അഡ്വഞ്ചർ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്ത് വർക്കല; അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതൽ

തിരുവനന്തപുരം: വിനോദ സഞ്ചാരികള്‍ക്കും സാഹസിക കായിക വിനോദ പ്രേമികള്‍ക്കും ആവേശമേകി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവലിന്‍റെ രണ്ടാം പതിപ്പിന് വര്‍ക്കല വേദിയാകും. ഏപ്രില്‍ 10 മുതല്‍ 13 വരെയാണ് ഫെസ്റ്റിവെല്‍. ഏപ്രില്‍ 10 ന് വൈകുന്നേരം 4 ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. വി.ജോയി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എംപിമാരായ അടൂര്‍ പ്രകാശ്, എ.എ റഹീം, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഏപ്രില്‍ 11 മുതല്‍ 13 വരെ എല്ലാ ദിവസവും രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് 2 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും. ദേശീയ, അന്തര്‍ദേശീയ വിഭാഗങ്ങളിലായി 60 ല്‍ പരം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്) ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി (ഡിടിപിസി)  സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഫെസ്റ്റിവെലിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തിലൂടെ 50 ഭാഗ്യശാലികള്‍ക്ക് സൗജന്യ സര്‍ഫിംഗ് സെഷനുകളില്‍ ഭാഗമാകാനാകും. പൊതുജനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടെക്കികള്‍, പ്രൊഫഷണലുകള്‍, വ്ളോഗര്‍മാര്‍/കണ്ടെന്‍റ് ക്രിയേറ്റര്‍മാര്‍/ഫോട്ടോഗ്രാഫര്‍മാര്‍, ഇന്‍ഫ്ളുവന്‍സേഴ്സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളില്‍ നിന്നാണ് 50 വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ഈ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം:  https://docs.google.com/forms/d/e/1FAIpQLSfijXjNEXJmKhRvJYEoHhLqkFngFmTBD9ZwZ9LeOSMDxXKTCw/viewform.

സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ഇന്‍റര്‍നാഷണല്‍ സര്‍ഫിംഗ് അസോസിയേഷനുമാണ് ഫെസ്റ്റിവെലിന് സാങ്കേതിക പിന്തുണ നല്‍കുന്നത്. എസ് യുപി ടെക്നിക്കല്‍ റേസ്, പാഡില്‍ ബോര്‍ഡ് ടെക്നിക്കല്‍ റേസ്, എസ് യുപി സര്‍ഫിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കും. പ്രാദേശിക, അന്തര്‍ദേശീയ സര്‍ഫര്‍മാര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.

മനോഹരമായ ബീച്ച്, കഫേകള്‍, വൈവിധ്യമാര്‍ന്ന പാചക അനുഭവം എന്നിവയാല്‍ അന്താരാഷ്ട്ര ടൂറിസത്തിന്‍റെ ഭൂപടത്തില്‍ ഇതിനകം സ്ഥാനം പിടിച്ചിരിക്കുന്ന വര്‍ക്കലയിലേക്ക് സര്‍ഫിംഗ് ഫെസ്റ്റിവെലിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി പ്രൊഫഷണല്‍ സര്‍ഫര്‍മാര്‍, സര്‍ഫിംഗ് ക്ലബ്ബുകള്‍, പരിശീലകര്‍ എന്നിവ വര്‍ക്കലയിലുണ്ട്. ഇത് അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ പോലുള്ള പരിപാടി നടത്താന്‍ അനുയോജ്യമായ സ്ഥലമാക്കി വര്‍ക്കലയെ മാറ്റുന്നു. നിരവധി പേര്‍ എത്തുന്ന പ്രധാന തീര്‍ഥാടന ടൂറിസം കേന്ദ്രങ്ങളിലൊന്നുമാണ് വര്‍ക്കലയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തെ ഒരു അഡ്വഞ്ചര്‍ ടൂറിസം സ്പോട്ട് ആക്കിമാറ്റാന്‍ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ടൂറിസം സെക്രട്ടറി ബിജു കെ. പറഞ്ഞു. സര്‍ഫിംഗ് ഫെസ്റ്റിവല്‍ പോലുള്ള പരിപാടികള്‍ കായിക വിനോദങ്ങളുടെ സംസ്കാരത്തെയും ജനപ്രീതിയെയും സമ്പന്നമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വര്‍ക്കലയുടെ ജലസാഹസിക വിനോദസാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കേരളത്തെ രാജ്യത്തെ പ്രധാന സര്‍ഫിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. ലോകോത്തര നിലവാരമുള്ള താമസ സൗകര്യങ്ങളും റെയില്‍, റോഡ്, വിമാന കണക്റ്റിവിറ്റിയും വര്‍ക്കലയെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കി മാറ്റുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മെയ് മാസത്തില്‍ വയനാട്ടിലെ മാനന്തവാടിയില്‍ മൗണ്ടന്‍ ടെറൈന്‍ ബൈക്കിംഗ് ചാമ്പ്യന്‍ഷിപ്പ് (എംടിബി കേരള 2025), ജൂലൈ 24 മുതല്‍ 27 വരെ കോഴിക്കോട്ട് ഇന്‍റര്‍നാഷണല്‍ വൈറ്റ് വാട്ടര്‍ കയാക്കിംഗ് എന്നിവയും ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. ഇടുക്കിയിലെ വാഗമണില്‍ കഴിഞ്ഞ മാസം അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചിരുന്നു.

READ MORE:  തിലകിനെ തിരികെ വിളിച്ച തീരുമാനം ഉള്‍ക്കൊള്ളാനാവാതെ സൂര്യകുമാര്‍; എല്ലാം അദ്ദേഹത്തിന്റെ മുഖം പറയും

By admin