ഇതാ മാരുതിയുടെ പുതിയ അഞ്ച് സീറ്റർ കാർ, മൂന്നുമാസത്തിനകം എത്തുന്നത് അമ്പരപ്പിക്കും മൈലേജുള്ള മോഡൽ
രാജ്യത്തെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി വിപണിയിൽ തുടർച്ചയായി പുതിയ മോഡലുകൾ പുറത്തിറക്കുന്നു. ഈ ശ്രേണിയിൽ, വരും മാസങ്ങളിൽ പുതിയ 5 സീറ്റർ കാർ വിപണിയിലെത്തിക്കാൻ കമ്പനി ഒരുങ്ങുകയാണ്. മാരുതിയുടെ വരാനിരിക്കുന്ന 5 സീറ്റർ കാർ അടുത്ത മൂന്ന് മാസത്തിനുള്ളിൽ വിപണിയിൽ എത്തുമെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. അരീന ഡീലർഷിപ്പ് വഴിയായിരിക്കും കമ്പനി ഈ പുതിയ കാർ വിൽക്കുക. മാരുതിയുടെ വരാനിരിക്കുന്ന കാർ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ പോലുള്ള മോഡലുകളുമായി നേരിട്ട് മത്സരിക്കും. വരാനിരിക്കുന്ന മാരുതി കാറിന്റെ സാധ്യമായ സവിശേഷതകളെക്കുറിച്ച് വിശദമായി അറിയാം.
ഡിസൈൻ
ഏതാനും ആഴ്ചകൾക്ക് മുമ്പ് പരീക്ഷണത്തിനിടെ മാരുതിയുടെ വരാനിരിക്കുന്ന അഞ്ച് സീറ്റർ കാറും കണ്ടെത്തിയിരുന്നു. ഇതിന്റെ നീളം മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് തുല്യമാണ് എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും അതിന്‍റെ സ്റ്റൈലിംഗ് വ്യത്യസ്‍തമായി കാണപ്പെടും. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, പുതിയ ബമ്പറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു നേരായ ഗ്രിൽ, സിൽക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടാം. അതേസമയം, മാരുതി ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യത്യസ്‍തമാക്കുന്ന ഒരു പുതിയ ഫ്രണ്ട് സ്‍കിഡ് പ്ലേറ്റ് കാറിൽ കാണാൻ കഴിയും.
പവർട്രെയിൻ
ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, പുതുതായി രൂപകൽപ്പന ചെയ്ത Y-ആകൃതിയിലുള്ള അലോയ് വീലുകൾ, ലൈറ്റ് ബാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഷാർപ്പായിട്ടുള്ള LED ടെയിൽ ലാമ്പുകൾ, ഒരു വലിയ ട്രങ്ക് ലിഡ് എന്നിവ കാറിന്റെ സവിശേഷതകളാണ്. ഗ്രാൻഡ് വിറ്റാരയിലും ബ്രെസയിലും കാണുന്ന 1.5 ലിറ്റർ 4-സിലിണ്ടർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും ഈ കാറിൽ ഉപയോഗിക്കുകയെന്ന് പ്രതീക്ഷിക്കുന്നു. ഈ എഞ്ചിൻ കാറിന് മികച്ച മൈലേജ് ഉറപ്പാക്കും. ഇന്ത്യൻ വിപണിയിൽ ഇതിന്റെ എക്സ്-ഷോറൂം വില 11 മുതൽ 16 ലക്ഷം രൂപ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.