ആലപ്പുഴയിൽ അന്നദാനത്തിനിടെ 4 തവണ അച്ചാര്‍ ചോദിച്ചു, നല്‍കാത്തതിന് ഭാരവാഹിക്ക് മര്‍ദനം, യുവാവിനെതിരെ കേസ്
ആലപ്പുഴ: ആലപ്പുഴയിൽ ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാർ നൽകാത്തതിന് ക്ഷേത്ര ഭാരവാഹിക്ക് മർദനമെന്ന് പരാതി. തടയാൻ എത്തിയ ഭാര്യക്കും മർദനമേറ്റു. ദമ്പതികളുടെ പരാതിയിൽ വെള്ളക്കിണർ സ്വദേശി അരുണിനെതിരെ സൗത്ത് പോലീസ് കേസെടുത്തു.
ആലപ്പുഴ നഗരത്തിലെ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനിടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് പലതവണ അച്ചാർ ആവശ്യപ്പെട്ടു. നാലാം തവണയും ഇത് ആവർത്തിച്ചതോടെ വിളമ്പുകാരനുമായി തർക്കമായി. ഇത് പരിഹരിക്കാൻ എത്തിയപ്പോഴാണ് രാജേഷിനും ഭാര്യയ്ക്കും മർദനം ഏറ്റത്.
അരുണിനെയും ഒപ്പം ഉണ്ടായിരുന്നവരെയും നാട്ടുകാർ ചേർന്ന് പിടിച്ചുമാറ്റുകയായിരുന്നു. തുടർന്ന് രാജേഷും അർച്ചനയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ അന്ന് തന്നെ ചികിത്സതേടി. പരാതിയിൽ അരുണിനെതിരെ ആലപ്പുഴ സൗത്ത് പോലിസ് കേസെടുത്തു. പ്രകോപനം ഒന്നും ഇല്ലാതെ യുവാവ് പ്രശ്നം ഉണ്ടാക്കുകയായിരുന്നു എന്ന് മർദനമേറ്റ രാജേഷും ഭാര്യ അർച്ചനയും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.