തിരുവനന്തപുരം: ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയാണ് മൃദുല വിജയ്. സിനിമയിലൂയൊണ് അഭിനയത്തിന് തുടക്കം കുറിച്ചതെങ്കിലും മൃദുല കൂടുതലും ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. ടെലിവിഷൻ ഷോകളും താരത്തിന്റെ ജനപ്രീതി വർധിപ്പിച്ചു. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മൃദുല വിവാഹിതയാകുന്നത്. ഭർത്താവ് യുവ കൃഷ്ണയും സീരിയൽ രംഗത്ത് സജീവമാണ്.
ധ്വനി കൃഷ്ണ എന്നൊരു മകളും ഇവർക്കുണ്ട്. യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളെല്ലാം താരങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ വിനോദ രംഗത്ത് ചർച്ചാ വിഷയമായിരിക്കുന്ന എമ്പുരാനെക്കുറിച്ചും അതോടനുബന്ധിച്ചുള്ള വിവാദങ്ങളോടും പ്രതികരിക്കുകയാണ് താരം. ഇപ്പോൾ നടക്കുന്ന സംഭവങ്ങളെല്ലാം പ്രമോഷന്റെ ഭാഗമാണ് എന്നായിരുന്നു നടിയുടെ പ്രതികരണം.
”എമ്പുരാനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ വിവാദമാകുമോ എന്നറിയില്ല. എന്നാലും എനിക്ക് തോന്നിയ കാര്യം പറയാം. മഞ്ജു വാര്യരെ അറസ്റ്റ് ചെയ്യുന്ന ഒരു രംഗം അതിൽ കാണിക്കുന്നുണ്ട്. നമ്മൾ ഒരു പബ്ലിസിറ്റി കൊടുത്ത് ആളുകളുടെ ഇടയിലേക്ക് ഇറങ്ങുക എന്നൊരു കാര്യമാണ് അതിൽ കാണിക്കുന്നത്. അതേ പ്രതീതി തന്നെയാണ് എനിക്ക് ഈ വിവാദങ്ങളുടെ കാര്യത്തിലും തോന്നിയത്.
ഇതെല്ലാം പ്രമോഷനാണ്. എമ്പുരാൻ നേരത്തേ കണ്ട ആളുകൾ പോലും ഇതിൽ കട്ട് ചെയ്ത ഭാഗങ്ങൾ ഏതെല്ലാമാണ് എന്നറിയാൻ രണ്ടാമത് ഒന്നുകൂടി കാണും. കുറച്ച് ഭാഗങ്ങൾ കട്ട് ചെയ്യാൻ പോകുകയാണ് എന്നറിഞ്ഞപ്പോളും, അതിന് മുൻപേ കാണാൻ ഒരുപാട് ബുക്കിങ്ങുകൾ ഉണ്ടായിരുന്നു. ഒരുപാട് പേർ സിനിമ കാണുകയും ചെയ്തു.
പിന്നെ സിനിമയെ സിനിമയായിട്ട് കാണുക. ചിലത് എല്ലാം ഓപ്പണായിട്ട് പറയും, ചിലത് പറയില്ല. ഓരോ സിനിമക്കും അതിന്റേതായ രീതികളാണ്. ഏതായാലും ഇപ്പോൾ നടക്കുന്ന സംഭവങ്ങളെല്ലാം പ്രമോഷന്റെ ഭാഗമായിട്ടാണ് എനിക്കു തോന്നിയത്”, മൃദുല ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
വീഡിയോയ്ക്കു താഴെ മൃദുലയുടെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചുമുള്ള കമന്റുകൾ കാണാം. മൃദുല പറഞ്ഞത് ശരിയാണെന്നും ഇതെല്ലാം ബിസിനസ് ആണെന്നും ചിലർ പറയുന്നു. എന്നാൽ മൃദുലയെ വിമർശിച്ചുള്ള കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ”പടം വിജയിക്കുമ്പോൾ എല്ലാവർക്കും അസൂയ വരും അത് ഈ സീരിയലിൽ നടിക്ക് എന്തിനാ ഇത്ര അസൂയ എന്ന് അറിയില്ല”, എന്നാണ് ഒരാളുടെ കമന്റ്.