പൊന്നാനി: ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ആരംഭിച്ച പൊന്നാനിയിലെ ആദ്യകാലത്തെ പല ചരക്ക് കടകളിൽ ഒന്നായ എ.വി.ഹൈസ്കൂളിന് സമീപത്തെ കൊല്ലത്ത് പടി വേലായുധന്റെ കട ഇനി ഓർമ്മയിലേക്ക്. 1938 ലാണ് പരേതനായ വേലായുധൻ ഈ കട ആരംഭിക്കുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളും, പച്ചക്കറികളും ഉണക്കമീനും പല വ്യജ്ഞനങ്ങളും അടക്കം ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാം ഇവിടെ നിന്ന് ലഭിക്കുമായിരുന്നു.
കടയ്ക്ക് എതിർവശത്തായി കല്യാണാവശ്യങ്ങൾക്കും സമ്മേളനങ്ങൾക്കും ഉപയോഗിക്കാൻ സ്പീക്കർ സെറ്റുകൾ, കസേരകൾ, മേശ, പെട്രോ മാക്സ്, എന്നിവ വാടകക്ക് നൽകുന്ന ഒരു കടയും അക്കാലത്ത് വേലായുധൻ നടത്തിയിരുന്നു. പൊന്നാനിയിലെ ഇത്തരത്തിലെ ആദ്യത്തെ കടയായിരുന്നു ഇത്. കമലാ ദേവി സൗണ്ട്സ് എന്ന പേരിലായിരുന്നു ഈ കട പ്രവർത്തിച്ചിരുന്നത്. 2008 ൽ വേലായുധൻ മരിച്ചു.1994 മുതൽ വേലായുധന്റെ മകൻ കിഷോർ പിതാവിനെ സഹായിക്കാൻ ഒപ്പം ചേർന്നിരുന്നു.
പൊന്നാനിയിൽ മാളുകളും സൂപ്പർ മാർക്കറ്റുകളും നിലവിൽ വന്നിട്ടും കച്ചവടത്തിന് ഒരു കോട്ടവും തട്ടാതെ കിഷോർ പിതാവ് 87 വർഷം മുൻപ് ആരംഭിച്ച ഈ കട നഷ്ടം തട്ടാതെ നടത്തിക്കൊണ്ട് പോയി. എന്നാൽ കട പൂട്ടിയിറങ്ങുമ്പോൾ കിഷോറിന് നഷ്ടമാണ് കൈമുതലായുള്ളത്. വാടകയ്ക്ക് എടുത്തിരുന്ന കെട്ടിടത്തിൻ്റെ ശോചനീയാവസ്ഥയെ തുടർന്നാണ് കച്ചവടം അവസാനിപ്പിക്കുന്നതെന്നാണ് കിഷോർ പ്രതികരിക്കുന്നത്. കട ഒഴിഞ്ഞതിന് പിന്നാലെ വിറ്റു പോകാത്ത സാധനങ്ങൾ കിഷോർ വീട്ടിലെത്തിച്ച് സൂക്ഷിച്ചിരിക്കുകയാണ്. ശേഷിക്കുന്ന സാധനങ്ങൾക്ക് ആവശ്യമുള്ളവർക്ക് കിഷോറിനെ ബന്ധപ്പെടാം. 9037389503
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം