‘സല്ലു ഭായ്‍യുടെ കരിയർ നശിപ്പിച്ച് മതിയായില്ലേ’? നിർമ്മാതാവിന്‍റെ ഭാര്യയ്‍ക്കെതിരെ രോഷം; ഒടുവിൽ പ്രതികരണം

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളില്‍ ഏറ്റവുമധികം പ്രേക്ഷകരെ എത്തിക്കുന്ന താരമായിരുന്നു സല്‍മാന്‍. എന്നാല്‍ കൊവിഡിന് ശേഷമുള്ള ബോളിവുഡിന്‍റെ തകര്‍ച്ച കാലത്ത് സല്‍മാനും ചുവട് പിഴച്ചു. തന്‍റെ താരമൂല്യത്തിന് ചേര്‍ന്നൊരു വിജയം നേടാന്‍ അദ്ദേഹത്തിനും സാധിക്കുന്നില്ല. ഈദ് റിലീസ് ആയി എത്തിയ സിക്കന്ദറിന്‍റെ സ്ഥിതിയും മറ്റൊന്നല്ല. ചിത്രം കളക്റ്റ് ചെയ്യുന്നുണ്ടെങ്കിലും ഒരു സല്‍മാന്‍ ഖാന്‍ ചിത്രത്തിന് മുന്‍ കാലങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്ന പ്രതികരണങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ബോളിവുഡിനെ ഒട്ടാകെ നിരാശപ്പെടുത്തുന്നുണ്ട് അത്. അദ്ദേഹത്തിന്‍റെ ആരാധകരാവട്ടെ തങ്ങളുടെ നിരാശ സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിക്കുകയാണ്. അവരുടെ രോഷം പലപ്പോഴും അതിര് വിടുകയും ചെയ്യുന്നു. 

സല്‍മാന്‍ ഖാന്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് നദിയാദ്‍വാല ഗ്രാന്‍ഡ്സണ്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ സാജിദ് നദിയാദ്‍വാലയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ ആരാധകരുടെ ഓണ്‍ലൈനിലെ മര്യാദയില്ലാത്ത പെരുമാറ്റത്തിന് സാജിദിന്‍റെ ഭാര്യ വര്‍ദ ഖാന്‍ നദിയാദ്‍വാലയും ഇരയായി. സിക്കന്ദര്‍ മോശമായതിന് തന്നെ പരിഹസിക്കുന്ന പോസ്റ്റുകളും കമന്‍റുകളും തുടര്‍ച്ചയായി വരാന്‍ തുടങ്ങിയതോടെ അവരും പ്രതികരിച്ചു. 

 

“നിങ്ങള്‍ക്ക് നാണമില്ലേ? അതോ സല്‍മാന്‍ ഖാന്‍റെ കരിയര്‍ തകര്‍ക്കുന്നത് വരെ ഇത് നിര്‍ത്തില്ലേ? ഇത്ര ലജ്ജയില്ലാതെ ഇരിക്കാന്‍ എങ്ങനെ കഴിയുന്നു”, വര്‍ദയെ ടാഗ് ചെയ്തുകൊണ്ട് സല്‍മാന്‍ ഖാന്‍ ആരാധകര്‍ ചോദിച്ച കമന്‍റുകളിലൊന്ന് ഇങ്ങനെ ആയിരുന്നു. “വിവരമില്ലാത്ത സ്ത്രീ” എന്നായിരുന്നു മറ്റൊരാളുടെ പോസ്റ്റ്. ഇതിന് ‘വേഗം സുഖമാവട്ടെ’ എന്ന് അവര്‍ പ്രതികരിച്ചു. ആരാധകരുടെ രോഷത്തിന് അവര്‍ നല്‍കിയ പ്രതികരണങ്ങള്‍ വേഗത്തില്‍ വൈറലായി. അതോടെ വര്‍ദ തന്‍റെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കി. അതേസമയം സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായുള്ള പോസ്റ്റുകള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇപ്പോഴും ഉണ്ട്. അതേസമയം സിക്കന്ദറിന്‍റെ മോശം പ്രകടനത്തിന് വര്‍ദ നദിയാദ്‍വാലയെ മോശം പറയുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നവരും ഉണ്ട്.

 

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് 90 കോടിയാണ് ചിത്രം നേടിയ നെറ്റ്. ഗ്രോസ് 100 കോടിയും. ഒരു ബിഗ് ബജറ്റ് സല്‍മാന്‍ ചിത്രം ആദ്യ ദിനം തന്നെ വമ്പന്‍ കളക്ഷനാണ് മുന്‍പ് നേടിയിരുന്നത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 140 കോടിക്ക് മുകളിലാണെന്നാണ് സാക്നില്‍ക് പറയുന്നത്. 

ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; ‘ടീച്ചറമ്മ’യായി ശ്രീലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin