ഇതൊരല്‍പം ഓവറല്ലേ? വീണ്ടും നോട്ട്‌ബുക്ക്-സ്റ്റൈല്‍ സെലിബ്രേഷനുമായി ദിഗ്‌വേഷ് സിംഗ് രാത്തി
ലഖ്‌നൗ: വിക്കറ്റാഘോഷങ്ങള്‍, സെഞ്ചുറിയാഘോഷങ്ങള്‍, ക്യാച്ചാഘോഷങ്ങള്‍… അങ്ങനെ പലതരം സെലിബ്രേഷനുകള്‍ നമ്മള്‍ ക്രിക്കറ്റില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതൊരല്‍പം ഓവറല്ലേ എന്ന് തോന്നിപ്പിക്കുകയാണ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ ദിഗ്‌വേഷ് സിംഗ് രാത്തി.
കാര്യം പറഞ്ഞാല്‍ മികച്ച സ്പിന്നറാണ്, വിശേഷണം പോലെ മിസ്റ്റരി ഒക്കെ തോന്നുണ്ട്. ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ വിക്കറ്റെടുത്ത ശേഷം നോട്ട്‌ബുക്ക്-സ്റ്റൈല്‍ സെലിബ്രേഷന്‍ നടത്തുന്ന ദിഗ്‌വേഷ് സിംഗ് രാത്തി ഐപിഎല്ലില്‍ പതിവ് കാഴ്ചയാവുകയാണ്. ഇതിന് ഒരുവട്ടം ബിസിസിഐയുടെ താക്കീതും പിഴയും രാത്തിക്ക് ലഭിച്ചു. എന്നാല്‍ തൊട്ടടുത്ത മത്സരത്തിലും താരം ഇതേ സെലിബ്രേഷന്‍ ആവര്‍ത്തിച്ചു. ചെറിയൊരു വ്യത്യാസമുണ്ടെന്ന് മാത്രം.
ഐപിഎല്‍ 2025ല്‍ പഞ്ചാബ് കിംഗ്സ് ഓപ്പണ്‍ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റെടുത്ത ശേഷം നോട്ട്‌ബുക്കില്‍ എഴുതുന്ന ആംഗ്യം കാട്ടി യാത്രയപ്പ് നല്‍കിയാണ് ദിഗ്‌വേഷ് സിംഗ് രാത്തി ആദ്യം പുലിവാല്‍ പിടിച്ചത്. അതും പ്രിയാന്‍ഷിന്‍റെ അടുത്തെത്തി പ്രകോപനപരമായ രീതിയിലായിരുന്നു നോട്ട്ബുക്ക് എഴുത്ത്. ഇതേത്തുടര്‍ന്ന് രാത്തിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്‍റും ബിസിസിഐ വിധിച്ചിരുന്നു. ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം ലെവല്‍ 1 കുറ്റം ദിഗ്‌വേഷ് രാത്തി ചെയ്തതായായിരുന്നു ബിസിസിഐ കണ്ടെത്തല്‍.
തൊട്ടടുത്ത മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ നമാന്‍ ധിറിനെ ബൗള്‍ഡാക്കിയ ശേഷവും ദിഗ്‌വേഷ് സിംഗ് രാത്തി നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തി. എന്നാല്‍ ഇത്തവണ കൂടുതല്‍ പിഴ പേടിച്ച് താരത്തിന് തൊട്ടടുത്തേക്ക് പോയില്ല, അകലെ നിന്നാണ് രാത്തി ഈ ആംഗ്യം കാട്ടിയത്. എന്നിട്ടും പണി കിട്ടി. മാച്ച് ഫീയുടെ 50 ശതമാനം പിഴയും രണ്ട് ഡീമെറിറ്റ് പോയിന്‍റുകളുമാണ് രണ്ടാം ചട്ടലംഘനത്തിന് രാത്തിക്കെതിരെ ചുമത്തിയത്.
എതിര്‍ ബാറ്റര്‍മാരെ പുറത്താക്കുമ്പോള്‍ കൈയില്‍ എഴുതി കാണിക്കുന്ന തരത്തിലുള്ള നോട്ട്‌ബുക്ക് സെലിബ്രേഷന്‍ ക്രിക്കറ്റില്‍ മുമ്പും ആരാധകര്‍ കണ്ടിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ കെസ്രിക് വില്യംസാണ് ഈ സെലിബ്രേഷന്‍ ഏറ്റവും കൂടുതല്‍ തവണ നടത്തിയ താരം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കെസ്രിക് ഈ വിവാദ വിക്കറ്റാഘോഷം പലതവണ നടത്തിയിരുന്നു. 2017ല്‍ ഒരു ടി20 മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുറത്താക്കിയ ശേഷവും നോട്ട്‌ബുക്ക് സെലിബ്രേഷന്‍ കെസ്രിക് വില്യംസ് നടത്തിയിരുന്നു.
എതിര്‍ താരത്തെ അപമാനിക്കുകയാണ് നോട്ട്‌ബുക്ക് സെലിബ്രേഷനിലൂടെ ഒരു താരം ചെയ്യുന്നത് എന്നാണ് ബിസിസിഐയുടെ പക്ഷം. അതിനാല്‍ ദിഗ്‌വേഷ് സിംഗ് രാത്തി ബിസിസിഐയുടെ റഡാറില്‍ തുടരുമെന്നുറപ്പ്.
Read more: സഞ്ജു സാംസണ്‍ ക്യാപ്റ്റനായി തിരിച്ചെത്തുന്ന മത്സരം; രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം