കാറ്റി പെറി മുതല്‍ ഗെയ്ൽ കിംഗ് വരെ; ക്രൂ മുഴുവന്‍ വനിതകള്‍, ആറ് സ്ത്രീകളുമായി ബ്ലൂ ഒറിജിൻ ബഹിരാകാശത്തേക്ക്

ടെക്സസ്: ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള എയ്‌റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിൻ ആറ് സ്ത്രീകളെ ബഹിരാകാശത്തേക്ക് അയക്കാൻ ഒരുങ്ങുന്നു. ബ്ലൂ ഒറിജിനിന്‍റെ പുതിയ ‘ന്യൂ ഷെപ്പേർഡ്’ റോക്കറ്റ് നടത്തുന്ന 11-ാം മനുഷ്യ ബഹിരാകാശ ദൗത്യമാകും NS-31. അതിലെന്താണിത്ര പ്രത്യേകത എന്നല്ലേ? ന്യൂ ഷെപ്പേർഡ് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത് ആറ് സ്ത്രീകളുമായാണ്. ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത്. 

2025 ഏപ്രിൽ 14ന് ആറ് വനിതകളുമായി വെസ്റ്റ് ടെക്സസിൽ നിന്ന് കുതിച്ചുയരുന്ന ബ്ലൂ ഒറിജിന്‍റെ ന്യൂ ഷെപ്പോര്‍ഡ് റോക്കറ്റ് ബഹിരാകാശ സഞ്ചാര ചരിത്രത്തിൽ പുതിയ അധ്യായം എഴുതും. ഏകദേശം 10 മിനിറ്റ് ദൈർഘ്യമുള്ള ഈ യാത്രയിൽ, യാത്രക്കാർക്ക് നാല് മിനിറ്റ് വരെ ഭാരരഹിത അവസ്ഥ അനുഭവപ്പെടും. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കർമാൻ ലൈനിന്‍റെ മുകളിലൂടെയായിരിക്കും ഈ ദൗത്യത്തില്‍ പേടകം സഞ്ചരിക്കുക. ദൗത്യത്തിൽ പങ്കെടുക്കുന്നവരിൽ പ്രശസ്ത ഗായിക കാറ്റി പെറി ഉൾപ്പെടുന്നുണ്ട്. ഐഷ ബോവ്, അമാൻഡ ന്യൂഗുയെൻ, ഗെയ്ൽ കിംഗ്, കെറിയാൻ ഫ്ലിൻ, ലോറൻ സാഞ്ചസ് എന്നിവരാണ് യാത്രയിൽ പങ്കെടുക്കുന്ന മറ്റ് സ്ത്രീകൾ. ഈ ആറ് പേരെയും കുറിച്ച് വിശദമായി അറിയാം. 

1. ഐഷ ബോവ് 

നാസയിലെ മുൻ റോക്കറ്റ് ശാസ്ത്രജ്ഞയും സംരംഭകയും സ്റ്റെംബോര്‍ഡ് എന്ന എഞ്ചിനീയറിംഗ് കമ്പനിയുടെ സിഇഒയും, ലിങ്കോ എന്ന എഡ‍്യൂടെക് കമ്പനിയുടെയും സ്ഥാപകയുമാണ് ഐഷ.

2. അമാൻഡ എൻഗുയെൻ‌  

ബയോസ്ട്രോനോട്ടിക്സ് ഗവേഷകയും, ലൈംഗിക ക്രൂരകൃത്യങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അമാൻഡ ഗുയെൻ ആണ് മറ്റൊരു യാത്രിക. വിയറ്റ്നാമിൽ നിന്നുള്ള ആദ്യത്തെ ബഹിരാകാശ യാത്രിക കൂടിയാണിവർ.

3. ഗെയ്ൽ കിംഗ്

പ്രമുഖ പത്രപ്രവർത്തകയും സിബിഎസ് മോണിംഗിന്‍റെ അവതാരകയുമാണ് ഗെയ്ൽ കിംഗ്. പുതിയ അനുഭവങ്ങൾ ഏറ്റെടുക്കാൻ എപ്പോഴും തയാറായ ഗെയ്‌ലും ഈ യാത്രയിലുണ്ട്.. 

4. കാറ്റി പെറി  

ലോകപ്രശസ്ത സംഗീതജ്ഞയും യൂണിസെഫിന്‍റെ ഗുഡ്‌വിൽ അംബാസിഡറും, കലയിലൂടെ കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനുള്ള ഫയർവർക്ക് ഫൗണ്ടേഷൻ സ്ഥാപകയുമാണ് കാറ്റി പെറി.

5. കെറിയാൻ ഫ്ലിൻ 

ദിസ് ചേഞ്ചസ് എവരിതിംഗ്, ലില്ലി എന്നീ സിനിമകളുടെ നിർമ്മാതാവും കമ്മ്യൂണിറ്റി പ്രവർത്തകയുമാണ് കെറിയാൻ. 

6. ലോറൻ സാഞ്ചസ്  

ബ്ലാക്ക് ഓപ്സ് ഏവിയേഷന്‍ എന്ന കമ്പനി സ്ഥാപകയും ബെസോസ് എര്‍ത്ത് ഫണ്ടിന്‍റെ വൈസ് ചെയർപേഴ്സണുമായ ലോറന്‍ സാഞ്ചസാണ് മറ്റൊരു യാത്രിക.

വുമൺ-ഓൺലി ബഹിരാകാശ യാത്ര എന്ന ആശയം വലിയ ചർച്ചക്കായി മാറിയിരിക്കുകയാണ്. ഈ ദൗത്യത്തിന്‍റെ വിജയം ഭാവിയിലേറെ സ്ത്രീകളെ ബഹിരാകാശ പര്യവേഷണ രംഗത്ത് സജീവമാക്കുമെന്നതിൽ സംശയമില്ല.

Read more: ഭൂമിയുമായി സാമ്യമുള്ള നാല് കുഞ്ഞന്‍ ഗ്രഹങ്ങള്‍ കണ്ടെത്തി; ജീവനെ കുറിച്ചുള്ള അന്വേഷണത്തില്‍ പുതിയ പ്രതീക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin