എമ്പുരാന്റെ 24 വെട്ട്; മുല്ലപ്പെരിയാർ അണക്കെട്ട് ഭാഗവും നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ
എമ്പുരാൻ സിനിമയിലെ മുല്ലപ്പെരിയാൽ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമസഭയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെൻസർ ബോർഡ് സിനിമയിലെ ഈ ഭാഗങ്ങൾ അംഗീകരിച്ചതാണെന്നും എന്നാൽ എതിർപ്പിനെ തുടർന്ന് ഈ ഭാഗം നീക്കിയെന്നും സ്റ്റാലിൻ വ്യക്തമാക്കി. ടിവികെ എംഎൽഎ ടി വേൽമുരുകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ ആയിരുന്നു എമ്പുരാനെതിരെ രംഗത്തെത്തിയത്. അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. സിനിമയിൽ ചില രംഗങ്ങളിൽ മുല്ലപ്പെരിയാറിനെ അധിക്ഷേപിക്കുന്നുണ്ട് എന്നും കരാർ പ്രകാരം തമിഴ്നാടിനുള്ള താൽപര്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള പരാമർശങ്ങൾ ചിത്രീകരിച്ചെന്നും ആയിരുന്നു ഇവരുടെ വാദം.