വീട്ടിലാണ് ജയരാമന്‍ ആദ്യം കയറിയത്. വീട്ടുകാര്‍ ബഹളം വെച്ചതോടെ ഓടി രക്ഷപ്പെട്ടു. പിന്നീടാണ് കൃഷ്ണപ്രിയയില്‍ മാധവന്റെ വീട്ടിലെത്തിയത്. വീട്ടുകാരെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന് ഓടി രക്ഷപ്പെട്ട ഇയാളെ കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. സമീപത്തെ സി.സി.ടിവി ക്യാമറയില്‍ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും തലയില്‍ മുണ്ടിട്ടിരുന്നതിനാല്‍ തിരിച്ചറിയാനായിരുന്നില്ല.

‘വീഴ്ത്തിയത് ആള്‍മറയില്ലാത്ത കിണര്‍’

കഴിഞ്ഞ ദിവസം തൃത്താലയില്‍ മോഷണത്തിനിടെ നാട്ടുകാര്‍ കരുണാനിധിയേയും ജയരാമനേയും ഓടിച്ചിരുന്നു. പിന്നീട് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണതോടെ ഇവരെ നാട്ടുകാര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുവായൂരിലെ മോഷണത്തിന്റെ ചുരുളഴിയുന്നത്. ഗുരുവായൂരില്‍ നിന്ന് ലഭിച്ച സി.സി.ടിവി ദൃശ്യത്തില്‍ മോഷ്ടാവിന് മുടന്ത് ഉണ്ടായിരുന്നു. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ടെമ്പിള്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. 

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് 130000 രൂപ വാങ്ങി, ശേഷം യുവതിയെ കൊല്ലാൻ ശ്രമം; ദമ്പതികൾ 7 വർഷത്തിന് ശേഷം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin