‘എന്നെ കൊണ്ടുപോകാൻ വന്നില്ലല്ലോ, വരുമെന്ന് പറഞ്ഞതല്ലേ’; ഉള്ളുലഞ്ഞ് സാനിയ, സിദ്ധാർത്ഥിന് കണ്ണീരോടെ വിട

ഗാന്ധിനഗർ: ഗുജറാത്തിലെ ജാംനഗറിൽ വ്യോമസേനാ വിമാനം തകർന്ന് കൊല്ലപ്പെട്ട ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് സിദ്ധാർത്ഥ് യാദവിന് കണ്ണീരോടെ യാത്രാമൊഴിയേകി പ്രതിശ്രുത വധു സാനിയ.  ‘ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ മുഖം കാണാൻ അനുവദിക്കൂ’ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ സാനിയ, അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഉള്ളുലച്ചു. ജന്മനാടായ ഭലജി മജ്റയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 

28കാരനായ സിദ്ധാർത്ഥിന് വൈകാരികമായാണ് നാട് വിട ചൊല്ലിയത്. “ബേബി, നീ എന്നെ കൊണ്ടുപോകാൻ വന്നില്ലല്ലോ. വരുമെന്ന് പറഞ്ഞിരുന്നില്ലേ” എന്ന് പറഞ്ഞാണ് സാനിയ പൊട്ടിക്കരഞ്ഞത്. മാർച്ച് 23 നായിരുന്നു സിദ്ധാർത്ഥും സാനിയയും തമ്മിലുള്ള വിവാഹ നിശ്ചയം. നവംബർ 2 ന് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു.

ഏപ്രിൽ 3 ന് രാത്രിയാണ് ജാംനഗറിൽ ജാഗ്വാർ യുദ്ധവിമാനം തകർന്ന് അപകടമുണ്ടായത്. അസാമാന്യ ധൈര്യത്തോടെ നിരവധി ജീവനുകൾ രക്ഷിച്ച ശേഷമായിരുന്നു സിദ്ധാർത്ഥിന്‍റെ മരണം. ഗുരുതരമായ സാങ്കേതിക തകരാറുകൾ കാരണം ജനസാന്ദ്രതയുള്ള പ്രദേശത്ത് തകർന്നുവീഴേണ്ട വിമാനമാണ് അദ്ദേഹം ആളില്ലാത്ത സ്ഥലത്തെത്തിച്ചത്. വിമാനം തകർന്നുവീഴുന്നതിന് തൊട്ടുമ്പ് സഹ പൈലറ്റിനെ വിമാനത്തിൽ നിന്ന്  പുറത്തേക്ക് ഇജക്ട് ചെയ്യാന്‍ സഹായിച്ചു. ജാംനഗർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം.

2016ലാണ് സിദ്ധാർത്ഥ് വ്യോമസേനയിൽ ചേർന്നത്. മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷം ഫൈറ്റർ പൈലറ്റായി. സിദ്ധാർത്ഥിന്‍റെ അച്ഛൻ സുശീൽ യാദവ് മുൻ വ്യോമസേന ഉദ്യോഗസ്ഥനാണ്. മകൻ വ്യോമസേനാ മേധാവിയായി തിരിച്ചുവരുന്നത് കാണണമെന്നാതായിരുന്നു സ്വപ്നമെന്ന് അദ്ദേഹം പറഞ്ഞു. 

വിവാ​ഹ നിശ്ചയം കഴിഞ്ഞിട്ട് 11 ദിവസം, കൂട്ടുകാരനെ ജീവിതത്തിലേക്ക് ‘തള്ളിയിട്ടു’, സിദ്ധാർഥ് മരണത്തിലേക്ക്…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin