ബി ടൗണിൽ അബ്രാം ഖുറേഷി vs മാർക്കോ പോരാട്ടം; ടാർഗെറ്റ് 12 കോടി, തകർക്കാനാകുമോ എമ്പുരാന് ?
മലയാള സിനിമ ഇന്ന് ഇന്ത്യയിലൊട്ടാകെ വൻ സ്വീകാര്യതയുള്ള ഇന്റസ്ട്രിയായി മാറി കഴിഞ്ഞു. ഓരോ പുതു സിനിമകളും ഇതര ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നതും അവയ്ക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയും അതിന് തെളിവാണ്. പ്രത്യേകിച്ച് ബോളിവുഡിൽ. ഹിന്ദിയിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എമ്പുരാനാണ്. കേരളത്തിൽ വൻ സ്വീകാര്യത ലഭിച്ച ചിത്രം 200 കോടി ക്ലബ്ബിൽ ഇടംനേടിയെന്ന് ഔദ്യോഗികമായി നിർമാതാക്കൾ അറിയിച്ചിരുന്നു.
മലയാള സിനിമയുടെ ബോക്സ് ഓഫീസിന് എമ്പുരാൻ പുത്തൻ മാനം നൽകുമ്പോഴും ബി ടൗണിൽ അത്രകണ്ട് ശോഭിക്കാൻ ചിത്രത്തിന് സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കളക്ഷനിൽ വേഗത വളരെ കുറവായാണ് കാണപ്പെടുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിൽ 1.9 കോടിയാണ് എമ്പുരാന് നേടാനായതെന്ന് സാക്നിൽക്കിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കഴിഞ്ഞ വർഷം ഹിന്ദിയിലും റിലീസ് ചെയ്ത എആർഎം, ആടുജീവിതം എന്നീ സിനിമകളെ എമ്പുരാൻ മറികടന്നു കഴിഞ്ഞു.
ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ ഹിന്ദി കളക്ഷൻ 80 ലക്ഷം രൂപ ആയിരുന്നു. ആടുജീവിതത്തിന്റേത് 53 ലക്ഷവും. എന്നാൽ എമ്പുരാന് മുന്നിലുള്ളത് കോടികളുടെ ടാർഗെറ്റ് ആണ്. കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത് വൻ ജനശ്രദ്ധപിടിച്ചു പറ്റിയ ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ കളക്ഷനാണത്. റിപ്പോർട്ടുകൾ പ്രകാരം 12 കോടിയാണ് മാർക്കോയുടെ ഹിന്ദി കളക്ഷൻ. മലയാളത്തിന് പുറമെ മാർക്കോയ്ക്ക് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത് ഹിന്ദിയിൽ നിന്നാണെന്ന് നിർമാതാക്കൾ തന്നെ വ്യക്തമാക്കിയിരുന്നു. മാർക്കോയെ എമ്പുരാന് മറികടക്കാൻ വേണ്ടത് 13 കോടിയാണ്. ഇത് മോഹൻലാൽ പടത്തിന് സാധ്യമാവുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.