വെളുക്കും മുമ്പ് അച്ചാച്ചന്റെ ടോര്‍ച്ചുമായി ഇറങ്ങും, മുറ്റത്തെ പടുകൂറ്റന്‍ നാട്ടുമാവാണ് ലക്ഷ്യം!
നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.
രണ്ടുമാസത്തെ വേനലവധി വന്നാല്‍, എന്നെയും ചേച്ചിയെയും കൂട്ടി അമ്മയ്ക്ക് ഒരു പോക്കുണ്ട്. അമ്മയുടെ വീടായ പേരാമ്പ്രയിലെ കാപ്പുമ്മലിലേക്കാണ് യാത്ര. ഇപ്പോള്‍ എവിടെയെങ്കിലും പോയാല്‍ റോഡ് ക്രോസ് ചെയ്യാന്‍ പോലും പാടുപെടുന്ന അമ്മയെ കാണുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, അന്ന് എങ്ങനെയാവും തിക്കിലും തിരക്കിലും പോയിരുന്നതെന്ന്. അന്ന് കൈയില്‍ ഞങ്ങള്‍ മാത്രമല്ല, ഒരു കയ്യില്‍ തുണികള്‍ ഒക്കെ നിറച്ച ബാലുശ്ശേരി ഷിജാസിന്റെ കവറും ഉണ്ടാവും. അമ്മ പോരാളി തന്നെ!
പേരാമ്പ്ര എത്തിയാല്‍ പൈതോത്തേക്ക് ഓട്ടോ പിടിക്കണം. സ്റ്റാന്‍ഡിലേക്ക് കുറച്ചു നടക്കാന്‍ ഉണ്ട്. അതിനിടയ്ക്ക് എന്തെന്നില്ലാത്ത ഒരു ദാഹം വരും. അതിനുള്ള പരിഹാരവും അമ്മയുടെ കയ്യില്‍ കാണും- ഒരു സര്‍ബത്ത്! അത് ഞങ്ങള്‍ രണ്ടാള്‍ക്കും കൂടി രണ്ട് ഗ്ലാസില്‍ ആക്കി ഒഴിച്ചു കൊടുക്കാന്‍ പറയും കടക്കാരനോട്.
അതൊരു പതിവായിരുന്നു. അതുകഴിഞ്ഞാല്‍ നേരെ പോകുന്നത് അടുത്തുള്ള പഴക്കടയിലേക്ക്. അവിടുന്ന് കുറച്ചു നേന്ത്രപ്പഴം മേടിക്കും. മറ്റൊരുപലഹാരവുമായി ഇന്നേവരെ പോയ ഓര്‍മ്മ എനിക്കില്ല.
ഓട്ടോക്ക് കയറാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അതില്‍ കയറും. അല്ലെങ്കില്‍ നീട്ടി ഒരു നടത്തമുണ്ട്. പോകുന്ന വഴി കുറെ പഴം പുരാണങ്ങളും ഉണ്ടാവും. പണ്ട് അമ്മ സ്‌കൂളില്‍ പോയ വഴി, അമ്മയുടെ കൂട്ടുകാരുടെ വീട്. അങ്ങനെ ഓരോന്ന് കാണിച്ചാണ് അമ്മയുടെ നടത്തം.
വീട്ടിലെത്തിയാല്‍ നേരെ പോകുന്നത് അമ്മമ്മയുടെ മുറിയിലേക്ക് ആയിരിക്കും. കൊണ്ടുവന്ന കവര്‍ എല്ലാം കട്ടിലിനടിയില്‍ സ്ഥാനം പിടിക്കും. ആ കുന്നിന്റെ മുകളില്‍ എത്തിയതിന്റെ ക്ഷീണം മാറുന്നതിനു മുമ്പ്, അമ്മയോട് അമ്മമ്മയുടെ ചോദ്യം വരും. ‘നിനക്ക് ഇന്ന് പോകണ്ടല്ലോ, രണ്ടു മൂന്നു ദിവസം കഴിഞ്ഞ് പോയാല്‍ പോരെ’
കൂട്ടുകുടുംബം ആയിട്ടായിരുന്നു താമസം. വൈകിട്ടത്തെ നാമജപം കഴിഞ്ഞ് ഇരുട്ടി തുടങ്ങിയാല്‍ ഓരോ അമ്മാവന്മാരായി വന്നുതുടങ്ങും. എണ്ണം പറഞ്ഞ് അഞ്ച് അമ്മാവന്മാരുണ്ട്. ഞങ്ങള്‍ എത്തിയ വിവരം അമ്മായിമാര്‍ മുന്‍കൂറായി അറിയിച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ എന്തെങ്കിലുമൊക്കെ പലഹാരപ്പൊതികള്‍ പ്രതീക്ഷിക്കാം.
എല്ലാവരും കൂടെ അത്താഴം. അതു കഴിഞ്ഞ് തുണി വിരിച്ച് ഒരു കിടപ്പുണ്ട്. നേരം വെളുക്കുന്നതിനു മുമ്പ് അച്ചാച്ചന്റെ കട്ടിലിലെ ബാറ്ററി ടോര്‍ച്ചും എടുത്ത് കൂട്ടത്തില്‍ കയ്യൂക്കുള്ളവര്‍ ഇറങ്ങും. മുറ്റത്തോട് ചേര്‍ന്നുള്ള പടുകൂറ്റന്‍ നാട്ടുമാവിന്‍ ചുവടാണ് ലക്ഷ്യം. മുന്‍പന്തിയില്‍ കാണും ചേച്ചി.
നേരം വെളുത്ത് രാവിലത്തെ ചായ കഴിഞ്ഞാല്‍ തുടങ്ങും അന്നത്തെ കലാപരിപാടികള്‍. മൊട്ടംതറ കുളം, പാടത്തെ വെള്ളരി കൃഷി, ബാലകൃഷ്ണന്‍ നായരുടെ പറമ്പിലെ മാവ്, രാജേട്ടന്റെയും സദേട്ടന്റെയും കട… അങ്ങനെ തുടങ്ങി എന്തെല്ലാം!
അതിലും രസകരം അമ്മമ്മയുടെ കെട്ടുകളാണ്. ഉറുമ്പ് അരിമണി ശേഖരിക്കും പോലെ അമ്മമ്മ സൂക്ഷിച്ചു വച്ച പഴം തുണി കെട്ടുകള്‍. അതെല്ലാം എടുത്ത് ഞങ്ങള്‍ മേശയ്ക്ക് ചുറ്റും വീട് പണിയും. അതിനുള്ളില്‍ ഒരു കുടുംബം തന്നെ ഉണ്ടാകും. അച്ഛനായി, അമ്മയായി, മക്കളായി അങ്ങനെ.
പക്ഷെ അതിന് അല്‍പനേരത്തെ ആയുസ്സേ കാണൂ. തല മൂത്ത പോരാളി അമ്മുമ്മ ഒരു കൊടുങ്കാറ്റ് പോലെ വന്ന് എന്തോ പിറുപിറുത്തുകൊണ്ട് എല്ലാ തുണിയും വലിച്ച് ഒരു പോക്കുണ്ട്.
അപ്പോഴെല്ലാം പരാതി പറയാന്‍ ചെല്ലുന്നത് അച്ചാച്ചന്റെ അടുത്തേക്കാണ്. പിന്നെ നാടന്‍ പാട്ടായി, കഥകളായി. അതില്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നത് കന്നിക്കൊയ്ത്തിന് പോകാന്‍ വൈകിയ നീലിപ്പെണ്ണിന്റെ പാട്ടാണ്. കന്നംതിരിവ് കാണിച്ചാല്‍ അച്ചാച്ചന്റെ പ്രയോഗം കുരുമുളകിന്റെ വള്ളിത്തണ്ട് കൊണ്ടായിരുന്നു.
വിഷു ആയാല്‍ പറയേണ്ട, കശുവണ്ടിയും തേങ്ങയും എല്ലാം വിറ്റു പെറുക്കി ആണെങ്കിലും വേണ്ടില്ല, അമ്മാവന്മാര്‍ എല്ലാവരും കൂടെ പടക്കങ്ങള്‍ വാങ്ങിച്ച് കൂട്ടും. രാത്രി ആയാല്‍ അയല്‍പക്കത്തെ തത്തോത്തുകാരുമായി ഒരു പടക്കമത്സരം ആയിരുന്നു.
ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ മടക്കയാത്രക്കുള്ള സമയമായി. വിഷുകൈനീട്ടം കൂടാതെ അമ്മാവന്മാരും അച്ചാച്ചനും അമ്മമ്മയും എന്തെങ്കിലും ഒക്കെ തരും. പ്രായത്തില്‍ ഇളയത് ഞാന്‍ ആയത് കൊണ്ടാവണം എനിക്ക് ആയിരുന്നു ചേച്ചിയേക്കാള്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടാവുക. പക്ഷെ പറഞ്ഞിട്ട് എന്താ, എല്ലാം പോവുക അമ്മയുടെ കൈയിലെ ആ കവറിലേക്ക് ആവും. കൂട്ടിന് കുറച്ചു വെള്ളരിക്കയും ഉണ്ടാവും.
അങ്ങനെ ഇറങ്ങാന്‍ ഉള്ള നേരമായി. യാത്രയാക്കാന്‍ അമ്മമ്മ പിറകെ കാണും. കാഴ്ച്ചയില്‍നിന്ന് ഞങ്ങള്‍ മറയും വരെ അമ്മമ്മ ഉന്താരത്തിന്റെ മുകളില്‍ ഞങ്ങളെ നോക്കിനില്‍ക്കും.