അടുക്കളയ്ക്കൊരു മേക്ഓവർ ആയാലോ?
വീടിന്റെ ഹൃദയ ഭാഗമാണ് അടുക്കള. വീടുകളിൽ എപ്പോഴും ഉപയോഗിക്കുന്ന സ്ഥലവും അടുക്കള തന്നെയാണ്. അതുകൊണ്ട് തന്നെ മറ്റേത് ഭാഗത്തേക്കാളും കൂടുതൽ ശ്രദ്ധ വേണ്ടതും അടുക്കളയ്ക്ക് തന്നെയാണ്. പാചക നേരങ്ങൾ ആനന്ദകരമാക്കാനും പോസിറ്റീവ് എനർജി നൽകുന്ന അന്തരീക്ഷവും സൃഷ്ടിച്ചാൽ പിന്നെ അടുക്കളവിട്ട് നിങ്ങൾക്ക് ഇറങ്ങാനേ തോന്നില്ല. ഈ ചെറിയ മാറ്റങ്ങൾ നിങ്ങളുടെ അടുക്കളയുടെ ലുക്ക് തന്നെ മാറ്റും.
വെളിച്ചം വേണം
വീട് ഒരുക്കുമ്പോൾ അതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് ലൈറ്റിംഗ്. പ്രത്യേകിച്ചും അടുക്കളയിൽ. സാധാരണമായി മുറികൾക്ക് കൊടുക്കുന്ന ലൈറ്റുകൾ അടുക്കളയ്ക്ക് നൽകാൻ കഴിയില്ല. പലതരം ജോലികൾ ചെയ്യുന്നതുകൊണ്ട് തന്നെ ടാസ്ക് ലൈറ്റുകൾ നൽകുന്നതാണ് കൂടുതൽ ഉചിതം. കൂടാതെ ചുമരിൽ ഘടിപ്പിക്കുന്നതും, പലതരം മോഡലിലുമുള്ള ലൈറ്റുകൾ ലഭ്യമാണ്. ആവശ്യമെങ്കിൽ പെൻഡന്റ്, ഹാങ്ങിങ് ലൈറ്റുകളും ഉപയോഗിക്കാം.
ടേബിൾ ഒരുക്കാം
അടുക്കളയ്ക്കുള്ളിൽ തന്നെ ഡൈനിങ്ങ് ടേബിൾ സെറ്റ് ചെയ്താൽ ഭക്ഷണം എടുക്കാനും കഴിക്കാനും സൗകര്യമാകും. ഒരുപാട് സ്‌പേസ് ആവശ്യം വരാത്ത തരത്തിലുള്ള ടേബിളുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കൂടാതെ ടേബിളുകളിൽ ഫ്ലവർ വെയ്‌സ് കൂടെ സെറ്റ് ചെയ്താൽ അടുക്കളയ്ക്കും അതിന്റെ ഭംഗി ലഭിക്കുന്നു.
ഇൻഡോർ പ്ലാന്റ്
ഹാളിലും മുറിയിലും മാത്രമല്ല അടുക്കളയിലും ഇൻഡോർ പ്ലാന്റുകൾ വളർത്തുന്നത് നല്ലതാണ്. ജനാലയുടെ അരികിലും അടുക്കളയിൽ ഒഴിഞ്ഞ സ്ഥലങ്ങളുണ്ടെങ്കിൽ ആ ഭാഗത്തും ചെടികൾ വളർത്താം. ഇനി ഇൻഡോർ പ്ലാന്റുകൾ വേണ്ടെങ്കിൽ അടുക്കളയിൽ ആവശ്യമായ കറിവേപ്പില, പുതിന തുടങ്ങിയ ചെടികളും സൗകര്യത്തിന് അനുസരിച്ച് വളർത്താവുന്നതാണ്.
ഉപയോഗിക്കുന്ന വസ്തുക്കൾ
അടുക്കളയിൽ ഉപയോഗിക്കുന്ന ചെറുതും വലുതുമായ വസ്തുക്കൾ നല്ലത് തന്നെ തെരഞ്ഞെടുക്കണം. അടുക്കള ആയതുകൊണ്ട് അധികം ഭംഗിയുളളവ വേണ്ട എന്ന് കരുതരുത്. പലതരം സ്റ്റൈലിലുള്ള വസ്തുക്കൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഷോ പീസുകൾ വാങ്ങി സ്ഥലം നഷ്ടപ്പെടുത്തുകയും ചെയ്യരുത്. ഉപയോഗമുള്ള വസ്തുക്കൾ തന്നെ മനോഹരമായവ തെരഞ്ഞെടുക്കാം.